| Monday, 15th June 2026, 7:20 pm

ഒരു മതത്തെയും മോശമാക്കിയിട്ടില്ല, ചൂഷണം ചെയ്യുന്നവരെ മാത്രമാണ് സിനിമയിൽ കാണിച്ചത്: കൃഷ്ണദാസ് മുരളി

കെ.എസ് ഷാബിന

കൃഷ്ണദാസ് മുരളിയുടെ സംവിധാനത്തിൽ സൈജു കുറുപ്പ് നായകനായെത്തിയ പക്കാ ഡാർക്ക് ഹ്യൂമർ ചിത്രമാണ് ‘ഭരതനാട്യം 2 മോഹിനിയാട്ടം’. ബിഗ്‌സ്‌ക്രീനിൽ ലഭിച്ചതിനേക്കാൾ മികച്ച പ്രതികരണമായിരുന്നു ഒ.ടി.ടിയിൽ എത്തിയപ്പോൾ ചിത്രം നേടിയത്.

കേവലം ഒരു സിനിമ എന്നതിലുപരി, മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് മുഹൂർത്തങ്ങളെയും ഡയലോഗുകളെയും അതിമനോഹരമായി കോർത്തിണക്കിയ ഒരു ‘ബ്രില്യന്റ് റഫറൻസ് മൂവി’ എന്നാണ് ആരാധകർ ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.

ഭരതനാട്യം 2 മോഹിനിയാട്ടം.Photo:Telugu OTTT Release

വിശ്വാസങ്ങളുടെ പേരിൽ ജനങ്ങളെ പറ്റിക്കുകയും അന്ധവിശ്വാസങ്ങളെ ചൂഷണം ചെയ്യുകയും ചെയ്യുന്ന ഒരു കൂട്ടം ആളുകളുടെ ജീവിതമാണ് സിനിമയുടെ പ്രമേയം. എന്നാൽ ചിത്രം ഹൈന്ദവ മതത്തെ മോശമായി ചിത്രീകരിക്കുന്നു എന്ന രീതിയിലുള്ള ചില വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. ഇപ്പോഴിതാ ഈ വിമർശനങ്ങൾക്ക് വ്യക്തമായ മറുപടി നൽകുകയാണ് സംവിധായകൻ കൃഷ്ണദാസ് മുരളി.

ഒരു മതത്തെയും തങ്ങൾ മോശമായി ചിത്രീകരിച്ചിട്ടില്ലെന്നും, ജനങ്ങളിലെ അന്ധവിശ്വാസങ്ങളെ കാണിക്കാനും അവരെ ചൂഷണം ചെയ്യുന്നവരെ തുറന്നുകാട്ടാനുമാണ് സിനിമയിലൂടെ ശ്രമിച്ചതെന്നും കൃഷ്ണദാസ് പറയുന്നു. ‘ദി റൂം’ എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഭരതനാട്യം 2 മോഹിനിയാട്ടം.Photo:Screengrab/Youtube

‘സിനിമ ഇറങ്ങിക്കഴിഞ്ഞാൽ ആളുകൾ പലതും പറയുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. എന്നാൽ സൂക്ഷ്മമായി നിരീക്ഷിച്ചാൽ മനസ്സിലാക്കാവുന്ന കാര്യങ്ങൾ മാത്രമേ സിനിമയിലുള്ളൂ. നമ്മൾ ഇതിൽ ഒരു മതത്തെയോ വിശ്വാസത്തെയോ മോശമായി പറയുന്നില്ല. ജനങ്ങളെ ചൂഷണം ചെയ്യാൻ നോക്കുന്ന ഒരു കൂട്ടം ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട്, അത് എല്ലാ വിഭാഗത്തിലുമുണ്ട്. അങ്ങനെയുള്ളവരെ മാത്രമാണ് ഞങ്ങൾ കാണിച്ചിട്ടുള്ളത്. അല്ലാതെ അമ്പലം മോശമാണെന്നൊന്നും പറയുന്നില്ല.

കുറച്ചപ്പുറം മാറി ഒറിജിനൽ ദൈവത്തോട് പ്രാർത്ഥിച്ചപ്പോഴാണ് മനസ്സമാധാനമുണ്ടായത്” എന്ന് സിനിമയിൽ സൈജു കുറുപ്പിന്റെ കഥാപാത്രം തന്നെ പറയുന്നുണ്ട്’. അപ്പോൾ യഥാർത്ഥ വിശ്വാസം അവിടെയുണ്ട്, ഇവർ നടത്തുന്ന ചൂഷണം മാത്രമാണ് പ്രശ്നം. അതിന് ആരെങ്കിലും വാളും പൊക്കിപ്പിടിച്ച് വന്നാൽ ഒന്നും പറയാനില്ല.’ കൃഷ്ണദാസ് മുരളി പറഞ്ഞു.

Content Highlight: Krishnadas murali talks about Bharathanatyam 2 Mohiniyattam

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more