| Saturday, 25th July 2026, 7:12 am

എത്ര വിഡ്ഢിത്തത്തോടെയാണ് ഗംഭീര്‍ അവനെ ടീമില്‍ നിന്ന് പുറത്താക്കിയത്? ക്രിസ് ശ്രീകാന്ത്

ശ്രീരാഗ് പാറക്കല്‍

ഇന്ത്യന്‍ യുവതാരം വൈഭവ് സൂര്യവംശിയെക്കുറിച്ചും മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിനെക്കുറിച്ചും സംസാരിച്ച് മുന്‍ താരം ക്രിസ് ശ്രീകാന്ത്. അനായാസമായി എല്ലാ തരത്തിലുള്ള ഷോട്ടുകളും കളിക്കാന്‍ കഴിവുള്ള താരമാണ് വൈഭവെന്ന് ശ്രീകാന്ത് പറഞ്ഞു. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവസാന മത്സരത്തില്‍ വൈഭവിന്റെ ആത്മവിശ്വാസം തകര്‍ക്കുന്ന രീതിയില്‍ പുറത്താക്കുകയാണ് ഗംഭീര്‍ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

‘അദ്ദേഹത്തിന് അനായാസമായി എല്ലാ തരത്തിലുള്ള ഷോട്ടുകളും കളിക്കാനുള്ള കഴിവുണ്ട്. ഇന്നിങ്‌സില്‍ അദ്ദേഹം കളിച്ച ഒരു ഷോട്ട് പോലും ക്രോസ്-ബാറ്റഡ് ആയിരുന്നില്ല. ഈ കുട്ടി ശരിക്കും അസാധാരണ പ്രതിഭയാണ്. മൂന്ന് പരാജയങ്ങള്‍ക്ക് ശേഷം അവന്റെ ആത്മവിശ്വാസം തകര്‍ക്കുന്ന തരത്തില്‍, ഗൗതം ഗംഭീര്‍ എങ്ങനെ ഇത്ര വിഡ്ഢിത്തത്തോടെ അവനെ ടീമില്‍ നിന്ന് പുറത്താക്കിയത്?

വൈഭവിന്റെ അര്‍പ്പണബോധത്തിന് ഞാന്‍ സല്യൂട്ട് ചെയ്യുന്നു. ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷം അദ്ദേഹം വീട്ടിലേക്ക് പോയില്ല. പകരം നേരെ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാമ്പിലേക്കാണ് പോയത്. ഷോര്‍ട്ട് ബോളുകള്‍ക്കെതിരായ ബാറ്റിങ് മെച്ചപ്പെടുത്താന്‍ അദ്ദേഹം കഠിനമായി പരിശീലനം നടത്തുകയാണ്. ലോകത്തോട് താന്‍ ഒരു പ്രത്യേക പ്രതിഭയാണെന്ന് തെളിയിക്കണമെന്ന ആഗ്രഹമാണ് അദ്ദേഹത്തെ മുന്നോട്ട് നയിക്കുന്നത്,’ ക്രിസ് ശ്രീകാന്ത് പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ അരങ്ങേറ്റം നടത്തിയിരുന്നെങ്കിലും കളിച്ച മൂന്ന് മത്സരങ്ങളില്‍ വൈഭവിന് മികവ് പുലര്‍ത്താന്‍ സാധിച്ചില്ലായിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ അഞ്ചാം മത്സരത്തില്‍ വൈഭവിനെ മാറ്റി സഞ്ജുവിനെ തിരികെ കൊണ്ടുവരികയായിരുന്നു ടീം. പരമ്പരയില്‍ ഇന്ത്യയെ വൈറ്റ് വാഷ് ചെയ്യുകയായിരുന്നു ത്രീ ലയണ്‍സ്.

അതേസമയം സിംബാബ്‌വേക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്റെ വിജയമായിരുന്നു സ്വന്തമാക്കിയത്. ഹരാരേ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വേ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സാണ് നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 13.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴിലുള്ള ഇന്ത്യയുടെ ആദ്യ വിജയമായിരുന്നു ഇത്.

യുവതാരം വൈഭവ് സൂര്യവംശിയുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ വിജയിച്ചു കയറിയത്. 19 പന്തുകളില്‍ നിന്നും 50 റണ്‍സ് നേടിയാണ് വൈഭവ് തിളങ്ങിയത്. നാല് വീതം ഫോറുകളും സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. അരങ്ങേറ്റത്തിന് ശേഷം ഇന്ത്യക്ക് വേണ്ടി താരം നേടുന്ന ആദ്യ ഫിഫ്റ്റിയായിരുന്നു ഇത്.

Content Highlight: Kris Srikkanth Talking About Vaibhav Sooryavanshi And Gautam Gambhir

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more