| Monday, 6th April 2026, 12:29 pm

അവനെ ടീമില്‍ നിന്ന് പുറത്താക്കണം; ചെന്നൈ താരത്തിന് രൂക്ഷ വിമര്‍ശനവുമായി ക്രിസ് ശ്രീകാന്ത്

ശ്രീരാഗ് പാറക്കല്‍

ചെന്നൈയുടെ ടീം കോമ്പിനേഷന്‍ തുടക്കം മുതല്‍ തെറ്റാണെന്ന് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. ന്യൂസിലാന്‍ഡ് പേസര്‍ മാറ്റ് ഹെന്റിയെ ടീമില്‍ നിന്ന് ഒഴിവാക്കണമെന്നും പകരം വെസ്റ്റ് ഇന്‍ഡീസ് താരം ആകേല്‍ ഹുസൈനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം രൂക്ഷ ഭാഷയില്‍ പറഞ്ഞു. മാത്രമല്ല വളരെ ദുര്‍ബലമായ ബൗളിങ് യൂണിറ്റാണ് ചെന്നൈയുടേതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

‘തുടക്കം മുതല്‍ തന്നെ അവരുടെ (ചെന്നൈയുടെ) ടീം കോമ്പിനേഷന്‍ തെറ്റാണ്. എല്ലാവരും അകേല്‍ ഹുസൈന്‍ കളിക്കണമെന്ന് പറയും. അതൊരു വ്യക്തമായ തെരഞ്ഞെടുപ്പാണ്. മാറ്റ് ഹെന്റിയെ എന്തിനാണ് കളിപ്പിച്ചതെന്ന് എനിക്കറിയില്ല. മാറ്റ് ഹെന്റിയുടെ ആവശ്യം ടീമിനില്ലായിരുന്നു.

ചെന്നൈക്ക് തെറ്റുപറ്റി, അദ്ദേഹം ഇനി ഒരിക്കലും പ്ലെയിങ് ഇലവനില്‍ ഉണ്ടാകരുത്. ഹെന്റിയെ കുറ്റപ്പെടുത്താന്‍ ഇനിയും എത്ര തെളിവുകള്‍ വേണം? എനിക്ക് മനസിലാകുന്നില്ല. നിങ്ങളുടെ ബൗളിങ് നിര വളരെ ദുര്‍ബലമാണെന്ന് വ്യക്തമാകുമ്പോള്‍, അകേല്‍ ഹുസൈനെ കളിപ്പിച്ചുകൂടെ?,’ ക്രിസ് ശ്രീകാന്ത് പറഞ്ഞു.

ഐ.പി.എല്ലില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് നാല് വിക്കറ്റുകള്‍ മാത്രമാണ് ഹെന്റിക്ക് വീഴ്ത്താന്‍ സാധിച്ചത്. 311 റണ്‍സ് താര വഴങ്ങിയിട്ടുണ്ട്. 54 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടിയതാണ് താരത്തിന്റെ മികച്ച ബൗളിങ് പ്രകടനം. ഈ സീസണില്‍ പഞ്ചാബിനെതിരായ കണക്കുകളായിരുന്നു അത്. 11.52 എക്കോണമിയും 77.8 ആവറേജുമാണ് താരത്തിനുള്ളത്.

അതേസമയം ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 43 റണ്‍സിനാണ് ബെംഗളൂരുവിന്റെ വിജയം. ഇതോടെ സീസണില്‍ തുടര്‍ച്ചയായ മൂന്നാം പരാജയമാണ് ചെന്നൈ ഏറ്റുവാങ്ങുന്നത്. ആര്‍.സി.ബി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഉയര്‍ത്തിയ 251 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈ 19.4 ഓവറില്‍ 207 റണ്‍സിന് തകര്‍ന്നടിയുകയായിരുന്നു.

മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തിയിരുന്നു. താരം അഞ്ച് പന്തില്‍ ഒരു സിക്‌സറടക്കം ഒമ്പത് റണ്‍സുമായി മടങ്ങി. രാജസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ ആറ് റണ്‍സും പഞ്ചാബിനെതിരായ രണ്ടാം മത്സരത്തില്‍ ഏഴ് റണ്‍സുമായിരുന്നു താരം നേടിയത്.

Content Highlight: Kris Srikkanth Talking About CSK Bowler Matt Henry

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more