ആദ്യ വീക്കെന്‍ഡ് അവസാനിച്ചപ്പോള്‍ തന്നെ 50 കോടി ക്ലബ്ബില്‍ ഇടം നേടി ചരിത്രം രചിച്ചിരിക്കുകയാണ് വാഴ 2. പുതുമുഖ നടന്മാരും സംവിധായകരും ഒന്നിച്ച ചിത്രം ഈ വര്‍ഷം മോളിവുഡിലെ അടുത്ത് 100 കോടി ചിത്രമായി മാറുമെന്നാണ് ട്രാക്കര്‍മാര്‍ കണക്കുകൂട്ടുന്നത്. ആദ്യഭാഗത്തിന്റെ അതേ ട്രീറ്റമെന്റിലൂടെയാണ് രണ്ടാം ഭാഗത്തിന്റെയും കഥ മുന്നോട്ടുപോകുന്നത്.
ചിരിയും ഇമോഷനും കൃത്യമായി ചേര്‍ത്തുകൊണ്ടാണ് സംവിധായകന്‍ ചിത്രമൊരുക്കിയത്. ആദ്യ ഭാഗത്തില്‍ കോമഡിയുടെ മാലപ്പടക്കം തീര്‍ക്കുന്ന നിരവധി സീക്വന്‍സുകള്‍ വാഴ 2ലുണ്ട്. അതിലൊന്നാണ് ആദ്യ പകുതിയിലെ തിയേറ്റര്‍ സീന്‍. മോഹന്‍ലാലിന്റെ ലൂസിഫര്‍ എന്ന ചിത്രം കാണാനായി ഹാഷിറും ഗ്യാങ്ങും തിയേറ്ററിലെത്തുന്നിടത്ത് അമീനും ഗ്യാങ്ങുമായുള്ള വഴക്ക് കൂടുന്നതുമെല്ലാം പ്രേക്ഷകരില്‍ ചിരി പടര്‍ത്തി.
അമീന്‍ തന്റെ സ്ഥിരം ശൈലിയിലുള്ള ഡയലോഗ് ഡെലിവറി കൊണ്ട് ചിരി പടര്‍ത്തിയപ്പോള്‍ അധികം ഡയലോഗൊന്നുമില്ലാതെ ചിരിപ്പിച്ച നടനാണ് കൃഷ്ണപ്രസാദ്. തിയേറ്ററില്‍ അടിയുണ്ടാക്കിയവരെ നിയന്ത്രിക്കാന്‍ വേണ്ടിയെത്തിയ പൊലീസായാണ് കൃഷ്ണപ്രസാദ് വേഷമിട്ടത്. തിയേറ്ററില്‍ തിരക്കുള്ള സമയത്ത് കാണുന്നവരെയെല്ലാം തല്ലുന്ന സ്ഥിരം പൊലീസുകാരന്മാരിലൊരാളെ കൃഷ്ണപ്രസാദിന്റെ കഥാപാത്രത്തില്‍ കാണാന്‍ സാധിച്ചു.
എന്നാല്‍ ഹാഷിറും അമീനുമെല്ലാം ഓരോ കൗണ്ടറുകള്‍ അടിക്കുമ്പോള്‍ നിസാഹയനായി നില്‍ക്കാന്‍ മാത്രമേ ഈ പൊലീസിന് സാധിക്കുന്നുള്ളൂ. ഒടുവില്‍ തെറിവിളിയുടെ ഇടയില്‍ ലൈറ്റ് തെളിയുന്ന ഭാഗം അക്ഷരാര്‍ത്ഥത്തില്‍ തിയേറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റി. പൊലീസ് തന്നെ പിടിക്കുമെന്ന് ഉറപ്പായ സമയത്ത് അമീന്റെ ഡയലോഗ് ചിരിയുടെ മാലപ്പടക്കത്തിന് തിരി തെളിയിച്ചു.
തൊട്ടടുത്ത സീനില്‍ സൗണ്ട് മോഡുലേഷന്‍ മാറ്റിക്കൊണ്ടുള്ള ‘കാവലാണ് കാക്കി, അത് മറക്കരുത്’ എന്ന് പറയുന്ന ഭാഗമെല്ലാം ഈയടുത്ത് ഏറെ ചിരിപ്പിച്ച ഡയലോഗുകളിലൊന്നായി മാറി. ജെന്‍ സീ പ്രേക്ഷകര്‍ക്ക് ഏറെ കണക്ടാകുന്ന ഡയലോഗുകളാണ് ഈ ഭാഗത്ത് ഉപയോഗിച്ചിരിക്കുന്നത്. എല്ലാം കൃത്യമായി വര്‍ക്കാവുകയും ചെയ്തു.
വര്‍ഷങ്ങളായി സിനിമാ ഫീല്‍ഡില്‍ ഉണ്ടായിട്ടും എടുത്തുപറയാന്‍ തക്ക വേഷം ലഭിക്കാത്ത ചില ആര്‍ട്ടിസ്റ്റുകളെ അടയാളപ്പെടുത്തിയ ചിത്രം കൂടിയാണ് വാഴ 2. ഒരുകാലത്ത് മലയാളത്തിലെ സ്ഥിരം കല്യാണ ചെറുക്കന്റെ വേഷത്തില്‍ ടൈപ്കാസ്റ്റ് ചെയ്യപ്പെട്ട കൃഷ്ണപ്രസാദിനെ ഇന്നത്തെ പ്രേക്ഷകര്‍ അറിയുന്നത് മറ്റൊരു കഥാപാത്രത്തിന്റെ പേരിലാണ്. ചാവേര്‍പ്പടയിലെ ബാദുഷാ ഖാന്‍ എന്ന കഥാപാത്രം സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മെറ്റീരിയലായി മാറിയ ഒന്നായിരുന്നു.
എന്നാല്‍ വാഴ 2ലൂടെ കരിയറിലെ മികച്ച വേഷങ്ങളിലൊന്ന് താരത്തിന് ലഭിച്ചിരിക്കുകയാണ്. കൃഷ്ണപ്രസാദിന് മാത്രമല്ല, ബിജുക്കുട്ടന്‍, വിനോദ് കെടാമംഗലം, കണ്ണന്‍ സാഗര്‍ തുടങ്ങി നിരവധി ആര്‍ട്ടിസ്റ്റുകള്‍ക്ക് ശ്രദ്ധേയമായ വേഷമാണ് വാഴ 2ല്‍ ലഭിച്ചത്.
Content Highlight: Krishnaprasad’s police character in Vaazha 2 movie
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ