| Wednesday, 4th February 2026, 8:35 am

അവർ ഫൈനലിൽ ഇന്ത്യയുടെ എതിരാളികളാകും; പ്രവചനവുമായി ക്രിസ് ശ്രീകാന്ത്

ഫസീഹ പി.സി.

2026 ടി – 20 ലോകകപ്പിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ഈ കുട്ടി ക്രിക്കറ്റിന്റെ മാമാങ്കത്തിന് മൂന്ന് ദിവസങ്ങളുടെ ഇടവേള മാത്രമാണുള്ളത്. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായ ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിന്റെ കർട്ടൻ റൈസർ ഫെബ്രുവരി ഏഴിനാണ്.

മാർച്ച് എട്ടിനാണ് ജേതാക്കളെ നിശ്ചയിക്കുന്ന ലോകകപ്പിന്റെ കലാശപ്പോര്. ഇപ്പോൾ ടൂർണമെന്റിന്റെ ഫൈനലിസ്റ്റുകളെ പ്രവചിക്കുകയാണ് മുൻ ഇന്ത്യൻ താരം ക്രിസ് ശ്രീകാന്ത്. ഇന്ത്യയും ഓസ്‌ട്രേലിയയും ആയിരിക്കും ഫൈനലിൽ ഏറ്റുമുട്ടുകയെന്ന് അദ്ദേഹം പറഞ്ഞു.

ക്രിസ് ശ്രീകാന്ത്. Photo: Crictracker/x.com

ഇരുവരും ഫൈനലിൽ നേർക്കുനേർ വന്നാൽ അതൊരു മികച്ച അനുഭവമായിരിക്കും സമ്മാനിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ശ്രീകാന്ത്.

‘ഇന്ത്യ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവരായിരിക്കും സെമി ഫൈനലിൽ കളിക്കുക. ഫൈനലിൽ എത്തുക ഇന്ത്യയും ഓസ്‌ട്രേലിയയുമായിരിക്കും. ഈ ടീമുകൾക്കാണ് അതിന് കൂടുതൽ സാധ്യത. ഈ രണ്ട് ടീമുകളും ഫൈനൽ കളിച്ചാൽ അത് മികച്ചൊരു അനുഭവമായിരിക്കും,’ ശ്രീകാന്ത് പറഞ്ഞു.

ഇന്ത്യൻ ടീം. Photo: BCCI/x.com

ഇന്ത്യയെ പോലെ തന്നെ ഓസ്‌ട്രേലിയയ്ക്കും വെടിക്കെട്ട് ബാറ്റർമാരുണ്ടെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ, അവരുടെ ബൗളിങ്ങിൽ പ്രതീക്ഷയില്ല. ടീമിൽ ധാരാളം ഓൾറൗണ്ടർമാരുണ്ടെന്നതാണ് അവരുടെ ഏറ്റവും വലിയ നേട്ടം. എന്നാൽ ഹെയ്‌സൽവുഡ് ഇല്ലെങ്കിൽ ബാക്കിയെല്ലാ ബൗളർമാർക്കും അടി കിട്ടും.

ആദം സാംപയും ഹെയ്‌സൽവുഡും മിടുക്കരാണ്. ഇവർക്ക് പുറമെ മികച്ച ബൗളർമാർ മറ്റാരും ടീമിലില്ല.ബാറ്റിങ്ങും ഓൾറൗണ്ടർമാരുമാണ് അവരുടെ ഏറ്റവും വലിയ ശക്തി. അവർക്ക് 200 റൺസ് സ്കോർ ചെയ്യാൻ കഴിയും. പക്ഷേ, അവർക്ക് 200 പ്രതിരോധിക്കാൻ കഴിയുമോയെന്നതും സ്ഥിരമായി 200 പിന്തുടരാൻ കഴിയുമോ യെന്നതും ഒരു ചോദ്യമാണെന്ന് ശ്രീകാന്ത് കൂട്ടിച്ചേർത്തു.

Content Highlight: Kris Srikkanth predicts India and Australia will face in the final of T20 World Cup

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more