| Wednesday, 22nd April 2026, 7:40 pm

ഇവര്‍ ഈ സീസണില്‍ പ്ലേഓഫിലെത്തും ; സര്‍പ്രൈസ് ടീമിനെ ഉള്‍പ്പെടുത്തി ശ്രീകാന്ത്

ഫസീഹ പി.സി.

ഐ.പി.എല്‍ 2026 ആരാധകരില്‍ ആവേശം നിറച്ച് മുന്നേറികൊണ്ടിരിക്കുകയാണ്. പത്ത് ടീമുകള്‍ പരസ്പരം പോരടിക്കുന്ന ടൂര്‍ണമെന്റില്‍ ഓരോ ടീമുകളും ആറ് വീതം മത്സരമെങ്കിലും ഇതിനോടകം കളിച്ചിട്ടുണ്ട്. മുപ്പതിലധികം മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ താരങ്ങളെല്ലാം വെടിക്കെട്ടുമായി ക്രിക്കറ്റ് പ്രേമികള്‍ക്ക് വിരുന്ന് തന്നെ സമ്മാനിക്കുന്നുണ്ട്.

ഇപ്പോള്‍ ഈ വര്‍ഷം ടോപ് ഫോറില്‍ എത്തുന്ന ടീമുകളെ പ്രവചിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം കൃഷ്ണമാചാരി ശ്രീകാന്ത്. പഞ്ചാബ് കിങ്സ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, സണ്‍റൈസേഴ്സ് ഹൈദരബാദ്, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകളെയാണ് അദ്ദേഹം തെരെഞ്ഞെടുത്തത്. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ശ്രീകാന്ത്.

കൃഷ്ണമാചാരി ശ്രീകാന്ത്. Photo: Cricktracker

‘ഞാന്‍ ഇക്കാര്യത്തില്‍ ഒരു വൈല്‍ഡ് കോള്‍ നടത്താന്‍ പോകുകയാണ്. നിങ്ങള്‍ ഇതിനോട് യോജിക്കാന്‍ സാധ്യതയില്ല. ഇപ്പോഴത്തെ ഫോം അനുസരിച്ച് പഞ്ചാബ് കിങ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും സണ്‍റൈസേഴ്‌സും ആദ്യ മൂന്നില്‍ എത്തും.

നാലാമതായി മുംബൈ ഇന്ത്യന്‍സുമുണ്ടാവും. ഇതാണ് എന്റെ ടോപ് ഫോര്‍. ഇതൊരു വൈല്‍ഡ് കോളാണെന്ന് എനിക്ക് അറിയാം,’ ശ്രീകാന്ത് പറഞ്ഞു.

പഞ്ചാബ് കിങ്‌സ്. Photo: IndianPremierLeague/x.com

നിലവില്‍ പോയിന്റ് ടേബിളില്‍ ഒന്നാമതുള്ളത് അപരാജിതരായി തുടരുന്ന പഞ്ചാബ് കിങ്സാണ്. ഏഴ് മത്സരങ്ങളില്‍ ആറ് വിജയങ്ങള്‍ സ്വന്തമാക്കിയ ശ്രേയസിന്റെ ടീമിന് 11 പോയിന്റാണുള്ളത്.

പഞ്ചാബിന്റെ തൊട്ട് പിന്നില്‍ നിലവിലെ ചാമ്പ്യന്മാരായ ആര്‍.സി.ബിയാണ്. ആറ് മത്സരങ്ങളില്‍ നിന്ന് നാല് വിജയവുമായി ടീമിന് എട്ട് പോയിന്റുണ്ട്. സണ്‍റൈസേഴ്സ് ഹൈദരാബാദാണ് മൂന്നാം സ്ഥാനത്തുള്ളത്. ടീമിന് ഏഴ് മത്സരങ്ങളില്‍ നിന്ന് നാല് ജയങ്ങളും എട്ട് പോയിന്റുമാണുള്ളത്.

മുംബൈ ഇന്ത്യൻസ്. Photo: IndianPremierLeague/x.com

നാലാം സ്ഥാനത്ത് എട്ട് പോയിന്റുള്ള രാജസ്ഥാന്‍ റോയല്‍സാണ്. ഇവരെ മറികടന്നാണ് ശ്രീകാന്ത് മുംബൈയെ തെരഞ്ഞെടുത്തത്. മുംബൈ നിലവില്‍ പോയിന്റ് ടേബിളില്‍ ഏഴാം സ്ഥാനത്താണ്. ആറ് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ടീമിന് വെറും രണ്ട് പോയിന്റ് മാത്രമാണുള്ളത്.

Content Highlight: Kris Srikkanth predict PBKS, RCB, SRH and MI as top 4 of IPL 2026

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more