| Sunday, 24th August 2025, 4:44 pm

നെപ്പോകിഡ് അല്ലാത്തവർക്ക് ബോളിവുഡിൽ പിടിച്ച് നിൽക്കുക പ്രയാസം: കൃതി സനോൺ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ വന്ന് ബോളിവുഡിലെ മികച്ച നടിമാരിൽ ഒരാളായി മാറിയ അഭിനേത്രിയാണ് കൃതി സനോൺ. 2014ൽ ഹീറോപന്തി എന്ന ചിത്രത്തിലൂടെയാണ് കൃതി സിനിമകളിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ദിൽവാലെ, ബറേലി കി ബർഫി, ലൂക്ക ചുപ്പി, ഹൗസ്ഫുൾ 4 തുടങ്ങിയ ഹിറ്റുകളിലൂടെ തിരക്കേറിയ നടിയായി മാറാൻ സാധിച്ചു. മിമിയിലെ അഭിനയത്തിന് 2022ൽ ദേശീയ ചലച്ചിത്ര അവാർഡും മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡും അവർ നേടി.

ചെയ്യുന്ന ജോലിയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതിൽ അഭിനിവേശം ഉണ്ടാകുകയും ചെയ്യുന്നെങ്കിൽ മാത്രമാണ് ബോളിവുഡിൽ വിജയിക്കാൻ കഴിയുകയെന്ന് കൃതി സനോൺ പറയുന്നു. ഒന്നും എളുപ്പത്തിൽ വരില്ലെന്നും വെറുതെ ആഹാരം കിട്ടില്ലെന്നും കൃതി പറഞ്ഞു. ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.

‘സിനിമയിൽ നിലനിൽക്കാൻ വേണ്ടി കഠിനാധ്വാനം ചെയ്യണം. ഏറ്റവും പ്രധാനം തളർന്ന് പോകരുത് എന്നാണ്. നിങ്ങളുടെ സ്വപ്നം ഉപേക്ഷിക്കരുത്. പുറത്ത് നിന്ന് വന്നൊരാൾക്ക് ബോളിവുഡിൽ പിടിച്ച് നിൽക്കാൻ നല്ല പ്രയാസമാണ്. സിനിമാ പാരമ്പര്യം ഇല്ലാത്ത കുടുംബത്തിൽ നിന്ന് വരുന്നതുകൊണ്ട് തന്നെ എല്ലാത്തിനും നല്ല സമയമെടുക്കും.

ആരും നിങ്ങൾക്ക് ഒന്നും തളികയിൽ കൊണ്ടുവന്ന് തരില്ല. എന്തുകൊണ്ടാണ് അതെല്ലാം എനിക്ക് സംഭവിക്കുന്നത്, എനിക്ക് മാത്രം എന്തുകൊണ്ട് ഇതിനൊന്നും കഴിയുന്നില്ല, ഞാൻ ശരിയായ വഴിയിലൂടെയാണോ സഞ്ചരിക്കുന്നത് തുടങ്ങിയ നിരവധി ചോദ്യങ്ങൾ നമ്മുടെ ഉള്ളിൽ വന്നുകൊണ്ടിരിക്കും. എന്നാൽ അതിൽ ഒന്നും തളരാതെ മുന്നോട്ട് പോകണം,’ കൃതി സനോൺ പറഞ്ഞു.

തനിക്ക് ഉയരം കൂടുതൽ ഉള്ളതുകൊണ്ടും മെലിഞ്ഞ ശരീര പ്രകൃതം ആയതുകൊണ്ടും ആദ്യമെല്ലാം തന്നെ സിനിമയിൽ എടുക്കുമോയെന്ന ഭയം തനിക്കുണ്ടായിരുന്നുവെന്ന് നടി കൂട്ടിച്ചേർത്തു. എന്നാൽ എന്ത് ചെയ്യരുത്, എന്തൊക്കെ നിങ്ങൾക്ക് പറ്റില്ല എന്ന് പറയേണ്ടത് നിങ്ങൾ തന്നെയാണെന്നും കൃതി പറഞ്ഞു.

Content Highlight: Kriti Sanon says it’s difficult for non-Nepo kids to hold their own in Bollywood

We use cookies to give you the best possible experience. Learn more