| Thursday, 7th August 2025, 8:59 am

സയന്‍സ് ഫിക്ഷനല്ല, മോഹന്‍ലാലുമൊത്തുള്ള ചിത്രത്തിന്റെ ഴോണര്‍ വെളിപ്പെടുത്തി കൃഷന്ദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തുടര്‍പരാജയങ്ങള്‍ക്ക് ശേഷം വിജയത്തിന്റെ ട്രാക്കിലേക്ക് തിരിച്ചെത്തിയ മോഹന്‍ലാലിനെയാണ് ഈ വര്‍ഷം കാണാന്‍ സാധിച്ചത്. ഇന്‍ഡസ്ട്രിയിലെ സകല റെക്കോഡുകളെല്ലാം ഒന്നുവിടാതെ സ്വന്തമാക്കിയാണ് മോഹന്‍ലാല്‍ തന്റെ സിംഹാസനം തിരികെ പിടിച്ചത്. യുവസംവിധായകനായ തരുണ്‍ മൂര്‍ത്തിയോടൊപ്പം മോഹന്‍ലാല്‍ ചെയ്ത തുടരും ചരിത്രവിജയമായിരുന്നു സ്വന്തമാക്കിയത്.

തുടരുമിന് പിന്നാലെ യുവസംവിധായകരുമായി മോഹന്‍ലാല്‍ കൂടുതല്‍ പ്രൊജക്ടുകള്‍ ചെയ്യുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. താരത്തിന്റെ ലൈനപ്പില്‍ ഏറ്റവുമധികം ഉയര്‍ന്നുകേട്ട പേരായിരുന്നു കൃഷാന്ദിന്റേത്. നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജു ഈ പ്രൊജക്ട് നിര്‍മിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മണിയന്‍പിള്ള രാജു ഇക്കാര്യം പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തു.

ഇപ്പോഴിതാ മോഹന്‍ലാലുമൊത്തുള്ള പ്രൊജക്ടിനെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ കൃഷന്ദ് പങ്കുവെച്ച വാക്കുകളാണ് ചര്‍ച്ച. ചിത്രത്തിന്റെ ഴോണര്‍ ഏതാണെന്നും സൈ- ഫൈ ആണോ എന്നുമുള്ള ചോദ്യത്തിന് സംവിധായകന്‍ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയെ ആവേശത്തിലാക്കി. സയന്‍സ് ഫിക്ഷന്‍ അല്ലെന്നും കോമഡി- ഡിറ്റക്ടീവ് ഴോണറിലുള്ളതാണെന്നുമായിരുന്നു കൃഷന്ദ് പറഞ്ഞത്.

പ്രൊജക്ട് ഫൈനലൈസ് ആയിട്ടില്ലെന്നും കുറച്ച് സിറ്റിങ് ബാക്കിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാലിന്റെ ‘എന്താ മോനേ’ എന്ന സോണിലേക്ക് താന്‍ ഇതുവരെ എത്തിയിട്ടില്ലെന്നും എന്നാല്‍ കഥ പറയാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും മറ്റൊരാളുടെ ചോദ്യത്തിന് മറുപടിയായി കൃഷന്ദ് പറഞ്ഞു. ‘സിനിമയാണ്, എന്തുവേണമെങ്കിലും മാറാം’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോഹന്‍ലാല്‍ എന്ന നടനെ കൃഷന്ദിനെപ്പോലൊരു സംവിധായകന്‌റെ കൈയില്‍ കിട്ടുമ്പോള്‍ മികച്ചൊരു സിനിമയില്‍ കുറഞ്ഞതൊന്നും സിനിമാപ്രേമികള്‍ ആഗ്രഹിക്കുന്നില്ല. വെറുമൊരു കോമഡി സിനിമ എന്നതിലുപരി വ്യത്യസ്തമായൊരു സിനിമാനുഭവമാകും ഈ പ്രൊജക്ടെന്നാണ് ഓരോരുത്തരും പ്രതീക്ഷിക്കുന്നത്.

കരിയറില്‍ ഇതുവരെ ചെയ്ത സിനിമകളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമാക്കിയ സംവിധായകനാണ് കൃഷന്ദ്. ഷോര്‍ട് ഫിലിമുകളിലൂടെ സിനിമാലോകത്തേക്കെത്തിയ കൃഷന്ദ്, രണ്ടാമത്തെ ചിത്രമായ ആവാസവ്യൂഹത്തിലൂടെ അന്താരാഷ്ട്ര ശ്രദ്ധ നേടി. സംസ്ഥാന അവാര്‍ഡില്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടിയാണ് കൃഷന്ദ് തന്റെ റേഞ്ച് വ്യക്തമാക്കിയത്. അടുത്ത ചിത്രമായ പുരുഷപ്രേതം മേക്കിങ് കൊണ്ടും കഥപറച്ചിലിലെ വ്യത്യസ്തത കൊണ്ടും മികച്ചുനിന്നു.

Content Highlight: Krishand reveals the genre of the project he is working with Mohanlal

We use cookies to give you the best possible experience. Learn more