| Monday, 22nd June 2026, 8:26 pm

ഇംഗ്ലണ്ടിനെതിരെ അവന്‍ ഉണ്ടാവേണ്ടതായിരുന്നു: ശ്രീകാന്ത്

ഫസീഹ പി.സി.

ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. 15 അംഗ സ്‌ക്വാഡില്‍ സൂപ്പര്‍ താരം മുഹമ്മദ് സിറാജിനെ ഉള്‍പ്പെടുത്തിയിരുന്നില്ല.

ഇതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. മുഹമ്മദ് സിറാജ് ടീമില്‍ ഉണ്ടായിരിക്കേണ്ടതായിരുന്നെന്നും പല സെലക്ഷനും ന്യായീകരിക്കാമെങ്കിലും എന്തിനാണ് അര്‍ഷ്ദീപ് സിങ്ങിനെ ഉള്‍പ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ക്രിസ് ശ്രീകാന്ത്. Photo: lndian Sports Netwrk/x.com

സിറാജിനും അര്‍ഷ്ദീപിനും ഇടയില്‍ ഒരാളെ തെരഞ്ഞെടുക്കണമെങ്കില്‍ സിറാജായിരിക്കും തന്റെ ചോയ്സിനും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ശ്രീകാന്ത്.

‘മുഹമ്മദ് സിറാജ് ടീമില്‍ ഉണ്ടായിരിക്കേണ്ടതായിരുന്നു. എന്തുകൊണ്ടാണ് അവനെ ടീമില്‍ ഉള്‍പ്പെടുത്താത്തതെന്ന് എനിക്ക് മനസിലാകുന്നില്ല. ചെന്നൈയില്‍ നടന്ന മത്സരത്തില്‍ പ്രസിദ്ധ് കൃഷ്ണ മികച്ച രീതിയിലാണ് പന്തെറിഞ്ഞത്. പരിക്കേല്‍ക്കുന്നതിന് മുമ്പ് ഹര്‍ഷിത് റാണയും പ്രകടനം പുറത്തെടുത്തിരുന്നു.

പുതുമുഖങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന നിലയില്‍ ഗുര്‍നൂര്‍ ബ്രാറിനെ തെരഞ്ഞെടുത്തത് ന്യായീകരിക്കാം. എന്നാല്‍ ഏകദിനത്തില്‍ അര്‍ഷ്ദീപ് സിങ്ങിന്റെ പ്രകടനം ശരാശരി മാത്രമാണ്. സിറാജിനും അര്‍ഷ്ദീപിനും ഇടയില്‍ ഒരാളെ തെരഞ്ഞെടുക്കണമെങ്കില്‍ സിറാജായിരിക്കും എന്റെ ചോയ്‌സ്,’ ശ്രീകാന്ത് പറഞ്ഞു.

2026ന്റെ തുടക്കത്തില്‍ ന്യൂസിലാന്‍ഡിനെതിരെയാണ് സിറാജ് അവസാനമായി ഏകദിനത്തില്‍ കളിച്ചത്. താരം മൂന്ന് വിക്കറ്റുകളാണ് പരമ്പരയില്‍ നേടിയത്. മറുവശത്ത് അര്‍ഷ്ദീപ് അഫ്ഗാനിസ്ഥാനെതിരെ രണ്ട് ഏകദിനങ്ങളില്‍ കളത്തിലിറങ്ങിയിരുന്നു. താരം പരമ്പരയില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.

ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരക്കുള്ള ഇന്ത്യ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ങ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിദ് റാണ, ഗുര്‍നൂര്‍ ബ്രാര്‍.

Content Highlight: Kris Srikkanth says India should include Mohammed Siraj instead of Arshdeep Singh in ODI squad against England

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.

We use cookies to give you the best possible experience. Learn more