| Friday, 28th November 2025, 10:58 am

ഇന്ത്യയുടെ ടെസ്റ്റ് മത്സരങ്ങള്‍ ഇംഗ്ലണ്ടില്‍ നടത്തണം: ക്രിസ് ശ്രീകാന്ത്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയ്‌ക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന ടെസ്റ്റ് പരമ്പര സൗത്ത് ആഫ്രിക്ക വിജയിച്ചിരിക്കുകയാണ്. 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ മണ്ണില്‍ സൗത്ത് ആഫ്രിക്ക് ഒരു ടെസ്റ്റ് പരമ്പര വിജയിക്കുന്നത്. ഇതോടെ ഇന്ത്യന്‍ ടീമും മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറും വലിയ വിമിര്‍ശനങ്ങളാണ് നേരിടുന്നത്.

മത്സരങ്ങള്‍ക്കായി ഇന്ത്യ തയ്യാറാക്കിയ പിച്ചില്‍ പ്രശ്‌നങ്ങളുള്ളതായി പല സീനിയര്‍ താരങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെ ഇന്ത്യ ടെസ്റ്റ് മത്സരങ്ങള്‍ ഇംഗ്ലണ്ടില്‍ കളിക്കണമെന്ന് പറയുകയാണ് മുന്‍ താരം ക്രിസ് ശ്രീകാന്ത്. ഇന്ത്യ മികച്ച പ്രകടനം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെക്കേണ്ടതുണ്ട്. ഇന്ത്യ നിഷ്പക്ഷ വേദികളില്‍ കളിക്കണം. ഇന്ത്യയുടെ ടെസ്റ്റ് മത്സരങ്ങള്‍ ഇംഗ്ലണ്ടില്‍ നടത്തുന്നത് ഉചിതമാണ്. സ്റ്റേഡിയങ്ങള്‍ നിറഞ്ഞിരിക്കും, ഇന്ത്യക്കാര്‍ക്ക് മത്സരങ്ങള്‍ കാണാന്‍ യു.കെയിലേക്ക് യാത്രകള്‍ പ്ലാന്‍ ചെയ്യാം. മുന്‍കാലങ്ങളില്‍ ഇന്ത്യ-ഇംഗ്ലണ്ടില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിനാല്‍, അവര്‍ വീണ്ടും മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധ്യതയുണ്ട്. ഇന്ത്യയ്ക്ക് ഇനി സ്വന്തം നാട്ടില്‍ ടെസ്റ്റ് മത്സരങ്ങള്‍ ഉണ്ടാകില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ട് ടെസ്റ്റും ആധിഥേയര്‍ പരാജയപ്പെട്ടിരുന്നു. അവസാന മത്സരത്തില്‍ 408 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയും ഇന്ത്യ വഴങ്ങിയിരുന്നു. 549 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 140 റണ്‍സിന് പുറത്താകുകയായിരുന്നു.

മത്സരത്തിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ തോല്‍വിയെ ന്യായീകരിച്ച് സംസാരിച്ചിരുന്നു. ഇതോടെ പല മുന്‍ താരങ്ങളും ഗംഭീറിനെ വിമര്‍ശിച്ച് രംഗത്ത് വരികയും ചെയ്തു. എന്നിരുന്നാലും ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് നിന്ന് ഗംഭീറിനെ പുറത്താക്കില്ലെന്ന നിലപാടിലാണ് ബി.സി.സി.ഐയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

2027 വരെയാണ് ഗംഭീറിന്റെ കരാറെന്നും അതില്‍ മാറ്റമില്ലെന്നും ബി.സി.സി.ഐ പറഞ്ഞതായി എക്പ്രസ് സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പാകിസ്ഥാനും താഴെയാണ് ഇന്ത്യയുടെ സ്ഥാനം.

ഇനി ഇന്ത്യയുടെ മുന്നിലുള്ളത് സൗത്ത് ആഫ്രിക്കയ്ക്കെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളടങ്ങുന്ന പരമ്പരയാണ്. നവംബര്‍ 30ന് റാഞ്ചിയിലാണ് മത്സരം ആരംഭിക്കുന്നത്. പരമ്പരയിലെ രണ്ടാം മത്സരം ഡിസംബര്‍ മൂന്നിന് റായിപൂരിലും മൂന്നാം മത്സരം ഡിസംബര്‍ ആറിന് വിശാഖപട്ടണത്തിലുമാണ്.

Content Highlight: Kris Srikkanth Talking About Indian Test Cricket

We use cookies to give you the best possible experience. Learn more