| Monday, 2nd February 2026, 9:00 am

സഞ്ജുവിനെ ക്രൂരമായി അവഗണിച്ച് ലോകകപ്പ് പ്ലെയിങ് ഇലവന്‍; തെരഞ്ഞെടുപ്പുമായി ലോകകപ്പ് ഹീറോ

ആദര്‍ശ് എം.കെ.

2026 ടി-20 ലോകകപ്പിനുള്ള ഏറ്റവും മികച്ച പ്ലെയിങ് ഇലവന്‍ തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ താരവും 1983 ലോകകപ്പ് ഹീറോയുമായി ക്രിസ് ശ്രീകാന്ത്. വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണെയും സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെയും പുറത്തിരുത്തിയാണ് ശ്രീകാന്ത് പ്ലെയിങ് ഇലവന്‍ തെരഞ്ഞെടുത്തത്.

വിക്കറ്റ് കീപ്പിങ്ങില്‍ സഞ്ജുവിനോളം മികച്ചവനല്ലെങ്കിലും ഇഷാന്‍ കിഷനെയാണ് ചീക്ക കീപ്പിങ് ഗ്ലൗ ഏല്‍പ്പിച്ചിരിക്കുന്നത്. ഇന്ത്യ -ന്യൂസിലാന്‍ഡ് ടി-20 പരമ്പരയില്‍ താരത്തിന്റെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് ശ്രീകാന്തിന്റെ തെരഞ്ഞെടുപ്പ്. പരിക്കില്‍ നിന്ന് മടങ്ങിയെത്തിയ തിലക് വര്‍മ ശ്രീകാന്തിന്റെ ടീമില്‍ ഇടം നേടിയിട്ടുണ്ട്.

ക്രിസ് ശ്രീകാന്ത്

അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ നിന്നും 9.2 ശരാശരിയില്‍ 46 റണ്‍സ് മാത്രമാണ് സഞ്ജുവിന് കണ്ടെത്താന്‍ സാധിച്ചത്. എന്നാല്‍ ഇഷാന്‍ കിഷനാകട്ടെ ഒരു സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയുമടക്കം 53.75 ശരാശരിയിലും 231.18 സ്‌ട്രൈക് റേറ്റിലും 215 റണ്‍സും സ്വന്തമാക്കി.

കഴിഞ്ഞ വര്‍ഷമാദ്യം ജോഫ്രാ ആര്‍ച്ചറിന്റെ പന്തില്‍ പരിക്കേറ്റതോടെയാണ് സഞ്ജുവിന്റെ മോശം ഫോം ആരംഭിച്ചതെന്നും ഏഷ്യാ കപ്പില്‍ ശുഭ്മന്‍ ഗില്ലിന് വഴിയൊരുക്കാന്‍ വേണ്ടി തന്റെ സ്ഥാനം നഷ്ടപ്പെട്ടതും സഞ്ജുവിന് തിരിച്ചടിയായതെന്നും തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ ശ്രീകാന്ത് പറഞ്ഞു.

അഞ്ചാം മത്സരത്തില്‍ പുറത്തായ സഞ്ജു സാംസണ്‍. Photo: Screengrab

‘കഴിഞ്ഞ വര്‍ഷം ആര്‍ച്ചറിന്റെ പന്തില്‍ പരിക്കേറ്റ് പുറത്തായതോടെയാണ് ഇതെല്ലാം ആരംഭിച്ചത്. ആര്‍ക്കും തന്നെ ഇത്രയധികം അവസരങ്ങള്‍ ലഭിക്കില്ല. അവര്‍ (ബി.സി.സി.ഐ) അവന് വളരെ വലിയ അവസരങ്ങള്‍ നല്‍കി. ഏഷ്യാ കപ്പില്‍ അവന്റെ ബാറ്റിങ് പൊസിഷനില്‍ അവര്‍ മാറ്റങ്ങള്‍ വരുത്തി, ഇതും ശരി തന്നെയാണ്.

കഴിഞ്ഞ പത്ത് ഇന്നിങ്‌സുകളിലായി റണ്‍സടിക്കാന്‍ സാധിക്കാതെ തുടര്‍ച്ചയായി പരാജയപ്പെടുന്നു. എന്നാല്‍ മറുവശത്ത് ഇഷാന്‍ കിഷന്‍ മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ പുറത്തെടുക്കുന്നു. ഇവര്‍ തമ്മില്‍ ഒരു താരതമ്യത്തിനും നിലവില്‍ സാധ്യതയില്ല,’ ശ്രീകാന്ത് പറഞ്ഞു.

ഇഷാന്‍ കിഷന്‍. Photo: BCCI

സഞ്ജുവിന് പുറമെ സൂപ്പര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനും ശ്രീകാന്തിന്റെ ടീമില്‍ ഇടം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. വരുണ്‍ ചക്രവര്‍ത്തിയെയാണ് ശ്രീകാന്ത് ടീമിന്റെ ഭാഗമാക്കുന്നത്.

ബാറ്റിങ്ങില്‍ മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും ജാര്‍ഖണ്ഡ് നായകന് വിക്കറ്റ് കീപ്പിങ്ങില്‍ താളം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇഷാന്‍ ഇടംകയ്യന്‍ ബാറ്ററാണ് എന്നതിനാല്‍ തന്നെ ഇടംകയ്യന്‍ ബാറ്ററായ അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഓപ്പണിങ്ങില്‍ കളത്തിലിറക്കാന്‍ അപെക്‌സ് ബോര്‍ഡ് താത്പര്യം കാണിച്ചേക്കില്ല. ഈ സമസ്യയാകും ലോകകപ്പില്‍ ഇന്ത്യയ്ക്ക് മുമ്പിലുണ്ടാവുക.

ക്രിസ് ശ്രീകാന്ത് തെരഞ്ഞെടുത്ത ഇന്ത്യയുടെ പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിങ്, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി.

Content Highlight: Kris Srikkanth picks his World Cup playing 11, Sanju Samson excluded

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more