| Thursday, 28th August 2025, 8:49 am

ഏഷ്യാ കപ്പ് ജയിക്കുമായിരിക്കും, എന്നാല്‍ 2026 ലോകകപ്പില്‍ ഇന്ത്യ പരാജയപ്പെടും; കാരണങ്ങള്‍ നിരത്തി മുന്‍ സെലക്ടര്‍

സ്പോര്‍ട്സ് ഡെസ്‌ക്

അടുത്ത വര്‍ഷം ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടി-20 ലോകകപ്പില്‍ ഇന്ത്യയുടെ സാധ്യതകള്‍ വിലയിരുത്തി മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ചീഫ് സെലക്ടറുമായിരുന്ന ക്രിസ് ശ്രീകാന്ത്. നിലവിലെ ഇന്ത്യന്‍ സ്‌ക്വാഡ് ലോകകപ്പ് വിജയിക്കാന്‍ പ്രാപ്തരല്ല എന്നാണ് ശ്രീകാന്തിന്റെ വിലയിരുത്തല്‍.

ഈ ടീമിന് ഏഷ്യാ കപ്പ് വിജയിക്കാന്‍ സാധിക്കുമെന്നും, എന്നാല്‍ ലോകകപ്പ് വിജയിക്കില്ലെന്നും ശ്രീകാന്ത് പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

ക്രിസ് ശ്രീകാന്ത്

‘ഈ സ്‌ക്വാഡ് നമുക്ക് ഏഷ്യാ കപ്പ് നേടിത്തന്നേക്കാം. എന്നാല്‍ ഈ ടീമിന് ഒരിക്കലും ടി-20 ലോകകപ്പ് വിജയിക്കാന്‍ സാധിക്കില്ല. ഈ ടീമിനെയാണോ നിങ്ങള്‍ ലോകകപ്പിനായി കളത്തിലിറക്കാന്‍ ഉദ്ദേശിക്കുന്നത്? ആറ് മാസങ്ങള്‍ക്ക് ശേഷമുള്ള ഒരു ഇവന്റിനായി ഇങ്ങനെയാണോ മുന്നൊരുക്കങ്ങള്‍ നടത്തുന്നത്?,’ ശ്രീകാന്ത് ചോദിച്ചു.

അക്‌സര്‍ പട്ടേലിനെ വൈസ് ക്യാപ്റ്റന്‍സിയില്‍ നിന്നും മാറ്റിയ ഇന്ത്യയുടെ തീരുമാനത്തെ ചോദ്യം ചെയ്ത ശ്രീകാന്ത്, സ്‌ക്വാഡില്‍ റിങ്കു സിങ്, ശിവം ദുബെ, ഹര്‍ഷിത് റാണ എന്നിവര്‍ ഇടം പിടിച്ചതിലും അതൃപ്തി പ്രകടിപ്പിച്ചു. ഫോം അടിസ്ഥാനമാക്കി മാത്രമാകണം ടീമിനെ തെരഞ്ഞെടുക്കേണ്ടതെന്നും ശ്രീകാന്ത് അഭിപ്രായപ്പെട്ടു.

‘ഇന്ത്യ ഒരു അടി പിന്നിലേക്ക് വെച്ചിരിക്കുകയാണ്. അക്‌സര്‍ പട്ടേലിനെ വൈസ് ക്യാപ്റ്റന്‍സിയില്‍ നിന്നും പുറത്താക്കി. റിങ്കു സിങ്, ശിവം ദുബെ, ഹര്‍ഷിത് റാണ എന്നിവര്‍ എങ്ങനെ സ്‌ക്വാഡില്‍ കയറിപ്പറ്റി എന്നും എനിക്ക് മനസിലാകുന്നില്ല.

ടീം സെലക്ഷനില്‍ ഐ.പി.എല്ലിലെ പ്രകടനം ഒരു പ്രധാന ഘടകമാണ്. എന്നാല്‍ മുന്‍കാലങ്ങളിലെ പ്രകടനമാണ് സെലക്ടര്‍മാര്‍ പരിഗണിച്ചത് എന്നാണ് എനിക്ക് തോന്നുന്നത്,’ ശ്രീകാന്ത് പറഞ്ഞു.

ടീമിന്റെ മിഡില്‍ ഓര്‍ഡറിനെ കുറിച്ചും ഇന്ത്യയുടെ 1983 വേള്‍ഡ് കപ്പ് ഹീറോ ആശങ്ക പ്രകടിപ്പിച്ചു.

‘ആരാണ് അഞ്ചാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങുക? സഞ്ജു സാംസണ്‍, ജിതേഷ് ശര്‍മ, ശിവം ദുബെ അല്ലെങ്കില്‍ റിങ്കു സിങ് എന്നിവര്‍ക്കായിരിക്കണം ആ സ്ഥാനം നല്‍കുക. സാധാരണയായി ഹര്‍ദിക് പാണ്ഡ്യയാണ് ഈ പൊസിഷനില്‍ ബാറ്റിങ്ങിനിറങ്ങാറുള്ളത്. അതായത് അക്‌സര്‍ പട്ടേലിന് ആറാം നമ്പറിലും ബാറ്റിങ്ങിനിറങ്ങാന്‍ സാധിക്കില്ല എന്ന് അര്‍ത്ഥം.

അക്‌സര്‍ പട്ടേല്‍

ശിവം ദുബെയെ എന്തിന് സെലക്ട് ചെയ്തു എന്ന് എനിക്കിനിയും മനസിലായിട്ടില്ല. യശസ്വി ജെയ്‌സ്വാള്‍ അന്താരാഷ്ട്ര തലത്തിലും ഐ.പി.എല്ലിലും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും സ്‌ക്വാഡില്‍ നിന്നും ഒഴിവാക്കപ്പെട്ടു,’ ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

യശസ്വി ജെയ്‌സ്വാള്‍

ഏഷ്യാ കപ്പില്‍ ഗ്രൂപ്പ് എ-യിലാണ് ഇന്ത്യയുടെ സ്ഥാനം. പാകിസ്ഥാന്‍, യു.എ.ഇ, ഒമാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

സെപ്റ്റംബര്‍ പത്തിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. യു.എ.ഇയാണ് എതിരാളികള്‍. സെപ്റ്റംബര്‍ 14ന് പാകിസ്ഥാനെതിരെയും 19ന് ഒമാനെതിരെയും ഇന്ത്യ കളത്തിലിറങ്ങും.

ഇന്ത്യ സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍). ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, റിങ്കു സിങ്.

Content Highlight: Kris Srikkanth says current Indian squad not good enough to win T20 World Cup

We use cookies to give you the best possible experience. Learn more