ഐ.പിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള എലിമിനേറ്റര്‍ പോരാട്ടത്തില്‍ മിന്നും പ്രകടനമാണ് വൈഭവ് സൂര്യവശി കാഴ്ചവെച്ചത്. ഇപ്പോള്‍ താരത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ ക്രിസ് ശ്രീകാന്ത്. ലോകം മുഴുവന്‍ വൈഭവിനെ പ്രശംസിക്കുകയാണെന്നും ഗെയ്ല്‍ തന്റെ കരിയറില്‍ ചെയ്തത് വൈഭവ് തന്റെ രണ്ടാം സീസണില്‍ ചെയ്‌തെന്നും ശ്രീകാന്ത് പ്രശംസിച്ചു.
‘യൂണിവേഴ്‌സല്‍ ബോസ് അല്ലെങ്കില്‍ ക്രിക്കറ്റിന്റെ ദൈവം പോലെ അവന് ഇനി എന്ത് പേര് നല്‍കാമെന്നതിനെക്കുറിച്ച് ആലോചിക്കാം. ലോകം മുഴുവന്‍ അവനെ പ്രശംസിക്കുന്നു. ഗെയ്ല്‍ തന്റെ കരിയറില്‍ ചെയ്തത്, ഈ കുട്ടി തന്റെ രണ്ടാം സീസണില്‍ ചെയ്തു. ഈ കുട്ടി ചെയ്യുന്നതിനെ മറികടക്കാന്‍ ആര്‍ക്കും കഴിയില്ല. അവന്‍ വെറും മടിയല്ല, മറിച്ച് വളരെ ബുദ്ധിപൂര്‍വ്വമായ ക്രിക്കറ്റ് കളിക്കുകയാണ്,’ ശ്രീകാന്ത് യൂട്യൂബ് ചാനലില്‍ പറഞ്ഞു.
ഓറഞ്ച് ആര്‍മിക്കെതിരെ വൈഭവ് 29 പന്തില്‍ 97 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. അഞ്ച് ഫോറുകളും 12 കൂറ്റന്‍ സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. 334.48 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് കുട്ടിത്താരം ഉദയ സൂര്യന്‍മാരെ അടിച്ചുപറത്തിയത്.
ഇതോടെ വിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്ലിന്റെ റെക്കോഡ് തകര്‍ക്കാനും വൈഭവിന് സാധിച്ചിരുന്നു. ഒരു ഐ.പി.എല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരമായി മാറിയിരിക്കുകയാണ് വൈഭവ്. 2012ല്‍ ഗെയ്ല്‍ നേടിയ 59 സിക്സറുകളുടെ റെക്കോഡാണ് വൈഭവ് തകര്‍ത്തത്. 2026ല്‍ 65 സിക്സറുളാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.
മാത്രമല്ല ഈ സീസണില്‍ 600 റണ്‍സും കടന്ന് കുതിക്കാനും വൈഭവിന് സാധിച്ചു. 15 ഇന്നിങ്സില്‍ 680 റണ്‍സുമായി നിലവില്‍ താരം ഓറഞ്ച് ക്യാപ് ലിസ്റ്റില്‍ ഒന്നാമതാണ്. 242.86 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. 2025ല്‍ ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിച്ച വൈഭവ് നിലവില്‍ 22 മത്സരത്തില്‍ നിന്ന് 932 റണ്‍സാണ് ഇതുവരെ നേടിയത്. 103 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ ഉള്‍പ്പെടെ രണ്ട് സെഞ്ച്വറികളാണ് താരത്തിന്റെ പേരിലുള്ളത്. അഞ്ച് അര്‍ധ സെഞ്ച്വറിയും താരത്തിനുണ്ട്.
അതേസമയം ഹൈദരാബാദിനെ തകര്‍ത്ത് രാജസ്ഥാന്‍ രണ്ടാം ക്വാളിഫയര്‍ മത്സരത്തിനായി കാത്തിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ പി.സി.എ ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.
Content Highlight: Kris Srikkanth Praises Vaibhav Sooryavanshi Who Break Chris Gayle’s Record