ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ മുഹമ്മദ് ഷമിയോട് ബി.സി.സി.ഐ മോശം രീതിയില്‍ പെരുമാറിയതിനെക്കുറിച്ച് സംസാരിച്ച് മുന്‍ താരം ക്രിസ് ശ്രീകാന്ത്. ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ ഷമിക്ക് ഇപ്പോഴും അവസരമുണ്ടെന്നും ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയിട്ടും താരത്തെ അവഗണിക്കുന്നത് അത്ഭുതമാണെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.
‘ലോകകപ്പിന് ഇനി 15 മാസം കൂടി ബാക്കിയുള്ളതിനാല്‍, അദ്ദേഹത്തിന് ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ ഇപ്പോഴും നല്ല അവസരമുണ്ട്. മുഹമ്മദ് ഷമി ഒരുകാലത്ത് മികച്ച ബൗളറായിരുന്നു. പക്ഷേ ടീം മാനേജ്‌മെന്റ് അദ്ദേഹത്തെ തിരിഞ്ഞുപോലും നോക്കാത്തതില്‍ ഞാന്‍ അത്ഭുതപ്പെടുന്നു,’ ക്രിസ് ശ്രീകാന്ത് പറഞ്ഞു.
അതേസമയം അഫ്ഗാനിസ്ഥാനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നതിനിടെ മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ ഷമിയെക്കുറിച്ച് പ്രതികരിച്ചിരുന്നു. ഷമിയുടെ ടെസ്റ്റ് ടീമിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ഇതുവരെ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും ഇപ്പോള്‍ ടി-20 ക്രിക്കറ്റ് കളിക്കാനുള്ള ഫിറ്റ്‌നസാണ് താരത്തിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
‘ഷമിയുടെ ടെസ്റ്റ് ടീമിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ഇതുവരെ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല. ഈ വര്‍ഷം അദ്ദേഹം ആഭ്യന്തര ക്രിക്കറ്റ് കളിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. എന്നാല്‍ ഞങ്ങള്‍ക്ക് ലഭിച്ച വിവരമനുസരിച്ച്, അദ്ദേഹത്തിന്റെ ശരീരം ഇപ്പോള്‍ ടി-20 ക്രിക്കറ്റ് കളിക്കാന്‍ മാത്രമാണ് പൂര്‍ണമായി തയ്യാറായിരിക്കുന്നത്,’ അഗാര്‍ക്കര്‍ പറഞ്ഞു.
അതേസമയം ഇന്ത്യയ്ക്ക് വേണ്ടി ഏകദിനത്തില്‍ 108 മത്സരങ്ങളില്‍ നിന്ന് 206 വിക്കറ്റുകളാണ് ഷമി നേടിയത്. 2023 ലോകകപ്പിലെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെ 57 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് നേടിയതാണ് ഷമിയുടെ മികച്ച പ്രകടനം. ടി-20യില്‍ താരം 25 മത്സരത്തില്‍ നിന്ന് 27 വിക്കറ്റാണ് നേടിയത്. റെഡ് ബോളിലെ 122 ഇന്നിങ്‌സില്‍ നിന്ന് 229 വിക്കറ്റും ഷമി സ്വന്തം പേരിലാക്കി.
അതേസമയം ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള ടി-20 പരമ്പരയിലെ അവസാന മത്സരം ഇന്ന് നടക്കും. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടക്കുന്ന അവസാന മത്സരവും വിജയിച്ചുകൊണ്ട് പരമ്പര തൂത്തുവാരാനായിരിക്കും ശ്രേയസ് അയ്യരും സംഘവും ലക്ഷ്യം വെക്കുക. മറുഭാഗത്ത് സിംബാബ്‌വേ ആശ്വാസ ജയമാവും ലക്ഷ്യമിടുക.