ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ടി – 20 മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. മെല്‍ബണില്‍ നാല് വിക്കറ്റിന്റെ വിജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. ബാറ്റിങ് നിര ഒന്നാകെ തകര്‍ന്നതോടെയാണ് കങ്കാരുപ്പടക്കെതിരെ ഇന്ത്യ തോല്‍വി വഴങ്ങിയത്.
ഈ മത്സരത്തില്‍ സഞ്ജു സാംസണ്‍ പുതിയ പൊസിഷനിലാണ് ബാറ്റിങ്ങിനെത്തിയത്. നേരത്തെ തന്നെ വിക്കറ്റ് നഷ്ടപ്പെട്ടതോടെ വണ്‍ ഡൗണായാണ് താരം എത്തിയത്. ഇപ്പോള്‍ ഇതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ക്രിസ് ശ്രീകാന്ത്.
സഞ്ജുവിനോട് ടീം ചെയ്യുന്നത് അനീതിയാണ് അദ്ദേഹം പറഞ്ഞു. ഇടയ്ക്കിടെ ബാറ്റിങ് പൊസിഷന്‍ മാറ്റുന്നത് താരത്തിന്റെ ആത്മവിശ്വാസം തകര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ശ്രീകാന്ത്.
‘ഇന്ത്യന്‍ ടീം എന്താണ് സഞ്ജു സാംസണിനോട് ചെയ്യുന്നത് എനിക്ക് മനസിലാവുന്നില്ല. ഒരു മത്സരത്തില്‍ അഞ്ചാം നമ്പറിലാണ് ബാറ്റിങ്ങിനെത്തുന്നതെങ്കില്‍ അടുത്ത് ചിലപ്പോള്‍ നാലോ, ആറോ ഏഴോ എല്ലാമായിരിക്കും. കഴിഞ്ഞ മത്സരത്തില്‍ മൂന്നാമതായാണ് ബാറ്റ് ചെയ്തത്. അത് ശരിയല്ല.
ഒരു സ്ഥിരം ബാറ്റിങ് സ്ഥാനം ലഭിക്കുമ്പോള്‍ മാത്രമേ ഒരു ബാറ്റര്‍ക്ക് തയ്യാറെടുക്കാന്‍ കഴിയൂ. ഇടയ്ക്കിടെ ബാറ്റിങ് ഓര്‍ഡര്‍ മാറ്റികൊണ്ടിരിക്കരുത്. അതിലൂടെ നിങ്ങള്‍ സഞ്ജുവിന്റെ ആത്മവിശ്വാസം തകര്‍ക്കുകയാണ്. അത് അനീതിയാണ്,’ ശ്രീകാന്ത് പറഞ്ഞു.
ഈ വര്‍ഷം തുടക്കത്തില്‍ ഇന്ത്യക്കായി ഓപ്പണിങ്ങിലാണ് സഞ്ജു കളത്തിലിറങ്ങിയിരുന്നത്. ആ സ്ഥാനത്ത് മികച്ച ഫോമില്‍ തുടര്‍ന്നിരുന്ന താരത്തിന് ഏഷ്യാ കപ്പില്‍ തന്റെ പൊസിഷന്‍ നഷ്ടമായി. ശുഭ്മന്‍ ഗില്‍ വൈസ് ക്യാപ്റ്റനായി ടീമില്‍ എത്തിയതോടെയാണ് സഞ്ജുവിന് ഓപ്പണിങ് സ്ലോട്ട് വിട്ടുനല്‍കേണ്ടി വന്നത്.
ഏഷ്യാ കപ്പില്‍ സഞ്ജു ചില മത്സരങ്ങളില്‍ മൂന്നാമെത്തെത്തിയപ്പോള്‍ മറ്റ് ചിലപ്പോള്‍ അഞ്ചാമതും ആറാമതും ഇറങ്ങി. ടൂര്‍ണമെന്റിലെ ചില മത്സരങ്ങളില്‍ ബാറ്റിങ്ങിന് അവസരം പോലും ലഭിച്ചിരുന്നില്ല. അതിന് ശേഷം എത്തിയ ഓസീസിനെതിരെയുള്ള പരമ്പരയില്‍ സഞ്ജു ബാറ്റിങ്ങിന് ഇറങ്ങിയ മത്സരത്തില്‍ വീണ്ടും ബാറ്റിങ് സ്ഥാനത്തില്‍ മാറ്റമുണ്ടായി.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മൂന്നാമതായാണ് സഞ്ജു ബാറ്റ് ചെയ്തത്. എന്നാല്‍, രണ്ട് റണ്‍സ് എടുത്ത് താരം മടങ്ങി. ഇതെല്ലം ചൂണ്ടിക്കാട്ടിയാണ് ശ്രീകാന്തിന്റെ പ്രതികരണം.
Content Highlight: Kris Srikkanth says that India spoiling Sanju Samson’s confidence by constantly changing his batting order