| Tuesday, 23rd June 2026, 12:10 pm

അവനെ ടീമിലെടുക്കാത്തത് എന്തുകൊണ്ടാണെന്ന് മനസിലായില്ല; വിമര്‍ശനവുമായി ക്രിസ് ശ്രീകാന്ത്

ശ്രീരാഗ് പാറക്കല്‍

ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് സിറാജിനെ ബി.സി.സി.ഐ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇപ്പോള്‍ ഇതിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ ക്രിസ് ശ്രീകാന്ത്.

സിറാജ് ടീമിലുണ്ടാകേണ്ട താരമായിരുന്നെന്നും എന്നാല്‍ ഏകദിന ക്രിക്കറ്റില്‍ അര്‍ഷ്ദീപ് സിങ് ശരാശരി പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ഇരു താരങ്ങളില്‍ ഒരാളെ തെരഞ്ഞെടുക്കേണ്ടി വന്നാല്‍ താന്‍ സിറാജിനെ തന്നെയാകും പരിഗണിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഹമ്മദ് സിറാജ്

‘സിറാജ് ടീമിലുണ്ടാകേണ്ട താരമായിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതെന്ന് എനിക്ക് അറിയില്ല. ചെന്നൈയിലെ മത്സരത്തില്‍ പ്രസിദ്ധ് കൃഷ്ണ അതിഗംഭീരമായി പന്തെറിഞ്ഞു. പരിക്കേല്‍ക്കുന്നതിന് മുമ്പ് ഹര്‍ഷിത് റാണയും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

പുതുമുഖ താരത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഗുര്‍നൂര്‍ ബ്രാറിനെ തെരഞ്ഞെടുത്തതും ന്യായമായ തീരുമാനമാണ്. എന്നാല്‍ ഏകദിന ക്രിക്കറ്റില്‍ അര്‍ഷ്ദീപ് സിങ് ശരാശരി പ്രകടനമാണ് കാഴ്ചവെക്കുന്നത്. അര്‍ഷ്ദീപാണോ സിറാജാണോ തെരഞ്ഞടുക്കപ്പെടാന്‍ യോഗ്യന്‍ എന്ന് എന്നോട് ചോദിച്ചാല്‍ ഞാന്‍ സിറാജിനെ തന്നെയായിരിക്കും പരിഗണിക്കുക,’ ക്രിസ് ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലായ ചീക്കി ചീക്കയില്‍ പറഞ്ഞു.

അതേസമയം മൂന്ന് മത്സരങ്ങളാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ കളിക്കുക. പരമ്പരയിലെ ആദ്യ മത്സരം ജൂലൈ 14നാണ് നടക്കുന്നത്. ബര്‍മിങ്ഹാമിലെ എഡ്ബാജ്സ്റ്റണിലാണ് മത്സരം. രണ്ടാം മത്സരം ജൂലൈ 16നും മൂന്നാം മത്സരം ജൂലൈ 19നും നടക്കും.

ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരക്കുള്ള ഇന്ത്യ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ങ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിദ് റാണ, ഗുര്‍നൂര്‍ ബ്രാര്‍.

Content Highlight: Kris Srikkanth Talking About Mohammad Siraj

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more