സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ ബാറ്റിങ് ഓര്‍ഡറില്‍ അഞ്ചാമനായി ഇറക്കിയത് വാഷിങ്ടണ്‍ സുന്ദറിനെയായിരുന്നു. ഇപ്പോള്‍ ഇതിനെ ചോദ്യം ചെയ്ത് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. കെ.എല്‍. രാഹുലിന് മുന്നെ വാഷിങ്ടണ്‍ സുന്ദറിനെ ഇറക്കിയത് എന്തിനാണെന്ന് തനിക്ക് മനസിലായില്ലെന്നാണ് ശ്രീകാന്ത് ചോദിക്കുന്നത്.
K.L Rahul Photo: x.com
മാത്രമല്ല രാഹുല്‍ സുന്ദറിനേക്കാള്‍ മുകളില്‍ ബാറ്റ് ചെയ്യുന്നതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ രാഹുല്‍ നാലിലോ അഞ്ചിലോ ബാറ്റ് ചെയ്യണമെന്നും വാഷിങ്ടണ്‍ സുന്ദറിനെ ഒരു ഫിനിഷറായി കളിപ്പിക്കണമെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.
‘എന്തുകൊണ്ടാണ് കെ.എല്‍. രാഹുലിന് മുമ്പ് വാഷിങ്ടണ്‍ സുന്ദറിനെ ഇറക്കിയതെന്ന് എനിക്ക് മനസിലാകുന്നില്ല. രാഹുല്‍ സുന്ദറിനേക്കാള്‍ മുകളില്‍ ബാറ്റ് ചെയ്തിരുന്നെങ്കില്‍, അത് ഇന്ത്യന്‍ ടീമിന് നന്നാകുമായിരുന്നു. അദ്ദേഹം ഒരിക്കലും അഞ്ചാം നമ്പറിന് താഴെ ബാറ്റ് ചെയ്യരുത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇത് ഒരു വിജയകരമായ നീക്കമായിരുന്നു, പക്ഷേ ഇപ്പോഴുള്ള സാഹചര്യം അങ്ങനെയല്ല. രാഹുല്‍ നാലിലോ അഞ്ചിലോ ബാറ്റ് ചെയ്യണം. വാഷിങ്ടണ്‍ സുന്ദറിനെ ഒരു ഫിനിഷറായി കളിക്കാന്‍ കഴിയും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിന മത്സരത്തില്‍ 17 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. റാഞ്ചിയില്‍ ഇന്ത്യ ഉയര്‍ത്തിയ 350 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന സന്ദര്‍ശകര്‍ 332 റണ്‍സിന് പുറത്താവുകയായിരുന്നു.
മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനമായിരുന്നു വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും കാഴ്ചവെച്ചത്. മത്സരത്തില്‍ കോഹ്‌ലി 120 പന്തില്‍ 135 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ഏഴ് സിക്‌സും 11 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. രോഹിത് ശര്‍മ 51 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 57 റണ്‍സുമാണ് സ്‌കോര്‍ ചെയ്തത്.
മത്സരത്തില്‍ കോഹ്‌ലിയ്ക്കും രോഹിത്തിനും പുറമെ, കെ.എല്‍ രാഹുലും രവീന്ദ്ര ജഡേജയും മികച്ച പ്രകടനം പുറത്തെടുത്തു. രാഹുല്‍ മൂന്ന് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 56 പന്തില്‍ 60 റണ്‍സായിരുന്നു നേടിയത്. ജഡേജ 20 പന്തില്‍ 32 റണ്‍സും സംഭാവന ചെയ്തു.
അതേസമയം, ഡിസംബര്‍ മൂന്നിനാണ് പരമ്പരയിലെ രണ്ടാം മത്സരം. റായ്പൂരിലെ ഷഹീദ് വീര്‍ നാരായണ്‍ സിങ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി. റാഞ്ചിയില്‍ ത്രില്ലര്‍ വിജയം സ്വന്തമാക്കിയ ഇന്ത്യ റായ്പൂരിലും വിജയം സ്വന്തമാക്കി പരമ്പര സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്. ആദ്യ മത്സരം പരാജയപ്പെട്ട പ്രോട്ടിയാസിന് പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ വിജയം അനിവാര്യമാണ്.
Content Highlight: Kris Srikkanth Talking About K.L Rahul And Washington Sundar