| Thursday, 9th July 2026, 7:07 am

തിലക് വര്‍മയെ ടീമില്‍ നിന്ന് പുറത്താക്കണം, സഞ്ജു വരണം; തുറന്നടിച്ച് ക്രിസ് ശ്രീകാന്ത്

ശ്രീരാഗ് പാറക്കല്‍

ഇന്ത്യന്‍ സൂപ്പര്‍ താരം സഞ്ജു സാംസണിന് പിന്തുണയുമായി മുന്‍ താരം ക്രിസ് ശ്രീകാന്ത്. ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ തിലക് വര്‍മയ്ക്ക് എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെന്നും അദ്ദേഹത്തിന് പകരം സഞ്ജു സാംസണാണ് ടീമില്‍ കളിക്കാന്‍ യോഗ്യന്‍ എന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടി. പേസ് ബൗളിങ്ങിനെതിരെ എന്തിനാണ് തിലകിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹത്തിന് മുമ്പായി അക്‌സര്‍ പട്ടേലിനെ ബാറ്റിങ്ങിന് അയക്കുകയാണ് ടീം ചെയ്തതെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

‘അദ്ദേഹം (തിലക് വര്‍മ) വൈസ് ക്യാപ്റ്റനാണ്. അധികം വൈകാതെ തന്നെ ക്യാപ്റ്റനായും മാറുമെന്ന് തോന്നുന്നു. പിച്ചിലെ പേസും ബൗണ്‍സും കാണുമ്പോള്‍ ഞാന്‍ പുറത്താകരുത് എന്നായിരിക്കും അദ്ദേഹം സ്വയം പറയുന്നത്. തിലക് വര്‍മയ്ക്ക് എന്താണ് ചെയ്യേണ്ടതെന്ന് വ്യക്തമായ ധാരണയില്ല. തിലക് വര്‍മയ്ക്ക് പകരം ഞാന്‍ സഞ്ജു സാംസണെയായിരിക്കും ടീമില്‍ കളിപ്പിക്കുക.

നിങ്ങള്‍ തിലക് വര്‍മയെ ടീമിന്റെ പ്രധാന ബാറ്ററായും വൈസ് ക്യാപ്റ്റനായും പ്രഖ്യാപിക്കുന്നു. എന്നാല്‍  പേസ് ബൗളിങ്ങിനെതിരെ എന്തിനാണ് അദ്ദേഹത്തെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്? അദ്ദേഹത്തിന് മുമ്പായി അക്‌സര്‍ പട്ടേലിനെ ബാറ്റിങ്ങിന് അയക്കുകയാണ് അവര്‍ ചെയ്യുന്നത്. ഷോര്‍ട്ട് പിച്ച് പന്തുകള്‍ക്കെതിരെ തിലക് വര്‍മയ്ക്ക് ബുദ്ധിമുട്ടുണ്ടെന്ന് അവര്‍ക്ക് അറിയാം, അതുകൊണ്ടാണ് അദ്ദേഹത്തെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്. തിലക് വര്‍മയെ ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന് ഞാന്‍ സ്ഥിരമായി പറയുന്നുണ്ട്. പക്ഷേ അവര്‍ അദ്ദേഹത്തെ പുറത്താക്കുന്നില്ല,’ ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.തിലക് വര്‍മ

അയര്‍ലാന്‍ഡ് പരമ്പരയ്ക്ക് മുന്നോടിയായിട്ടാണ് തിലക് വര്‍മയെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാക്കിയത്. രണ്ട് മത്സരങ്ങളടങ്ങുന്ന പരമ്പരയില്‍ 74 റണ്‍സാണ് താരം നേടിയത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇതുവരെ താരത്തിന് സ്ഥിരത കണ്ടെത്താനായിട്ടില്ല. മഴമൂലം ഉപേക്ഷിക്കപ്പെട്ട മത്സരത്തില്‍ 19 റണ്‍സും രണ്ടാം മത്സരത്തില്‍ 24* റണ്‍സും മൂന്നാം മത്സരത്തില്‍ മൂന്ന് റണ്‍സുമാണ് വര്‍മ നേടിയത്. ഷോര്‍ട്ട് പിച്ച് ബോളുകളില്‍ താരം ഏറെ ബുദ്ധിമുട്ടുന്നതായും ചര്‍ച്ചയിലുണ്ട്.

എന്നാല്‍ ഇന്ത്യയ്ക്ക് വേണ്ടി 2026ലെ ടി-20 ലോകകപ്പ് നേടിക്കൊടുത്തതില്‍ നിര്‍ണായക പങ്ക് വഹിച്ച സഞ്ജുവിനെ സ്ഥിരതയില്ലാത്തതിന്റെ പേരിലാണ് ടീമില്‍ നിന്ന് ഒഴിവാക്കിയത്. മാത്രമല്ല സിംബാബ്‌വേയ്‌ക്കെതിരായ പരമ്പരയില്‍ നിന്നും സഞ്ജുവിനെ ഒഴിവാക്കിയിരിക്കുകയാണ്. സഞ്ജുവിന് വിശ്രമം നല്‍കിയെന്നാണ് പരശീലകന്‍ ഗൗതം ഗംഭീറിന്റെ വാദം. ടീമില്‍ നിലനില്‍ക്കാന്‍ അര്‍ഹതയുണ്ടായിട്ടും സഞ്ജുവിനെതിരായ അനീതിക്കെതിരെ ഹര്‍ഷ ഭോഗ്ലെ മുതലുള്ള ക്രിക്കറ്റ് അനലിസ്റ്റുകളും സീനിയര്‍ താരങ്ങളും രംഗത്ത് വന്നിട്ടുണ്ട്.സഞ്ജു സാംസൺ

അതേസമയം ഇന്ത്യക്കെതിരായ ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ കൂറ്റന്‍ വിജയമാണ് ഇംഗ്ലണ്ട് നേടിയത്. ട്രെന്റ് ബ്രിഡ്ജ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 125 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വിയായിരുന്നു ഇത്.

സഞ്ജു സാംസണിന് പകരം ഇലവനില്‍ ഇടം നേടിയ ഓപ്പണര്‍ വൈഭവ് സൂര്യവംശിയും ഇഷാന്‍ കിഷനുമാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍മാര്‍. വൈഭവ് അഞ്ച് പന്തില്‍ രണ്ട് സിക്സര്‍ ഉള്‍പ്പെടെ 13 റണ്‍സ് നേടിയപ്പോള്‍ കിഷന്‍ ഒമ്പത് പന്തില്‍ ഒരു സിക്സും ഒരു ഫോറും ഉള്‍പ്പെടെയാണ് 13 റണ്‍സ് നേടിയത്. മറ്റാര്‍ക്കും ടീമിന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടാന്‍ സാധിച്ചില്ല.

Content Highlight: Kris Srikkanth Talking About Tilak Varma And Sanju Samson

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more