| Monday, 18th May 2026, 3:15 pm

ബെംഗളൂരുവിന്റെ വിജയരഹസ്യം അവനാണ്; പ്രശംസയുമായി ക്രിസ് ശ്രീകാന്ത്

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ വിജയിച്ചതിന് പിന്നാലെ ബെംഗളൂരു സൂപ്പര്‍ താരം ദേവ്ദത്ത് പടിക്കലിനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. പടിക്കല്‍ മികച്ച പ്രകടനം കാഴ്ചവെച്ച എല്ലാ മത്സരങ്ങളിലും ആര്‍.സി.ബി വിജയിച്ചിട്ടുണ്ടെന്നും ആര്‍.സി.ബിയുടെ വിജയത്തില്‍ പടിക്കല്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും ശ്രീകാന്ത് പറഞ്ഞു. മാത്രമല്ല കോഹ്‌ലി-പടിക്കല്‍ കൂട്ടുകെട്ട് ബെംഗളൂരുവിനെ നിരവധി മത്സരങ്ങള്‍ വിജയിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പടിക്കല്‍ മികച്ച പ്രകടനം കാഴ്ചവെച്ച എല്ലാ മത്സരങ്ങളിലും ആര്‍.സി.ബി വിജയിച്ചിട്ടുണ്ട്. അദ്ദേഹം പരാജയപ്പെട്ട മത്സരങ്ങളില്‍ മാത്രമേ അവര്‍ തോറ്റിട്ടുള്ളൂ. ആര്‍.സി.ബിയുടെ വിജയത്തില്‍ പടിക്കല്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. വളരെ അനായാസമായാണ് അദ്ദേഹം കളിക്കുന്നത്. എളുപ്പത്തില്‍ ഫോറുകളും സിക്‌സറുകളും അടിക്കാനുള്ള കഴിവ് അവനുണ്ട്. ആഭ്യന്തര മത്സരങ്ങള്‍ അദ്ദേഹത്തെ വളരെയധികം സഹായിച്ചിട്ടുണ്ട്.ദേവ്ദത്ത് പടിക്കല്‍

ആര്‍.സി.ബി ഒരു ചാമ്പ്യന്‍ഷിപ്പ് ടീം പോലെയാണ് കളിക്കുന്നത്. ബെഥേല്‍ ഒഴികെ മറ്റെല്ലാവരും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നു. അദ്ദേഹത്തിന് ലഭിച്ച അവസരങ്ങളുടെ എണ്ണം ആര്‍ക്കും ഒരിക്കലും ലഭിക്കില്ല. എന്തായാലും, അടുത്ത മത്സരത്തില്‍ സാള്‍ട്ട് അദ്ദേഹത്തിന് പകരക്കാരനാകണം. മാത്രമല്ല പടിക്കല്‍ അവര്‍ക്ക് ശരിക്കും ഒരു മികച്ച ബാറ്ററാണ്. കോഹ്‌ലി-പടിക്കല്‍ കൂട്ടുകെട്ട് അവര്‍ക്ക് നിരവധി മത്സരങ്ങള്‍ വിജയിപ്പിച്ചിട്ടുണ്ട്,’ ക്രിസ് ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

പഞ്ചാബിനെതിരായ മത്സരത്തില്‍ 25 പന്തില്‍ മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 45 റണ്‍സായിരുന്നു പടിക്കല്‍ സ്വന്തമാക്കിയത്. 180.00 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും പടിക്കലിനുണ്ടായിരുന്നു.

നിലവില്‍ 13 മത്സരങ്ങളില്‍ നിന്ന് ആര്‍.സി.ബിക്ക് വേണ്ടി 412 റണ്‍സാണ് ദേവ്ദത്ത് പടിക്കല്‍ സ്വന്തമാക്കിയത്. സീസണില്‍ 61 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും പടിക്കലിനുണ്ട്. 37.45 എന്ന ആവറേജും 173.11 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് താരത്തിന്റെ സ്‌കോറിങ്.

അതേസമയം ധര്‍മശാലയില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരെ 26 റണ്‍സിനാണ് ബെംഗളൂരു വിജയം സ്വന്തമാക്കിയത്. ആര്‍.സി.ബി ഉയര്‍ത്തിയ 223 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. സീസണിലെ ആദ്യ ഏഴ് മത്സരങ്ങളില്‍ പരാജയപ്പെടാതെ മുന്നേറിയ പഞ്ചാബ് തുടര്‍ച്ചയായ ആറാം തോല്‍വിയാണ് വഴങ്ങിയിരിക്കുന്നത്.

Content Highlight: Kris Srikkanth Praises Devdutt Padikkal

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more