| Wednesday, 17th June 2026, 5:30 pm

അതിലൊരു ഡയറക്ടർ ബ്രില്യൻസ് ഇല്ല, 4 ഷോ കൂടുതൽ കിട്ടാനാണ് അങ്ങനെ ചെയ്തത്: കൃഷ്ണദാസ് മുരളി

കെ.എസ് ഷാബിന

കൃഷ്ണദാസ് മുരളിയുടെ സംവിധാനത്തിൽ സൈജു കുറുപ്പ് നായകനായി എത്തിയ പക്കാ ഡാർക്ക് ഹ്യൂമർ ചിത്രമാണ് ‘ഭരതനാട്യം 2 മോഹിനിയാട്ടം’. തിയേറ്ററുകളിൽ ലഭിച്ചതിനേക്കാൾ മികച്ച പ്രതികരണമാണ് ഒ.ടി.ടി റിലീസിന് ശേഷം ഈ ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

കേവലം ഒരു സിനിമ എന്നതിലുപരി, മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് മുഹൂർത്തങ്ങളെയും ഡയലോഗുകളെയും അതിമനോഹരമായി കോർത്തിണക്കിയ ഒരു ‘ബ്രില്യന്റ് റഫറൻസ് മൂവി’ എന്നാണ് ആരാധകർ ഇതിനെ വിശേഷിപ്പിച്ചത്.

ഭരതനാട്യം 2 മോഹിനിയാട്ടം.Photo:Onmanorama

സംവിധായകൻ മനപൂർവം ഉൾപ്പെടുത്തിയതിനേക്കാൾ കൂടുതൽ സിനിമാ റഫറൻസുകൾ പ്രേക്ഷകർ ഇതിൽ നിന്നും കണ്ടെത്തി എന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. എന്നാൽ, ഇതിലെ പല റഫറൻസുകളും താൻ മനപൂർവം ഉൾപ്പെടുത്തിയതല്ല എന്ന് സംവിധായകൻ നേരത്തെ തുറന്നു പറഞ്ഞിരുന്നു.

ഈ ചിത്രം രണ്ട് ആസ്‌പെക്ട് റേഷ്യോകളിലാണ് തിയേറ്ററുകളിൽ എത്തിച്ചിരുന്നത്. അതിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തുകയാണ് ഇപ്പോൾ സംവിധായകൻ കൃഷ്ണദാസ് മുരളി. ‘ദി റൂം’ എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സംസാരിച്ചത്.

ഭരതനാട്യം 2 മോഹിനിയാട്ടം.Photo:Onmanorama

‘സിനിമയിൽ രണ്ട് അസ്‌പെക്ട് റേഷ്യോകൾ ഉപയോഗിച്ചതിന് പിന്നിൽ വലിയ മാജിക്കോ ഭയങ്കരമായ ‘ഡയറക്ടർ ബ്രില്ല്യൻസോ’ ഒന്നുമില്ല. ചില തിയേറ്ററുകളിൽ അവരുടെ പ്രത്യേക അസ്‌പെക്ട് റേഷ്യോയിലുള്ള ചിത്രങ്ങൾക്ക് മുൻഗണന നൽകാറുണ്ട്. നമ്മുടെ സിനിമയ്ക്ക് തിയേറ്ററുകളിൽ ഷോകൾ കുറഞ്ഞുപോകാതിരിക്കാനും, പരമാവധി ഷോകൾ ഉറപ്പാക്കാനുമുള്ള ഒരു ചെറിയ തന്ത്രം മാത്രമായിരുന്നു അത്.

പല വമ്പൻ ചിത്രങ്ങളോടും മത്സരിച്ച് തിയേറ്ററുകളിൽ പിടിച്ചുനിൽക്കുക എന്നത് എളുപ്പമല്ല. അതുകൊണ്ട്, ഈ റേഷ്യോയിൽ സിനിമ എത്തിച്ചാൽ ആ സ്ക്രീനുകളിൽ ചുരുങ്ങിയത് ഒരു നാല് ഷോ എങ്കിലും അധികം കിട്ടുമെന്ന പ്രതീക്ഷയിലാണ് അങ്ങനെ ചെയ്തത്. ഫ്ലാറ്റ് റേഷ്യോയിൽ സിനിമ കാണുന്ന അനുഭവം മറ്റൊന്നു തന്നെയാണ്. എങ്കിലും, വലിയ മത്സരങ്ങൾക്കിടയിൽ നമ്മുടെ സിനിമയ്ക്ക് അർഹമായ ഇടം നേടുക എന്നതായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം.’ കൃഷ്ണദാസ് മുരളിപറയുന്നു.

Content Highlight : Krishnadas Murali talks about mohiniyattam movie

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more