സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മസ്തിഷ്‌കമരണം. ചെയ്യുന്ന ഓരോ സിനിമയും പ്രേക്ഷകന് വ്യത്യസ്ത അനുഭവം സമ്മാനിക്കുന്ന കൃഷന്ദാണ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. മസ്തിഷ്‌കമരണത്തിന്റെ ഓരോ അപ്‌ഡേറ്റും സിനിമാപേജുകളില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. സൈബര്‍പങ്ക് ഴോണറിലാണ് ചിത്രം ഒരുങ്ങുന്നത്.
ചിത്രത്തില്‍ രജിഷ വിജയനും സഞ്ജു ശിവറാമും ഒന്നിച്ച ‘കോമള താമര’ എന്ന ഗാനം ഒരുപാട് ചര്‍ച്ചകള്‍ക്ക് വഴിവെച്ച ഒന്നായിരുന്നു. കരിയറിന്റെ തുടക്കത്തില്‍ ഐറ്റം ഡാന്‍സ് ചെയ്യില്ലെന്ന് പറഞ്ഞ രജിഷ ഈ ഗാനരംഗത്തില്‍ ഐറ്റം ഡാന്‍സ് ചെയ്തത് ചര്‍ച്ചയായി. കഥ ആവശ്യപ്പെടുന്നതുകൊണ്ടാണ് താനത് ചെയ്തതെന്ന് രജിഷ പിന്നീട് വ്യക്തമാക്കിയിരുന്നു.
കൃഷന്ദ് Photo: Screen grab/ Cue Studio
ഇപ്പോഴിതാ രജിഷയെ അത്തരമൊരു ഗാനരംഗം ചെയ്യാന്‍ ഓക്കെയാക്കിയതിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ കൃഷന്ദ്. ഈ ഡാന്‍സ് ചെയ്യാമോ എന്ന് ചോദിച്ച് താന്‍ രജിഷയുടെ പിന്നാലെ നടന്നതല്ലെന്ന് കൃഷന്ദ് പറഞ്ഞു. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ദി മലബാര്‍ ജേര്‍ണലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അവരുടെ പൊളിറ്റിക്‌സിനെക്കുറിച്ച് എനിക്ക് ബോധ്യമുണ്ടായിരുന്നു. കഥ പറയുന്ന സമയത്ത് തന്നെ ഇങ്ങനെയൊരു കാര്യം സിനിമയിലുണ്ട് എന്ന് രജിഷയോട് സൂചിപ്പിച്ചു. അവര് അതില്‍ കംഫര്‍ട്ടബിളാണോ എന്ന് ചോദിച്ചു. സ്‌ക്രിപ്റ്റ് മുഴുവന്‍ അയച്ചുതരാന്‍ പറഞ്ഞപ്പോള്‍ അതും കൊടുത്തു. സ്‌ക്രിപ്റ്റ് വായിച്ചശേഷം അത് കഥയുടെ ഭാഗമാണെന്ന് രജിഷക്ക് മനസിലായി.
രജിഷ വിജയന്‍ Photo: IMDB
രജിഷയെ കണ്‍വിന്‍സ് ചെയ്തു എന്ന് പറയുന്നതിനെക്കാള്‍ അതാണ് സിനിമയുടെ സ്‌ക്രിപ്റ്റ്, അതിന് ഇത്തരം കാര്യങ്ങള്‍ ആവശ്യമുണ്ട് എന്ന എഗ്രിമെന്റില്‍ ഞങ്ങളെത്തിയതാണ്. ഈ സ്‌ക്രിപ്റ്റ് വായിക്കുമ്പോള്‍ അതില്‍ ഇങ്ങനെയൊരു കാര്യം ചെയ്യേണ്ടിവരും എന്ന് മനസിലാക്കാനുള്ള ബ്രെയിന്‍ സ്‌പെയ്‌സ് ഉള്ളതുകൊണ്ട് അവര്‍ അത് ചെയ്തു എന്ന് മാത്രം,’ കൃഷന്ദ് പറയുന്നു.
ഭാവിയില്‍ സെറ്റ് ചെയ്ത കഥയാണ് മസ്തിഷ്‌ക മരണത്തിന്റേത്. രജിഷക്ക് പുറമെ നിരഞ്ജ് മണിയന്‍പിള്ള രാജു, സഞ്ജു ശിവറാം, ദിവ്യപ്രഭ, ജഗദീഷ്, രാഹുല്‍ രാജഗോപാല്‍, വിഷ്ണു അഗസ്ത്യ, നന്ദു, സുരേഷ് കൃഷ്ണ തുടങ്ങി വന്‍ താരനിര അണിനിരക്കുന്നുണ്ട്. അജിത് വിനായക ഫിലിംസ് നിര്‍മിക്കുന്ന ചിത്രം ഫെബ്രുവരി 27ന് തിയേറ്ററുകളിലെത്തും.
Content Highlight: Krishand explains how Rajisha Viajyan convinced to do the song in Masthishka Maranam movie