സഞ്ജുവും രാജസ്ഥാനും വഴിപിരിയുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തന്നെ റിലീസ് ചെയ്യണമെന്ന് താരം ടീമിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഒന്നുകില്‍ തന്നെ റിലീസ് ചെയ്യുകയോ അതല്ലെങ്കില്‍ ട്രേഡ് ചെയ്യുകയോ വേണമെന്ന് സഞ്ജുവുമായി അടുത്ത വൃത്തങ്ങള്‍ ടീമിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
ഇപ്പോള്‍ സഞ്ജു ടീം വിടുന്നു എന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ ക്രിസ് ശ്രീകാന്ത്. താന്‍ രാജസ്ഥാന്‍ ക്യാമ്പിലുണ്ടായിരുന്നെങ്കില്‍ ഒരിക്കലും സഞ്ജുവിനെ കൈവിട്ടുകളയില്ല എന്നാണ് ശ്രീകാന്ത് പറയുന്നത്. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് അവനും രാഹുല്‍ ദ്രാവിഡും തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നാണ് അറിയുന്നത്, ഇക്കാര്യത്തെ കുറിച്ച് എനിക്ക് കാര്യമായ അറിവുകളില്ല. ഇക്കാര്യം ഒരു ഫ്രാഞ്ചൈസിയുടെ വീക്ഷണത്തില്‍ നിന്നും നോക്കാം.
അവര്‍ ഒരു നിശ്ചിത തുക നല്‍കിയാണ് അവനെ നിലനിര്‍ത്തിയത്. അവന് ചുറ്റുമാണ് അവര്‍ ഒരു ടീം പടുത്തുയര്‍ത്തിയത്. പെട്ടെന്ന് അവനെ റിലീസ് ചെയ്യുകയാണെങ്കില്‍ ടീമിന്റെ ബാലന്‍സിന് എന്ത് സംഭവിക്കും? അവര്‍ 2008ന് ശേഷം ഒറ്റ ഐ.പി.എല്‍ പോലും വിജയിച്ചിട്ടില്ല.
അവര്‍ അതിന് ശേഷം ഒരിക്കല്‍ ഫൈനലിലെത്തി. ഞാന്‍ ഒരിക്കലും അവനെ വിട്ടുപോകാന്‍ അനുവദിക്കില്ലായിരുന്നു. അവര്‍ക്ക് റിയാന്‍ പരാഗിനെ ക്യാപ്റ്റനായി പ്രൊമോട്ട് ചെയ്യണമെങ്കില്‍ അത് അവരുടെ ചോയ്‌സാണ്. ഞാന്‍ അതിന് ശേഷവും സഞ്ജുവിനെ ഒരു ബാറ്ററായി കളിപ്പിക്കും. അവനായി 18 കോടിയാണ് ചെലവിട്ടത്,’ ശ്രീകാന്ത് പറഞ്ഞു.
രാജസ്ഥാനില്‍ കഴിഞ്ഞ സീസണ്‍ സഞ്ജുവിനെ സംബന്ധിച്ച് തീര്‍ത്തും നിരാശാജനകമായിരുന്നു. ഒമ്പതാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്. താരലേലത്തിലെ മോശം തീരുമാനങ്ങള്‍ മുതല്‍ താരങ്ങളുടെ മോശം പ്രകടനം വരെ തൊട്ടതെല്ലാം പൊള്ളിയതോടെയാണ് രാജസ്ഥാന്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നത്. ഒപ്പം സഞ്ജുവിന്റെ പരിക്കും ടീമിന് വിനയായി.
പരിശീലകന്റെ റോളിലെത്തിയ രാഹുല്‍ ദ്രാവിഡിന്റെ തീരുമാനങ്ങളും വിമര്‍ശനങ്ങള്‍ക്ക് വിധേയമായി. കുമാര്‍ സംഗക്കാര പടുത്തുയര്‍ത്തിയ ഒരു ടീമിനെ ദ്രാവിഡ് ഒന്നുമല്ലാതാക്കി മാറ്റി എന്നായിരുന്നു രാജസ്ഥാന്‍ ആരാധകര്‍ പോലും വിമര്‍ശിച്ചത്.
പരിക്കിന്റെ പിടിയിലകപ്പെട്ട സഞ്ജു പൂര്‍ണമായും ആരോഗ്യം വീണ്ടെടുക്കാത്തതിനാല്‍ ഇംപാക്ട് പ്ലെയറായി മാത്രമാണ് സഞ്ജു കളത്തിലിറങ്ങിയത്. റിയാന്‍ പരാഗാണ് ഈ മത്സരങ്ങളില്‍ ടീമിനെ നയിച്ചത്.
പരിക്കില്‍ നിന്നും മുക്തനായി മടങ്ങിയെത്തി ടീമിന്റെ ക്യാപ്റ്റന്‍സിയേറ്റെടുത്ത സഞ്ജു അധികം വൈകാതെ വീണ്ടും പരിക്കിന്റെ പിടിയിലായി. ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തിലാണ് താരം പരിക്കേറ്റ് പുറത്തായത്. ശേഷം അനായാസം ജയിക്കാന്‍ സാധിക്കുന്ന മത്സരങ്ങള്‍ താരങ്ങളുടെ സ്വാര്‍ത്ഥത കൊണ്ട് പരാജയപ്പെട്ട് രാജസ്ഥാന്‍ പുറത്താകുകയായിരുന്നു.
Content highlight: Kris Srikkanth on Sanju Samson’s exit from Rajasthan Royals