| Tuesday, 2nd June 2026, 1:06 pm

ഗെയ്‌ലിനെക്കാള്‍ ഏറെ മുന്നില്‍, വൈഭവിനെ ഉടനെ ഇന്ത്യന്‍ ടി - 20 ടീമില്‍ ഉള്‍പ്പെടുത്തണം: മുന്‍ ഇന്ത്യന്‍ താരം

ഫസീഹ പി.സി.

യുവതാരം വൈഭവ് സൂര്യവംശിയെ ഉടന്‍ ഇന്ത്യന്‍ ടി – 20 ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിനെക്കാള്‍ ഏറെ മുന്നിലാണ് വൈഭവെന്നും അദ്ദേഹം പറഞ്ഞു.

പൂര്‍ണമായി കളിച്ച ആദ്യ സീസണില്‍ തന്നെ വൈഭവ് അവാര്‍ഡുകള്‍ തൂത്തുവാരിയെന്നും വിരാട് കോഹ്ലിയുമായുള്ള സംസാരത്തില്‍ താരം ഒരുപാട് കാര്യങ്ങള്‍ പഠിച്ചിട്ടുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ശ്രീകാന്ത്.

ക്രിസ് ശ്രീകാന്ത്. Photo: lndian Sports Netwrk/x.com

‘ഇന്ത്യന്‍ ടി – 20 ടീമിലേക്ക് എത്രയും പെട്ടെന്ന് അവനെ (വൈഭവ് സൂര്യവംശി) കൊണ്ടുവരണം. എല്ലാ കണക്കുകളിലും ക്രിസ് ഗെയ്‌ലിനേക്കാള്‍ എത്രയോ മുന്നിലാണ് അവന്‍. സൂര്യവംശി ആദ്യമായാണ് ഒരു സീസണ്‍ പൂര്‍ണമായും കളിക്കുന്നത്. പക്ഷേ, ഒറ്റ സീസണില്‍ തന്നെ അവന്‍ എല്ലാ അവാര്‍ഡുകളും തൂത്തുവാരി.

സൂര്യവംശിയുമായി വിരാട് കോഹ്ലി ഒരുപാട് നേരം സംസാരിച്ചിരുന്നു. അത് മികച്ചൊരു അവസരമാണ്. അവന് കോഹ്ലിയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. അവന്റെ മാതാപിതാക്കള്‍ക്ക് അവനെക്കുറിച്ച് വലിയ അഭിമാനമുണ്ടാകും,’ ശ്രീകാന്ത് പറഞ്ഞു.

വൈഭവ് സൂര്യവംശി. Photo: Rajasthan Royals/x.com

ഐ.പി.എല്‍ 2026ല്‍ മികച്ച പ്രകടനങ്ങള്‍ നടത്തി വൈഭവ് സൂര്യവംശി ആരാധകരുടെ മനസ് കീഴടക്കിയിരുന്നു. 16 മത്സരങ്ങളില്‍ കളിച്ച താരം 776 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയുമാണ് 15കാരന്‍ ഈ സീസണില്‍ അടിച്ച് കൂട്ടിയത്. 48.50 ആവറേജും 237.30 സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്.

ഈ പ്രകടനങ്ങള്‍ വൈഭവിന് ഓറഞ്ച് ക്യാപ് സമ്മാനിച്ചിരുന്നു. ഇതിനൊപ്പം, മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍, സൂപ്പര്‍ സ്ട്രൈക്കര്‍,  ഏറ്റവും കൂടുതല്‍ സിക്സറുകള്‍,  എമര്‍ജിങ് പ്ലെയര്‍ എന്നീ അവാര്‍ഡുകളും താരം  സ്വന്തമാക്കി.

Content Highlight: Kris Srikkanth urge to fast track Vaibhav Sooryavanshi to Indian T20 team

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more