| Wednesday, 19th March 2025, 10:22 am

അവന്‍ ബൗളിങ്ങിനെത്തിയാല്‍ ഗെയ്‌ലിന്റെ കാല്‍ വിറയ്ക്കും; സൂപ്പര്‍ താരത്തെക്കുറിച്ച് ക്രിസ് ശ്രീകാന്ത്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ മാമാങ്കത്തെ വരവേല്‍ക്കാനുള്ള ആവേശത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം. ഇതോടെ ടൂര്‍ണമെന്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. മെഗാലേലത്തില്‍ പല താരങ്ങളെ വിട്ടയച്ചും തിരിച്ചുപിടിച്ചും അടിമുടി മാറ്റം വന്ന ആരാധകരുടെ ഫേവറേറ്റ് ടീമുകള്‍ കളത്തിലിറങ്ങുമ്പോള്‍ ആര്‍. അശ്വിനും കൂടിയാണ് ചര്‍ച്ചയാകുന്നത്. ഏറെ കാലങ്ങള്‍ക്ക് ശേഷം തന്റെ ഹോം ടീമായ ചെന്നൈയിലേക്ക് എത്തിയിരിക്കുകയാണ് അശ്വിന്‍.

ഒരു പരിപാടിക്കിടയില്‍ മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത് സ്റ്റാര്‍ സ്പിന്നര്‍ അശ്വിനെ പ്രശംസിച്ച് സംസാരിച്ചിരുന്നു. കുട്ടി ക്രിക്കറ്റില്‍ ഏതൊരു ബൗളറും ഭയന്നിരുന്ന കരീബിയന്‍ താരം ക്രിസ് ഗെയ്‌ലിന് അശ്വിന്‍ ബൗളിങ്ങിനെത്തിയാല്‍ കാല്‍ വിറയ്ക്കുമെന്നാണ് ശ്രീകാന്ത് പറഞ്ഞത്. ചെന്നൈയില്‍ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിനിടെയാണ് ശ്രീകാന്ത് ഇക്കാര്യം പറഞ്ഞത്.

ശ്രീകാന്ത് അശ്വിനെക്കുറിച്ച് പറഞ്ഞത്

‘ക്രിസ് ഗെയ്‌ലിന് ബൗണ്ടറികളും സിക്സറുകളും അടിക്കാന്‍ കഴിയും, പക്ഷേ അദ്ദേഹത്തിന് ആര്‍. അശ്വിനെ നേരിടാന്‍ കഴിഞ്ഞില്ല. അശ്വിന് അവനെ പുറത്താക്കാന്‍ നാല് പന്തുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ. അശ്വിന്‍ പന്തെറിയുമ്പോള്‍ ഗെയ്‌ലിന്റെ കാലുകള്‍ വിറയ്ക്കാന്‍ തുടങ്ങി,’ ശ്രീകാന്ത് പറഞ്ഞു.

ഐ.പി.എല്ലില്‍ അഞ്ച് തവണയാണ് അശ്വിന്‍ ഗെയ്‌ലിനെ പുറത്താക്കിയത്. ലോകത്തിലെ ഏറ്റവും മികച്ച ടി-20 ലീഗില്‍ ഇതിഹാസ സ്പിന്നറെ നേരിട്ട 64 പന്തില്‍ നിന്ന് 53 റണ്‍സ് മാത്രമാണ് വെടിക്കെട്ട് വീരന്‍ ഗെയ്‌ലിന് നേടാന്‍ സാധിച്ചിട്ടുള്ള. ക്രിക്കറ്റില തുടക്കകാലത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ അശ്വിനെ ഒരു മികച്ച ബൗളറാക്കിയത് എം.എസ്. ധോണിയാണെന്നും ശ്രീകാന്ത് പ്രശംസിച്ചു.

‘ടി-20 ക്രിക്കറ്റില്‍ അശ്വിന്റെ കഴിവ് ധോണി തിരിച്ചറിഞ്ഞു, അത് അദ്ദേഹത്തെ മാച്ച് വിന്നിങ് ബൗളറാക്കി. പിന്നീട് ഏകദിനത്തിലും ടെസ്റ്റ് ക്രിക്കറ്റിലും അദ്ദേഹം തന്റെ ക്ലാസ് കാണിച്ചു. അദ്ദേഹം ഒരു മികച്ച ബാറ്ററുമാണ്,’ ശ്രീകാന്ത് പറഞ്ഞു.

അതേസമയം മാര്‍ച്ച് 22ന് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമാണ് ഐ.പി.എല്ലിന്റെ ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്.

Content Highlight: Kris Srikkanth Talking About Chris Gayle And Ashwin

We use cookies to give you the best possible experience. Learn more