| Thursday, 12th March 2026, 8:00 pm

കോമഡിയില്‍ അസാധ്യ പെര്‍ഫോമന്‍സ് കാഴ്ച്ചവെക്കാന്‍ കഴിയുന്ന നടിയാണ് രജിഷ: കൃഷന്ദ്

ഐറിന്‍ മരിയ ആന്റണി

വൃത്താകൃതിയിലുള്ള ചതുരം എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിക്കുകയും ആവാസവ്യൂഹം, പുരുഷ പ്രേതം എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്ത സംവിധായകനാണ് കൃഷന്ദ്. വ്യത്യസ്തമായ പ്രമേയം ചര്‍ച്ച ചെയ്ത ഇരു ചിത്രങ്ങളും കേരളത്തിന് പുറത്തും വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ആവാസവ്യൂഹം നിരവധി സംസ്ഥാന ദേശീയ പുരസ്‌കാരങ്ങളും സ്വന്തമാക്കി.

കൃഷന്ദിന്റ സംവിധാനത്തില്‍ ഫെബ്രുവരി 27ന് തിയേറ്ററുകളിലെത്തിയ ചിത്രമാണ് മസ്തിഷ്‌ക മരണം. മലയാളത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത സൈബര്‍ പങ്ക് സയന്‍സ്ഫിക്ഷന്‍ ഴോണറിലൊരുങ്ങിയ സിനിമയില്‍ രജിഷ വിജയന്‍, ദിവ്യ പ്രഭ, നിരഞ്ജ് മണിയന്‍പിള്ള രാജു എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തിയത്.

സിനിമയില്‍ ഫ്രീഡ സോമനെന്ന കഥാപാത്രമായാണ് രജിഷ എത്തിയത്. ഇപ്പോള്‍ ഇന്‍ഡിവുഡ് ചാനലുമായുള്ള അഭിമുഖത്തില്‍ രജിഷയെ സിനിമയില്‍ കാസ്റ്റ് ചെയ്തതിനെ കുറിച്ച് സംസാരിക്കുകയാണ് കൃഷന്ദ്. തമാശ കൈകാര്യം ചെയ്യാന്‍ കഴിവുള്ള നടിയാണ് രജിഷയെന്നും മധുര മനോഹര മോഹം കണ്ടിട്ടാണ് താന്‍ രജിഷയെ മസ്തിഷ്‌ക മരണത്തിലേക്ക് കാസ്റ്റ് ചെയ്തതെന്നും കൃഷന്ദ് പറഞ്ഞു.

സിനിമയിലെ ഒരു സീനില്‍, ‘സംസാരിച്ച് നില്‍ക്കാന്‍ സമയം ഇല്ല ചേട്ടാ’ എന്ന് രജിഷയുടെ കഥാപാത്രം പറയുന്നതാണ് ഞാന്‍ സ്‌ക്രിപ്റ്റില്‍ എഴുതിയിരിക്കുന്നത്. എന്നാല്‍ ‘ഞഞ പിഞ്ഞ’ പറഞ്ഞിരിക്കാന്‍ സമയം ഇല്ല എന്ന് പിന്നീട് മാറ്റുകയായിരുന്നു. രജിഷ അങ്ങനെ പറഞ്ഞപ്പോഴേക്കും എനിക്ക് വല്ലാതെ ചിരി വന്നു. കാരണം കോമഡിയില്‍ അസാധ്യ പെര്‍ഫോമന്‍സ് കാഴ്ച്ചവെക്കാന്‍ കഴിയുന്ന നടിയാണ് രജിഷ വിജയന്‍. ബ്രില്ല്യന്‍ഡാണ്.

മധുര മനോഹര മോഹത്തിലെ ആ ഹ്യൂമര്‍ എന്ന എലമെന്റ് കണ്ടപ്പോഴാണ് ഞാന്‍ രജിഷയെ മസ്തിഷ്‌ക മരണത്തിലേക്ക് കാസ്റ്റ് ചെയ്തത്. അതുപോലെ എന്റെ സിനിമയുടെ കളറിസ്റ്റ് അര്‍ജുന്‍ മേനോന്‍ നായിക നായകന്‍ എന്ന പ്രോഗ്രാമിലെ ആന്‍ സലീമിന്റെ പെര്‍ഫോമന്‍സ് കാണിച്ച് തന്നിരുന്നു. ഒരു ബ്യൂട്ടി പാര്‍ലര്‍ എപ്പിസോഡ്, അതിലും ചെറിയ ചെറിയ രസമുള്ള തമാശകള്‍ ഉണ്ടായിരുന്നു. അങ്ങനെയാണ് ആന്‍ സലീമിനെ കാസ്റ്റ് ചെയ്തത്,’ കൃഷന്ദ് പറയുന്നു.

ആദ്യത്തെ തിരക്കഥയില്‍ ചെറിയ വ്യത്യാസങ്ങളുണ്ടായിരുന്നുവെന്നും ഒരോ ദിവസവും കോടതിയിലേക്ക് അവര്‍ വരുന്നത്, വ്യത്യസ്ത സിനിമാ സെറ്റുകളില്‍ നിന്നായിരുന്നുവെന്നും കൃഷന്ദ് പറഞ്ഞു. തന്റെ എഴുത്തില്‍ അങ്ങനെയായിരുന്നുവെന്നും ഒരു സൈ ഫൈ സിനിമയുടെ സെറ്റില്‍ നിന്നാണ് എല്ലാവരും വരുന്നെതങ്കില്‍ ആ കഥാപാത്രത്തില്‍ തന്നെയായിരിക്കും അവര്‍ ഉണ്ടായിരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗഗനചാരി എന്ന സിനിമയ്ക്ക് ശേഷം അജിത്ത് വിനായക ഫിലിംസും കൃഷന്ദ് ഫിലിംസും ചേര്‍ന്ന് അവതരിപ്പിച്ച സിനിമയുടെ എഡിറ്റ്ങ് കൈകാര്യം ചെയ്തിരിക്കുന്നത് കൃഷന്ദ് തന്നെയാണ്.

Content Highlight: Krishand says  Rajisha Vijayan  can deliver impossible performances in comedy 

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more