| Friday, 12th December 2025, 12:40 pm

തമിഴില്‍ ചെയ്തത് മൂന്ന് സിനിമകള്‍, ഒന്നുപോലും റിലീസായിട്ടില്ല, ചര്‍ച്ചയായി കൃതി ഷെട്ടിയുടെ തമിഴ് അരങ്ങേറ്റം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചുരുങ്ങിയ സമയം കൊണ്ട് സൗത്ത് ഇന്ത്യയിലെ സെന്‍സേഷനായി മാറിയ നടിയാണ് കൃതി ഷെട്ടി. തെലുങ്ക് ചിത്രം ഉപ്പെനയിലൂടെയാണ് കൃതി സിനിമാലോകത്തേക്ക് കടന്നുവന്നത്. ആദ്യചിത്രത്തിലെ പ്രകടനം തന്നെ ശ്രദ്ധേയമായിരുന്നു. പിന്നീട് തെലുങ്കിലെ മുന്‍നിര സിനിമകളില്‍ കൃതി നിറഞ്ഞുനിന്നു. തെലുങ്കിന് പുറമെ തമിഴിലും മലയാളത്തിലും താരം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

കൃതിയുടെ തമിഴ് അരങ്ങേറ്റമാണ് സിനിമാപേജുകളിലെ ചര്‍ച്ച. 2023 മുതല്‍ തമിഴ് സിനിമയുടെ ഭാഗമാണ് കൃതി ഷെട്ടി. എന്നാല്‍ താരം ഭാഗമായ തമിഴ് ചിത്രങ്ങള്‍ ഒന്നുപോലും ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ഈ വര്‍ഷം ഷൂട്ട് പൂര്‍ത്തിയായ രണ്ട് സിനിമകള്‍ അവസാന നിമിഷം റിലീസ് മാറ്റുകയായിരുന്നു.

കാര്‍ത്തി നായകനായ വാ വാധ്യാറാണ് കൃതിയുടെ തമിഴ് അരങ്ങേറ്റ ചിത്രം. മാര്‍ച്ചില്‍ ഷൂട്ട് പൂര്‍ത്തിയായ ചിത്രം മേയില്‍ റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ റിലീസ് നീണ്ടുപോവുകയും ഡിസംബറിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ റിലീസിന് ഒരുദിവസം മുമ്പ് കോടതി ഇടപെട്ട് റിലീസ് തടയുകയും ചെയ്തു. നിര്‍മാതാവിന്റെ സാമ്പത്തിക ബാധ്യതയാണ് റിലീസ് മാറ്റിവെക്കലിന് പിന്നില്‍.

വാ വാധ്യാറിനൊപ്പം കൃതി ഭാഗമായ മറ്റൊരു സിനിമയും ഡിസംബറില്‍ റിലീസ് ചെയ്യേണ്ടതായിരുന്നു. പ്രദീപ് രംഗനാഥന്‍ നായകനാവുന്ന ലവ് ഇന്‍ഷുറന്‍സ് കമ്പനി ഡിസംബര്‍ 18നായിരുന്നു റിലീസ് പ്രഖ്യാപിച്ചത്. എന്നാല്‍ വി.എഫ്.എക്‌സ് വര്‍ക്കുകള്‍ പൂര്‍ത്തിയാകാത്തതിനാല്‍ റിലീസ് മാറ്റിവെക്കേണ്ടി വന്നു.

2024ല്‍ ഷൂട്ട് ആരംഭിച്ച ചിത്രം ഇടക്ക് നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. ഈ വര്‍ഷം ദീപാവലിക്ക് റിലീസ് ചെയ്യാന്‍ അണിയറപ്രവര്‍ത്തകര്‍ തയാറെടുത്തതായിരുന്നു. എന്നാല്‍ പ്രദീപിന്റെ മറ്റൊരു ചിത്രമായ ഡ്യൂഡും ദീപാവലി റിലീസായി എത്തുന്നതിനാല്‍ എല്‍.ഐ.കെ ഡിസംബറിലേക്ക് റിലീസ് മാറ്റുകയായിരുന്നു. 2026 വാലന്റൈന്‍സ് ഡേ റിലീസാണ് നിലവില്‍ അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യം വെക്കുന്നത്.

ഇതോടൊപ്പം രവി മോഹന്‍ നായകനാകുന്ന ജീനിയും കൃതിയുടെ ലൈനപ്പിലുണ്ട്. 2023ല്‍ അനൗണ്‍സ് ചെയ്ത ചിത്രത്തിന്റെ ഷൂട്ട് ഇനിയും ബാക്കിയാണ്. കൃതി ഷെട്ടിയും കല്യാണി പ്രിയദര്‍ശനും നായികമാരായെത്തുന്ന ചിത്രത്തിലെ ആദ്യ ഗാനം സിനിമാലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. അരങ്ങേറ്റ ചിത്രം തിയേറ്ററുകളിലെത്താന്‍ വൈകിയാലും കൃതി തന്റെ പെര്‍ഫോമന്‍സ് കൊണ്ട് ആരാധകരെ ഞെട്ടിക്കുമെന്നാണ് കണക്കകൂട്ടല്‍.

Content Highlight: Krithy Shetty’s Tamil debut discussing in social media

We use cookies to give you the best possible experience. Learn more