| Wednesday, 25th March 2026, 10:50 pm

അവനെ എക്കാലത്തെയും മികച്ച നായകനെന്ന് വിളിക്കാനാവില്ല; ഐ.പി.എല്ലിലെ ഇന്ത്യന്‍ ക്യാപ്റ്റനെ കുറിച്ച് ശ്രീകാന്ത്

ഫസീഹ പി.സി.

പഞ്ചാബ് കിങ്സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരിനെ എക്കാലത്തെയും മികച്ച ക്യാപ്റ്റനെന്ന വിളിക്കാനാവില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. ശ്രേയസ് മികച്ച ക്യാപ്റ്റനാണെങ്കിലും രോഹിത് ശര്‍മയുടെയും എം.എസ്. ധോണിയുടെയും നിലവാരത്തിലേക്ക് എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എങ്കിലും സമ്മര്‍ദങ്ങളില്‍ ശ്രേയസ് മികച്ച രീതിയിലാണ് നയിക്കുന്നതെന്നും അത് മികച്ച നായകന്റെ ലക്ഷണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ശ്രീകാന്ത്.

ക്രിസ് ശ്രീകാന്ത്.

‘ശ്രേയസ് അയ്യരെ ഇപ്പോള്‍ തന്നെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍ എന്ന് വിളിക്കാനാവില്ല. രോഹിത് ശര്‍മയും എം.എസ് ധോണിയും പോലുള്ള നായകന്മാര്‍ മറ്റൊരു തലത്തിലാണ്. ശ്രേയസ് ഇപ്പോഴും ആ നിലവാരത്തിലേക്ക് എത്തിയിട്ടില്ല.

ശ്രേയസ് മികച്ചൊരു ക്യാപ്റ്റനാണ്. അവന്റെ ശാന്തമായ സ്വഭാവം എനിക്ക് വല്ലാതെ ഇഷ്ടമാണ്. എത്ര സമ്മര്‍ദഘട്ടത്തിലായാലും അവന്‍ ടീമിനെ ശാന്തമാക്കുന്നു. എങ്ങനെ പ്രതിസന്ധികളില്‍ പതറാതെയാണ് ടീമിനെ നയിക്കുന്നത്. അത് മികച്ചൊരു നായകന്റെ ലക്ഷണമാണ്,’ ശ്രീകാന്ത് പറഞ്ഞു.

ഐ.പി.എല്ലില്‍ മൂന്ന് ടീമുകളെ നയിച്ചിട്ടുള്ള താരമാണ് ശ്രേയസ്. ദല്‍ഹി ക്യാപ്റ്റില്‍സിലായിരുന്നു താരത്തിന്റെ ക്യാപ്റ്റന്‍സി അരങ്ങേറ്റം. 2020ല്‍ താരം ദല്‍ഹിയുടെ ചരിത്രത്തിലാദ്യമായി ടീമിനെ ഫൈനലില്‍ എത്തിച്ചിരുന്നു.

ശ്രേയസ് അയ്യർ. Photo: Shebas/x.com

പിന്നാലെ, ശ്രേയസ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റനായി. 2024ല്‍ താരം ടീമിനെ ഐ.പി.എല്‍ ജേതാക്കളാക്കി. കലാശപ്പോരില്‍ സണ്‍റൈസേഴ്സ് ഹൈദരബാദിനെ തോല്‍പ്പിച്ച് താരം ടീമിന് മൂന്നാം കിരീടം സമ്മാനിക്കുകയായിരുന്നു.

അടുത്ത സീസണില്‍ കൊല്‍ക്കത്ത വിട്ട ശ്രേയസിനെ പഞ്ചാബ് കിങ്സ് ടീമിലെത്തിച്ച് ക്യാപ്റ്റന്‍സി കൈമാറി. ടീമിനൊപ്പമുള്ള ആദ്യ സീസണില്‍ തന്നെ ടീമിനെ താരം ഫൈനലിലെത്തിച്ചു. അത് പഞ്ചാബിന്റെ രണ്ടാമത്തെ മാത്രം ഫൈനല്‍ പ്രവേശനമായിരുന്നു. 11 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ഇത്.

ഐ.പി.എല്ലില്‍ 87 മത്സരങ്ങളിലാണ് ശ്രേയസ് നായക കുപ്പായമണിഞ്ഞിട്ടുള്ളത്. അതില്‍ 50 മത്സരങ്ങളില്‍ വിജയവും 35 എണ്ണത്തില്‍ തോല്‍വിയും താരം വഴങ്ങി. ടൂര്‍ണമെന്റില്‍ ക്യാപ്റ്റനായി മുംബൈ ബാറ്റര്‍ക്ക് 58.82 വിജയശതമാനമുണ്ട്.

Content Highlight: Kris Srikkanth says that Shreyas Iyer cannot be called the all time great captain

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more