അയര്‍ലാന്‍ഡിനെതിരെയുള്ള ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ യുവതാരം സുര്യന്‍ഷ് ഷെഡ്ജയെ ഉള്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. ഷെഡ്ജയെ പോലുള്ള താരങ്ങളെ ഇന്ത്യന്‍ ടീമില്‍ നിന്നും മാറ്റിനിര്‍ത്തണമെന്നാണ് ശ്രീകാന്ത് പറഞ്ഞത്.
ബൗള്‍ ചെയ്യാത്ത ഒരാള്‍ ബാറ്റിങ് ഓള്‍ റൗണ്ടറായി കളിക്കുന്നത് ടീമിന് ഒരു ഗുണവും ചെയ്യില്ലെന്നും മുന്‍ ഇന്ത്യന്‍ താരം വ്യക്തമാക്കി. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു ശ്രീകാന്ത്.
‘ഷെഡ്ജയെ പോലുള്ള താരങ്ങളെ ടീമില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നാണ് എനിക്ക് തോന്നുന്നത്. എട്ട് ഓവര്‍ കഴിയുമ്പോഴും ഒരു ബൗള്‍ പോലും ചെയ്യാത്ത ഒരാള്‍ ബാറ്റിങ്ങ് ഓള്‍ റൗണ്ടറായി കളിക്കുന്നത് വലിയ പ്രയോജനമുള്ള കാര്യമല്ല. അപ്പോള്‍ അവന്‍ ടീമില്‍ ഉണ്ടാവണമെന്നില്ല. നിതീഷ് കുമാര്‍ റെഡ്ഢിക്ക് പകരം അവന്‍ എങ്ങനെ ടീമിലെത്തി എന്നത് വ്യക്തമല്ല. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടുണ്ടാവാം. എന്നാല്‍ ഐ.പി.എല്ലില്‍ അവന്‍ വലിയ പ്രകടനങ്ങള്‍ നടത്തിയിട്ടില്ല,’ ക്രിസ് ശ്രീകാന്ത് പറഞ്ഞു.
അടുത്തിടെ ശ്രീലങ്കയില്‍ നടന്ന ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യ എ ടീമിന് വേണ്ടി നടത്തിയ മികവുറ്റ പ്രകടനമാണ് ഷെഡ്ജയെ ഇന്ത്യന്‍ ടീമിലെത്തിച്ചത്. ടൂര്‍ണമെന്റില്‍ അഞ്ച് മത്സരങ്ങളില്‍ നിന്നും 147 റണ്‍സാണ് താരം അടിച്ചെടുത്തത്.
2026 ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സിന് വേണ്ടിയും മികച്ച പ്രകടനം നടത്താന്‍ ഷെഡ്ജക്ക് സാധിച്ചു. ഏഴ് മത്സരങ്ങളില്‍ നിന്നും 158 റണ്‍സാണ് താരം പഞ്ചാബിനായി നേടിയത്. എന്നാല്‍ ഇന്ത്യന്‍ ടീമിലെ തന്റെ അരങ്ങേറ്റം ഗംഭീരമാക്കാന്‍ ഷെഡ്ജക്ക് സാധിച്ചില്ല.
അതേസമയം അയര്‌ലാന്ഡിനെതിരായ ടി-20 പരമ്പര ഇന്ത്യ 2-0ത്തിന് പരാജയപ്പെട്ടിരുന്നു. ചരിത്രത്തിലാദ്യമായാണ് അയര്‍ലാന്‍ഡിനെതിരെ ഇന്ത്യ ഒരു പരമ്പരയില്‍ അടിയറവ് പറഞ്ഞത്.
പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴിലിറങ്ങിയ ആദ്യ പരമ്പര തന്നെ പരാജയപ്പെടുകയായിരുന്നു. സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സിയില്‍ ഒറ്റ സീരിസും പരാജയപ്പെടാതെ മുന്നേറിയ ഇന്ത്യ പുതിയ ക്യാപ്റ്റന്റെ കീഴില്‍ പരാജയപ്പെടുകയായിരുന്നു.
Content Highlight: Kris Srikkanth questions Suryansh Shedge inclusion in Indian team