| Saturday, 7th March 2026, 6:00 pm

എല്ലാവരും സിനിമയിലെ ഒരു ക്ലിപ്പ് വെച്ച് അവരെ ജഡ്ജ് ചെയ്തു; ദിവ്യ പ്രഭ ശരിക്കും ഇന്റര്‍നാഷണല്‍ സ്റ്റാര്‍: കൃഷന്ദ്

ഐറിന്‍ മരിയ ആന്റണി

മേക്കിങ് കൊണ്ടും കഥപറച്ചിലിന്റെ രീതി കൊണ്ടും മലയാളസിനിമയില്‍ ശ്രദ്ധേയനായ സംവിധായകനാണ് കൃഷന്ദ്. ആദ്യചിത്രമായ വൃത്താകൃതിയിലുള്ള ചതുരം കൊണ്ട് അത് പ്രേക്ഷകര്‍ക്ക് തെളിയിച്ചതുമാണ്. പിന്നാലെയെത്തിയ ആവാസവ്യൂഹം, പുരുഷ പ്രേതം എന്നിവ നിരൂപകര്‍ക്കിടയിലും ചര്‍ച്ചാവിഷയമായി.
ഇപ്പോള്‍ കൃഷന്ദിന്റേതായി തിയേറ്ററുകളിലെത്തിയ മസ്തിഷ് മരണം മികച്ച രീതിയില്‍ മുന്നേറുകയാണ്.

സൈബര്‍ പങ്ക് ഴോണറിലൊരുങ്ങിയ സിനിമയില്‍ രജിഷ വിജയന്‍, നിരഞ്ജ് തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിലെത്തിയത്. സിനിമയില്‍ ദിവ്യ പ്രഭയും ഒരു പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഇപ്പോള്‍ ഇന്‍ഡിവുഡ് ചാനലുമായുള്ള അഭിമുഖത്തില്‍ ദിവ്യ പ്രഭ ഒരു ഇന്റര്‍നാഷണല്‍ സ്റ്റാറാണെന്ന് കൃഷന്ദ് പറയുന്നു.

‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രം കാനില്‍ പോയി വിജയിച്ച സിനിമയാണ്. അതൊരു ചെറിയ കാര്യമല്ല. ഇവിടുത്തെ ഏതൊരു ഫിലിം സ്‌കൂളില്‍ പോയി ചോദിച്ചാലും കാനില്‍ പോയി ഒരു സിനിമ വിജയിക്കുന്നതാണ് കുറച്ച് കൂടി മുന്‍തൂക്കമുള്ളത്. അതിന് മുകളിലോട്ട് ഒന്നുമില്ല. ഓസ്‌കാര്‍ പോലും അങ്ങനെയല്ല. ഓസ്‌കാറിന് എപ്പോഴും ഒരു കമ്മിറ്റി ഉണ്ട്, പൈസയും ഫണ്ടിങ്ങുമൊക്കെ വേണം.

ഓസ്‌കാറിന് കുറെ ബാക്ക് സൈഡുണ്ട്. പക്ഷേ കാന്‍ ചിലച്ചിത്രമേള അങ്ങനെയല്ല. അവിടെ പോയി ജയിച്ച ഒരു സിനിമയിലെ ആര്‍ട്ടിസ്റ്റാണ് ദിവ്യപ്രഭ. അവര്‍ ഒരു ഇന്റര്‍നാഷ്ണല്‍ സ്റ്റാര്‍ തന്നെയാണ്. പക്ഷേ ഇവിടെ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിലെ ഒരു ക്ലിപ്പ് വെച്ചിട്ടാണ് അവരെ ജഡ്ജ് ചെയ്യുന്നത്. അത് തിരക്കഥ ഡിമാന്‍ഡ് ചെയ്യുന്ന കാര്യമായിരിക്കും. പിന്നെ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഫീമെയ്ല്‍ ഡയറക്ടറാണ്. അങ്ങനെ പല ചിന്തകള്‍ ഇവിടെയുള്ള മീഡിയ സിസ്റ്റത്തിലുണ്ട്,’ കൃഷന്ദ് പറയുന്നു.

മസ്തിഷ്‌ക മരണത്തില്‍ ദിവ്യ പ്രഭ വളരെ ട്രിക്കി കഥാപാത്രമാണ് ചെയ്തിരിക്കുന്നതെന്നും കുറെ ആളുകള്‍ക്ക് ഒരുപാട് ഇഷ്ടപ്പെടുകയും കുറച്ച് പേര്‍ക്ക് തീരെ ഇഷ്ടപ്പടാതെ ഇരിക്കുകയും ചെയ്തിട്ടുണ്ടെന്നും കൃഷന്ദ് പറഞ്ഞു. ചില അഭിനേതാക്കളെ ചില രീതിയില്‍ മാത്രം കാണാനാണ് ആളുകള്‍ക്ക് ഇഷ്ടമെന്നും മറ്റൊരു രീതിയില്‍ കാണുമ്പോഴേക്കും അസ്വസ്ഥരാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മലയാളത്തിലെ ആദ്യ സൈബര്‍പങ്ക് ചിത്രമായൊരുങ്ങിയ മസ്തിഷ്‌ക മരണം 2046ലെ കൊച്ചി നഗരത്തിന്റെ കഥയാണ് പറയുന്നത്. അനൗണ്‍സ്മെന്റ് മുതല്‍ ഏറെ പ്രതീക്ഷകളുണ്ടായിരുന്ന ചിത്രത്തിന്റെ ടീസറും ട്രെയ്ലറും സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചക്ക് കാരണമായിരുന്നു.

Content Highlight: Krishand about Divya Prabha

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more