| Wednesday, 20th August 2025, 1:04 pm

ഈ ടീമിനെയും വെച്ച് ഇന്ത്യയ്ക്ക് ലോകകപ്പ് ജയിക്കാനാവില്ല: ക്രിസ് ശ്രീകാന്ത്

സ്പോര്‍ട്സ് ഡെസ്‌ക്

സെപ്റ്റംബറില്‍ ആരംഭിക്കുന്ന ഏഷ്യ കപ്പിനുള്ള കാത്തിരിപ്പിനാണ് എല്ലാ ക്രിക്കറ്റ് ആരാധകരും. ടൂര്‍ണമെന്റിന് മുന്നോടിയായി കഴിഞ്ഞ ദിവസം ബി.സി.സി.ഐ 15 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചിരുന്നു. സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനായും ശുഭ്മന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനായി നിയമിച്ചായിരുന്നു ടീമിനെ തെരഞ്ഞെടുത്തത്.

സ്‌ക്വാഡ് വിവരം പുറത്ത് വന്നപ്പോള്‍ പ്രതീക്ഷിക്കപെട്ട പല പേരുകളും ടീമില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, അപ്രതീക്ഷിതമായി ചില താരങ്ങള്‍ ടീമില്‍ എത്തുകയും മറ്റു ചിലര്‍ ടീമിന് പുറത്താവുകയും ചെയ്തു. ഇപ്പോള്‍ ഈ ടീമിനെ കുറിച്ച് പ്രതികരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ലോകകപ്പ് ജേതാവുമായ ക്രിസ് ശ്രീകാന്ത്.

ഈ ടീമും വെച്ച് ഇന്ത്യയ്ക്ക് ഏഷ്യ കപ്പ് ജയിക്കാന്‍ കഴിഞ്ഞേക്കാമെന്നും എന്നാല്‍ അടുത്ത വര്‍ഷം ടി -20 ലോകകപ്പ് സ്വപ്നം പോലും കാണാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം അക്സര്‍ പട്ടേലിനെ വൈസ് ക്യാപ്റ്റന്‍സിയില്‍ നിന്ന് മാറ്റിയതിനെ കുറിച്ചും മുന്‍ താരം തന്റെ യൂട്യൂബ് ചാനലില്‍ സംസാരിച്ചു.

‘നമ്മള്‍ ഈ ടീമും വെച്ച് ഏഷ്യ കപ്പ് വിജയിച്ചേക്കാം. പക്ഷേ, അടുത്ത വര്‍ഷത്തെ ടി – 20 ലോകകപ്പ് നേടാന്‍ ഒരു സാധ്യതയുമില്ല. ഈ ടീമിനെ ലോകകപ്പിന് കൊണ്ടുപോവാനാണോ ഉദ്ദേശിക്കുന്നത്? ആറ് മാസം മാത്രം അകലെയുള്ള ലോകകപ്പിനുള്ള തയ്യാറെടുപ്പാണോ ഇത്?

സെലക്ഷന്‍ കമ്മിറ്റി പിറകോട്ടാണ് പോകുന്നതെന്നാണ് എനിക്ക് തോന്നുന്നത്. അക്സര്‍ പട്ടേലിനെ വൈസ് ക്യാപ്റ്റന്‍സിയില്‍ നിന്ന് പുറത്താക്കി. റിങ്കു സിങ്, ശിവം ദുബൈ, ഹര്‍ഷിത് റാണ എന്നിവര്‍ എങ്ങനെയാണ് ടീമിലെത്തിയത്. ഐ.പി.എല്ലാണ് സെലക്ഷന്‍ മാനദണ്ഡമായി കരുതിയിരുന്നത്. പക്ഷേ, സെലക്ടര്‍മാര്‍ അതിന് മുമ്പുള്ളതാണ് പരിഗണിച്ചത്,’ ശ്രീകാന്ത് പറഞ്ഞു.

2025 ഏഷ്യാ കപ്പ് സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍). ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, റിങ്കു സിങ്.

Content Highlight: Kris Srikkanth says that India might win Asia cup with current team, but not possible to win T20 World Cup next year

We use cookies to give you the best possible experience. Learn more