| Wednesday, 6th May 2026, 12:06 pm

ദല്‍ഹിയുടെ മൂന്ന് പ്രാധാന ബൗളര്‍മാരെയും സമര്‍ത്ഥമായി സഞ്ജു നേരിട്ടു; പ്രശംസയുമായി ക്രിസ് ശ്രീകാന്ത്

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ ദല്‍ഹിക്കെതിരായ വിജയത്തിന് പിന്നാലെ സൂപ്പര്‍ താരം സഞ്ജു സാംസണിനെ പ്രശംസിച്ച മുന്‍ താരം ക്രിസ് ശ്രീകാന്ത്. ദല്‍ഹിയുടെ മൂന്ന് പ്രധാന ബൗളര്‍മാരെയും സമര്‍ത്ഥമായി കളിച്ചുകൊണ്ട് സഞ്ജു മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുത്തെന്ന് അദ്ദേഹം പറഞ്ഞു.

സഞ്ജു മികച്ച പ്രകടനമാണ് നടത്തിയതെന്നും സ്ട്രാക്ക് റേറ്റിനെക്കുറിച്ച് ആശങ്കപ്പെട്ടില്ലെന്നും ശ്രീകാന്ത് പറഞ്ഞു. ലുങ്കി എന്‍ഗിഡി, മിച്ചല്‍ സ്റ്റാര്‍ക്ക്, അക്‌സര്‍ പട്ടേല്‍ എന്നീ താരങ്ങളെ ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്തതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ദല്‍ഹിയുടെ മൂന്ന് പ്രധാന ബൗളര്‍മാരെയും സമര്‍ത്ഥമായി കളിച്ചുകൊണ്ട് സഞ്ജു മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുത്തു. അവസാനം വരെ കളിച്ച് ടീമിനായി മത്സരം ജയിപ്പിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. സഞ്ജുവിന്റെ പ്രകടനം ഗംഭീരമായിരുന്നു. അദ്ദേഹത്തിന്റെ വലിയ ഇന്നിങ്സുകള്‍ മത്സരവിജയത്തിന് സഹായകമാണ് എന്നതാണ് അദ്ദേഹത്തിന്റെ മികച്ച ഗുണം. അദ്ദേഹം വളരെ ശാന്തനായിരുന്നു, സ്‌ട്രൈക്ക് റേറ്റിനെക്കുറിച്ച് ഓര്‍ത്ത് അദ്ദേഹം ആശങ്കപ്പെട്ടില്ല.

സഞ്ജുവിന്റെ ഷോട്ട് സെലക്ഷന്‍ അതിശയകരമായിരുന്നു, പ്രത്യേകിച്ച് കവറില്‍. സ്റ്റാര്‍ക്കിന്റെയും എന്‍ഗിഡിയുടെയും ഓപ്പണിങ് സ്‌പെല്ലുകള്‍ മറികടക്കേണ്ടത് പ്രധാനമാണെന്ന് അറിഞ്ഞുകൊണ്ട് അദ്ദേഹം ബുദ്ധിപൂര്‍വം കളിച്ചു. അക്‌സര്‍ പട്ടേലിന് ഗ്രിപ്പ് ലഭിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു, അതിനാല്‍ ശ്രദ്ധായോടെയാണ് സഞ്ജു അക്‌സറിനെതിരെ ബാറ്റ് വീശിയത്,’ ക്രിസ് ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

അതേസമയം ദല്‍ഹിയുടെ തട്ടകമായ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റുകള്‍ക്കാണ് ചെന്നൈ വിജയം സ്വന്തമാക്കിയത്. ഇതോടെ അഞ്ച് വിജയവും അഞ്ച് തോല്‍വിയും ഉള്‍പ്പെടെ 10 പോയിന്റുകളാണ് ചെന്നൈ നേടിയത്. എന്നാല്‍ ആറാം സ്ഥാനത്ത് തുടരുകയാണ് യെല്ലോ ആര്‍മി.

മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ കരുത്തിലാണ് ചെന്നൈ വിജയിച്ചു കയറിയത്. പുറത്താവാതെ 52 പന്തില്‍ 87 റണ്‍സ് നേടിയാണ് സഞ്ജു തിളങ്ങിയത്. ഏഴ് ഫോറും ആറ് കൂറ്റന്‍ സിക്സും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ പ്രകടനം. മത്സരത്തിലെ താരവും സഞ്ജുവായിരുന്നു.സഞ്ജു സാംസണ്‍

നിലവില്‍ സീസണില്‍ 10 മത്സരങ്ങളില്‍ നിന്ന് 402 റണ്‍സാണ് സഞ്ജു നേടിയത്. രണ്ട് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെയാണ് താരത്തിന്റെ റണ്‍വേട്ട. ചെന്നൈക്ക് വേണ്ടി സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും സഞ്ജുവാണ്. 57.43 എന്ന മികച്ച ശരാശരിയിലാണ് സഞ്ജു സ്‌കോര്‍ ചെയ്യുന്നത്. 167.50 എന്ന സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്.

മത്സരത്തില്‍ സഞ്ജുവിന് പുറമെ കാര്‍ത്തിക് ശര്‍മ 31 പന്തില്‍ പുറത്താവാതെ 41 റണ്‍സും നേടി തിളങ്ങി. മത്സരം ഫിനിഷ് ചെയ്തതും താരമായിരുന്നു. നാല് ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

Content Highlight: Kris Srikkath Talking About Sanju samson

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more