| Thursday, 16th April 2026, 7:45 am

'സെഞ്ച്വറിയടിച്ച് ക്രുണാല്‍ പാണ്ഡ്യ'; ഐ.പി.എല്‍ ചരിത്രത്തിലെ ആറാമനായും റെക്കോഡ്!

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ തകര്‍പ്പന്‍ വിജയമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ബെംഗളൂരുവിന്റെ വിജയം.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ 146 റണ്‍സായിരുന്നു നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ 29 പന്ത് ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു ബെംഗളൂരു. ഇതോടെ പോയിന്റ് ടേബിളില്‍ ഒന്നാമതെത്താനും ആര്‍.സി.ബിക്ക് സാധിച്ചു.

ആര്‍.സി.ബിക്ക് വേണ്ടി മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ചത് 24 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്ത റാസിഖ് സലാമാണ്. മൂന്ന് വിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാറും തിളങ്ങി. മാത്രമല്ല സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യ രണ്ട് വിക്കറ്റ് നേടി മികച്ച പ്രകടനമാണ് നടത്തിയത്. ഇതോടെ ഒരു തകര്‍പ്പന്‍ മൈല്‍സ്‌റ്റോണ്‍ പിന്നിടാനും ക്രുണാലിന് സാധിച്ചിരിക്കുകയാണ്.

ഐ.പി.എല്ലില്‍ 100 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കാനാണ് ക്രുണാലിന് സാധിച്ചത്. മാത്രമല്ല ടൂര്‍ണമെന്റില്‍ 1000+ റണ്‍സും 100 വിക്കറ്റും നേടുന്ന ആറാമത്തെ താരമായി ക്രുണാല്‍ റെക്കോഡ് സ്വന്തമാക്കി. നിലവില്‍ ഐ.പി.എല്ലില്‍ 119 ഇന്നിങ്‌സില്‍ നിന്ന് 1757 റണ്‍സാണ് ക്രുണാല്‍ നേടിയത്. 86 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്. കൂടാതെ 137 ഇന്നിങ്‌സില്‍ നിന്നാണ് താരം 100 വിക്കറ്റ് നേടുന്നത്.

34 പന്തില്‍ ഒരു സിക്സറും ആറ് ഫോറുകളും അടക്കം 49 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയാണ് ബെംഗളൂരുവിന്റെ ടോപ് സ്‌കോര്‍. ഫിഫ്റ്റിക്ക് ഒരു റണ്‍സ് മാത്രം അകലെ ആവേശ് ഖാന്റെ പന്തില്‍ നിക്കോളാസ് പൂരന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു.

ക്യാപ്റ്റന്‍ രജത് പാട്ടീദാര്‍ 27 റണ്‍സും ജിതേഷ് ശര്‍മ 23 റണ്‍സും നേടി. ടിം ഡേവിഡും റൊമാരിയോ ഷെപ്പെര്‍ഡും പുറത്താകാതെ 14 റണ്‍സ് വീതവും നേടി. ലഖ്നൗവിനായി പ്രിന്‍സ് യാദവ് മൂന്ന് വിക്കറ്റ് നേടി. ആവേശ് ഖാന്‍ രണ്ട് വിക്കറ്റും അക്കൗണ്ടിലാക്കി.

ലഖ്‌നൗവിനായി മിച്ചല്‍ മാര്‍ഷ് 32 പന്തില്‍ 40 റണ്‍സും മുകുള്‍ ചൗദരി 28 പന്തില്‍ 39 റണ്‍സും നേടി മികവ് പുലര്‍ത്തി. ആയുഷ് ബധോണി 24 പന്തില്‍ 38 റണ്‍സും സ്വന്തമാക്കി.

Content Highlight: Krunal Pandya Complete 100 Wickets In IPL

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more