| Monday, 12th May 2025, 4:12 pm

അവന്‍ ഇത്രയും ദൂരം പോകുമെന്ന് ആരും ചിന്തിച്ചുകാണില്ല: ക്രിസ് ശ്രീകാന്ത്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്റര്‍നാഷണല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരാട് കോഹ്‌ലി വിരമിച്ച വാര്‍ത്ത ഏറെ വിഷമത്തോടെയാണ് ആരാധകര്‍ കേട്ടത്. തന്റെ 14 വര്‍ഷത്തെ ടെസ്റ്റ് കരിയറിനാണ് വിരാട് വിരാമമിട്ടത്. ഇന്‍സ്റ്റാഗ്രാമില്‍ ഒരു കുറിപ്പ് പങ്കുവെച്ചാണ് വിരാട് തന്റെ വിരമിക്കല്‍ അറിയിച്ചത്.

രോഹിത് ശര്‍മ റെഡ് ബോള്‍ ഫോര്‍മാറ്റില്‍ നിന്നും പടിയിറങ്ങിയതിന് പിന്നാലെ വിരാട് കോഹ്‌ലിയും ടെസ്റ്റ് മതിയാക്കാന്‍ ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് വിരാട് കോഹ്‌ലി റെഡ് ബോളില്‍ നിന്ന് പടിയിറങ്ങിയിരിക്കുകയാണ്.

മുന്‍ ഇന്ത്യന്‍ താരവും ക്യാപ്റ്റനുമായിരുന്ന ക്രിസ് ശ്രീകാന്ത് റെവ്‌സ്‌പോര്‍ട്സിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ കോഹ്‌ലിയുടെ അപ്രതീക്ഷിത വിരമിക്കലിനെക്കുറിച്ചും മുന്‍ കാല ഓര്‍മകളെക്കുറിച്ചും സംസാരിച്ചിരുന്നു.

‘അദ്ദേഹം ഒരു പ്രത്യേക പ്രതിഭയായിരുന്നു. വിരാട് മികച്ച കളിക്കാരനായിരുന്നുവെന്ന് ഞാന്‍ കരുതുന്നു, കാരണം അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥത, സത്യസന്ധത, എല്ലാം നമുക്കെല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. അക്കാലത്ത് അദ്ദേഹം വളരെ കഠിനാധ്വാനിയായ ഒരു കളിക്കാരനായിരുന്നു. അദ്ദേഹത്തിന് മികച്ച കഴിവുണ്ടെന്ന് ഞങ്ങളെല്ലാവരും മനസിലാക്കി.

അതുകൊണ്ടാണ് ഓസ്ട്രേലിയന്‍ പരമ്പരയ്ക്കായി ഞങ്ങള്‍ അദ്ദേഹത്തെ മറ്റുള്ളവരെക്കാള്‍ മുമ്പേ തെരഞ്ഞെടുത്തിരുന്നു. ഭാവിയില്‍ അവന്‍ മികച്ച വിജയങ്ങള്‍ നേടുമെന്ന് കരുതിയാണ് തെരഞ്ഞെടുക്കുന്നത്. പക്ഷേ അവന്‍ ഇത്രയും ദൂരം പോകുമെന്ന് ആരും ചിന്തിച്ചുകാണില്ല, ബാക്കിയുള്ളത് ചരിത്രമാണ്,’ വിരാട് കോഹ്ലിയെക്കുറിച്ച് ശ്രീകാന്ത് പറഞ്ഞു.

ഇന്ത്യയ്ക്ക് വേണ്ടി 2011ല്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ വിരാട് 123 മത്സരങ്ങളിലെ 210 ഇന്നിങ്‌സില്‍ നിന്ന് 9230 റണ്‍സാണ് സ്വന്തമാക്കിയത്. 254* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും വിരാട് റെഡ്‌ബോളില്‍ സ്വന്തമാക്കി. 46.9 ഓവറേജിലും 55.6 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്.

30 സെഞ്ച്വറികളും 31 അധ സെഞ്ച്വറികളുമാണ് ഫോര്‍മാറ്റില്‍ വിരാട് നേടിയത്. 1027 ഫോറും 30 സിക്‌സുമാണ് വിരാട് ടെസ്റ്റില്‍ നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിജയം നേടിത്തന്ന നായകന്‍ കൂടിയാണ് വിരാട്.

2014ല്‍ എം.എസ്. ധോണിയില്‍ നിന്ന് ടെസ്റ്റ് ക്യാപ്റ്റന്‍സി ഏറ്റെടുത്ത കോഹ്‌ലി എട്ട് വര്‍ഷക്കാലം ഇന്ത്യയെ വിജയകരമായി നയിച്ചു. ക്യാപ്റ്റനെന്ന നിലയില്‍ 68 മത്സരങ്ങളില്‍ നിന്ന് ഇന്ത്യയെ 40 ടെസ്റ്റ് വിജയങ്ങളിലേക്ക് ഇന്ത്യയെ നയിക്കാനാണ് കോഹ്‌ലിക്ക് സാധിച്ചത്. മാത്രമല്ല എക്കാലത്തെയും മികച്ച ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റനായി മാറാനും വിരാടിന് സാധിച്ചു.

Content Highlight: Kris Srkkanth Praises Virat Kohli

We use cookies to give you the best possible experience. Learn more