| Friday, 3rd April 2026, 11:34 am

സഞ്ജു ഫോമായാല്‍ പഞ്ചാബ് നിരയിലുള്ള ആര്‍ക്കും അവനെ തടയാന്‍ കഴിയില്ല: ക്രിസ് ശ്രീകാന്ത്

ശ്രീരാഗ് പാറക്കല്‍

പഞ്ചാബിനെതിരെ ചെപ്പോക്കില്‍ നടക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ താരം സഞ്ജു സാംസണ്‍ മികച്ച ബാറ്റിങ് പ്രകടനം നടത്തുമെന്ന് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. ടി-20 ലോകകപ്പില്‍ ഗംഭീരമായ തിരിച്ചുവരവാണ് സഞ്ജു കാഴ്ചവെച്ചതെന്നും അതിന് തുടക്കം കുറിച്ചത് ചെപ്പോക്കിലാണെന്നും ശ്രീകാന്ത് പറഞ്ഞു. ആദ്യത്തെ നാലോ അഞ്ചോ പന്തുകള്‍ സഞ്ജു ശ്രദ്ധിച്ച് നേരിടണമെന്നും ഫോമായാല്‍ പഞ്ചാബ് നിരയിലുള്ള ആര്‍ക്കും സഞ്ജുവിനെ തടഞ്ഞുനിര്‍ത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ടി-20 ലോകകപ്പില്‍ സഞ്ജു സാംസണ്‍ ഗംഭീരമായ തിരിച്ചുവരവ് നടത്തുകയും പ്ലയര്‍ ഓഫ് ദി ടൂര്‍ണമെന്റ് നേടുകയും ചെയ്തു. ആ ഫോം സഞ്ജുവിന് ലഭിച്ചത് സിംബാബ്‌വേയ്‌ക്കെതിരെ ചെപ്പോക്കില്‍ നടന്ന മത്സരത്തിലൂടെയാണ്. അതേ ചെപ്പോക്കില്‍ തന്നെയാണ് ഇന്നത്തെ മത്സരവും.

സഞ്ജു ഇന്ന് ഒരു തകര്‍പ്പന്‍ ഇന്നിങ്സ് കളിക്കുമെന്ന് എനിക്ക് ഉറപ്പാണ്. തന്റെ പഴയ ഫോമിലേക്ക് തിരിച്ചെത്താന്‍ സഞ്ജുവിന് ഏറ്റവും അനുയോജ്യമായ പിച്ചാണിത്. ആദ്യത്തെ നാലോ അഞ്ചോ പന്തുകള്‍ സഞ്ജു ശ്രദ്ധിച്ച് നേരിടണം. സഞ്ജുവിന് സ്വന്തം ശൈലിയില്‍ ആക്രമിച്ചുകളിക്കാന്‍ സാധിക്കും. സഞ്ജു ഫോമായാല്‍ പഞ്ചാബ് നിരയിലുള്ള ആര്‍ക്കും അവനെ തടഞ്ഞുനിര്‍ത്താന്‍ കഴിയില്ല,’ ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലില്‍ നടന്ന ചര്‍ച്ചയില്‍ പറഞ്ഞു.

സഞ്ജു സാംസൺ

അതേസമയം ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും പഞ്ചാബ് കിങ്‌സും തമ്മിലുള്ള വമ്പന്‍ പോരാട്ടമാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചെന്നൈയുടെ സ്വന്തം തട്ടകമായ ചെപ്പോക്കിലാണ് മത്സരം. സീസണിലെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ചെന്നൈ രണ്ടാം മത്സരത്തില്‍ വിജയം സ്വന്തമാക്കി തിരിച്ചുവരാനാണ് ലക്ഷ്യം വെക്കുന്നത്. അതേസമയം തങ്ങളുടെ രണ്ടാം വിജയം ലക്ഷ്യം വെച്ചാണ് പഞ്ചാബ് കളത്തിലിറങ്ങുന്നത്.

ചെന്നൈ ഇന്ന് കളത്തിലിറങ്ങുമ്പോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത് മലയാളി സൂപ്പര്‍ താരവും ഇന്ത്യന്‍ ഓപ്പണറുമായ സഞ്ജു സാംസണിന്റെ പ്രകടനമാണ്. രാജസ്ഥാനില്‍ നിന്ന് ചെന്നൈയിലെത്തിയ ആദ്യ മത്സരത്തില്‍ ആറ് റണ്‍സ് മാത്രമായാരുന്നു സഞ്ജുവിന് നേടാന്‍ സാധിച്ചത്. എന്നാല്‍ ടീമിന്റെ ഹോം ഗ്രൗണ്ടില്‍ സഞ്ജു മികച്ച പ്രകടനം നടത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

Content Highlight: Kris Srikkanth Talking About Sanju Samson

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more