| Friday, 19th June 2026, 3:31 pm

ടെസ്റ്റ് ക്രിക്കറ്റില്‍ അവന്‍ വിജയിക്കുമെന്ന കാര്യത്തില്‍ എനിക്ക് ഉറപ്പുണ്ട്: ക്രിസ് ശ്രീകാന്ത്

ശ്രീരാഗ് പാറക്കല്‍

ഇന്ത്യന്‍ യുവ താരം വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ ക്രിസ് ശ്രീകാന്ത്. റണ്‍സ് നേടാനുള്ള വൈഭവിന്റെ കഴിവും എതിരാളികളെ ഡോമിനേറ്റ് ചെയ്ത് കീഴടക്കാനുള്ള മനോഭാവവും മികച്ചതാണെന്ന് ശ്രീകാന്ത് പറഞ്ഞു. മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റിലും വൈഭവ് വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ അത്ഭുതപ്പെടുത്തുന്ന ഒരു താരമാണ് വൈഭവെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

‘വൈഭവ് സൂര്യവംശിയെക്കുറിച്ച് എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം റണ്‍സ് നേടാനുള്ള അവന്റെ കഴിവും എതിരാളികളെ ഡോമിനേറ്റ് ചെയ്ത് കീഴടക്കാനുള്ള മനോഭാവവുമാണ്. അതേസമയം, ആവശ്യമെങ്കില്‍ ക്രീസില്‍ ഉറച്ചുനിന്ന് ഇന്നിങ്‌സ് കെട്ടിപ്പടുക്കാനും അവന് കഴിയും.

ടി-20 ക്രിക്കറ്റില്‍ നിന്ന് ഏകദിന ക്രിക്കറ്റിലേക്കും പിന്നീട് ടെസ്റ്റ് ക്രിക്കറ്റിലേക്കും അവന് ചേക്കേറാനാകും, ടെസ്റ്റ് ക്രിക്കറ്റില്‍ അവന്‍ വിജയിക്കുമെന്ന കാര്യത്തില്‍ എനിക്ക് ഉറപ്പുണ്ട്.

വൈഭവ് സൂര്യവംശി. Photo: Circle of Cricket/x.com

ഇന്നത്തെ ക്രിക്കറ്റിന് അത്തരത്തിലുള്ള താരങ്ങളെയാണ് ആവശ്യം. ആളുകള്‍ സൂര്യവംശിയെ കാണാനായി മാത്രം ടി.വി ഓണ്‍ ചെയ്യുന്നു. ഞാനും സൂര്യവംശിയെ കാണാനാണ് ടി.വി ഓണ്‍ ചെയ്യുന്നത്. അത്രയും വലിയ ഒരു ആകര്‍ഷണവും സ്വാധീനവും അവന്‍ സ്വയം സൃഷ്ടിച്ചെടുത്തിട്ടുണ്ട്. അദ്ദേഹം ശരിക്കും അത്ഭുതപ്പെടുത്തുന്ന ഒരു താരമാണ്,’ ക്രിസ് ശ്രീകാന്ത് പറഞ്ഞു.

നിലവില്‍ ഇന്ത്യ എയ്ക്ക് വേണ്ടിയാണ് വൈഭവ് കളിക്കുന്നത്. ത്രിരാഷ്ട്ര പരമ്പരയില്‍ അഫ്ഗാനിസ്ഥാനെതിരെയും ശ്രീലങ്കയ്‌ക്കെതിരെയും ഭേദപ്പെട്ട പ്രകടനമാണ് താരത്തിന് കാഴ്ചവെക്കാന്‍ സാധിച്ചത്. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ 14 റണ്‍സ് നേടിയപ്പോള്‍ അഫ്ഗാനിസ്ഥാനെതിരെ 44 റണ്‍സ് അടിക്കാന്‍ താരത്തിന് സാധിച്ചു.

ലങ്കയ്‌ക്കെതിരായ രണ്ടാം മത്സരത്തില്‍ 21 റണ്‍സിന് മടങ്ങിയ വൈഭവ് അഫ്ഗാനെതിരായ അടുത്ത മത്സരത്തില്‍ 38 റണ്‍സാണ് നേടിയത്. നാല് ഇന്നിങ്‌സില്‍ നിന്ന് 117 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 29.25 എന്ന ആവറേജിലാണ് താരത്തിന്റെ സ്‌കോറിങ്. 153 സ്‌ട്രൈക്ക് റേറ്റ് നിലനിര്‍ത്താനും താരത്തിന് കഴിഞ്ഞു. ഐ.പി.എല്ലില്‍ വമ്പന്‍ പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെ വൈഭവിന് ഇന്ത്യന്‍ ടി-20 സ്‌ക്വാഡിലും ഇടം നേടാന്‍ സാധിച്ചിട്ടുണ്ട്.

Content Highlight: Kris Srikkanth Talking About Vaibhav Sooryavanshi

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more