രോഹിത് ശര്‍മയ്ക്ക് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങുകയാണ് സൂപ്പര്‍ താരം വിരാട് കോഹ്ലിയും. 14 വര്‍ഷത്തെ കരിയറിന് വിരാമമിട്ട് തന്റെ ഇഷ്ട ഫോര്‍മാറ്റില്‍ നിന്ന് താരം വിട പറയുന്ന വാര്‍ത്ത അമ്പരപ്പോടെയും വിഷമത്തോടെയുമാണ് ആരാധകര്‍ കേട്ടത്.
നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മെയ് ഒമ്പതിന് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ വിരാടും കളി അവസാനിപ്പിക്കുവാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അവ വെറും അഭ്യൂഹങ്ങളായിരിക്കുമെന്ന ആശ്വസിച്ചിരിക്കുന്നതിനിടയിലാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇപ്പോള്‍ താരത്തിന്റെ വിരമിക്കലിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും മുന്‍ ചീഫ് സെലക്ടറുമായ ക്രിസ് ശ്രീകാന്ത്. താനായിരുന്നു സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്നെങ്കില്‍ കോഹ്ലിയോട് ഇന്ത്യന്‍ ടീമിനെ നയിച്ച് പഴയ പ്രതാപകാലത്തേക്ക് തിരിച്ച് കൊണ്ട് വന്ന് റിട്ടയര്‍ ചെയ്യാന്‍ ആവശ്യപ്പെടുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
സെലക്ടര്‍മാര്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്തണമായിരുന്നുവെന്നും കളിച്ച് വിരമിച്ചിരുന്നെങ്കില്‍ അതൊരു പെര്‍ഫെക്റ്റ് അവസാനമാകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റേവ്‌സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു ക്രിസ് ശ്രീകാന്ത്.
‘ഇപ്പോള്‍ ഞാന്‍ ചെയര്‍മാനായിരുന്നെങ്കില്‍, ‘ബോസ്, നിങ്ങള്‍ ടീമിനെ നയിക്കൂ, ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിന് മഹത്വം തിരികെ കൊണ്ടുവരൂ, തുടര്‍ന്ന് ടെസ്റ്റ് ക്രിക്കറ്റ് അവസാനിപ്പിക്കൂ’ എന്ന് ഞാന്‍ പറയുമായിരുന്നു.
സെലക്ടര്‍മാര്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്തണമായിരുന്നു. ഞാന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ അദ്ദേഹത്തോട് സംസാരിക്കുകയും ഇംഗ്ലണ്ടില്‍ ഇന്ത്യയെ നയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുമായിരുന്നു.
ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റിന് പ്രതാപകാലം തിരികെ കൊണ്ടുവന്ന് വിരമിക്കാന്‍ ആവശ്യപ്പെടുമായിരുന്നു. അത് പെര്‍ഫെക്റ്റ് അവസാനമാകുമായിരുന്നു,’ ശ്രീകാന്ത് പറഞ്ഞു.
ഇന്ത്യയ്ക്ക് വേണ്ടി 2011ല്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ വിരാട് 123 മത്സരങ്ങളിലെ 210 ഇന്നിങ്സില്‍ നിന്ന് 9230 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. 46.9 ആവറേജിലും 55.6 എന്ന സ്ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്.
30 സെഞ്ച്വറികളും 31 അര്‍ധ സെഞ്ച്വറികളുമാണ് ഫോര്‍മാറ്റില്‍ വിരാട് നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിജയം നേടിത്തന്ന നായകന്‍ കൂടിയാണ് വിരാട്.
2014ല്‍ എം.എസ്. ധോണിയില്‍ നിന്ന് ടെസ്റ്റ് ക്യാപ്റ്റന്‍സി ഏറ്റെടുത്ത കോഹ്ലി എട്ട് വര്‍ഷക്കാലം ഇന്ത്യയെ വിജയകരമായി നയിച്ചു. ക്യാപ്റ്റനെന്ന നിലയില്‍ 68 മത്സരങ്ങളില്‍ നിന്ന് ഇന്ത്യയെ 40 ടെസ്റ്റ് വിജയങ്ങളിലേക്ക് ഇന്ത്യയെ നയിക്കാനാണ് കോഹ്ലിക്ക് സാധിച്ചത്. മാത്രമല്ല എക്കാലത്തെയും മികച്ച ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റനായി മാറാനും വിരാടിന് സാധിച്ചു.
Content Highlight: Kris Srinkkanth talks about the retirement of Virat Kohli from test cricket