| Tuesday, 4th February 2025, 10:21 pm

സഞ്ജു സ്വയം കുഴിക്കുന്ന കുഴിയില്‍ ചെന്ന് വീഴുന്നു, എല്ലാത്തിനും കാരണം ഈഗോ: രൂക്ഷ വിമര്‍ശനവുമായി ക്രിസ് ശ്രീകാന്ത്

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിനെതിരെയുള്ള ടി-20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തേയും മത്സരത്തില്‍ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. വിജയത്തോടെ 4-1ന് പരമ്പര സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിച്ചു.പരമ്പരയിലെ അഞ്ച് മത്സരത്തിലും സഞ്ജുവിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ലായിരുന്നു. ഇതോടെ വലിയ വിമര്‍ശനങ്ങളാണ് സഞ്ജു നേരിടേണ്ടി വന്നത്.

ഇപ്പോള്‍ പരമ്പരയിലെ മോശം പ്രകടനത്തെ തുടര്‍ന്ന് മലയാളി താരം സഞ്ജു സാംസണെതിരെ രൂക്ഷവിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. ഈഗോയാണ് സഞ്ജുവിന്റെ തുടര്‍പരാജയങ്ങളുടെ കാരണമെന്നാണ് മുന്‍ താരം പറഞ്ഞത്.

‘അഞ്ചാം തവണയും സഞ്ജു ഒരേ രീതിയില്‍ വീണു. ഒരേ പോലെയുള്ള ഷോട്ടുകള്‍ അയാള്‍ തുടരെ കളിച്ചുകൊണ്ടിരിക്കുന്നു. സഞ്ജു തന്റെ ഈഗോ കാണിക്കാനാണ് ശ്രമിച്ചതെന്ന് എനിക്ക് തോന്നുന്നു. ഒരേ ഷോട്ടിന് ശ്രമിച്ച് ഒന്നിലധികം തവണ പരാജയപ്പെടുമ്പോഴും, ഇല്ല എനിക്കതിന് കഴിയുമെന്ന അമിത ആത്മവിശ്വാസം കാണിച്ച് അയാള്‍ സ്വയം കുഴിക്കുന്ന കുഴിയില്‍ വീഴുന്നു.

സഞ്ജുവിനെ ചാമ്പ്യന്‍സ് ട്രോഫി ടീമിലെടുക്കാത്തതില്‍ എനിക്കും നിരാശയുണ്ടായിരുന്നു. എന്നാല്‍ ഈ കളി ഇനിയും സഞ്ജു തുടര്‍ന്നാല്‍ മികച്ച താരങ്ങള്‍ അവന്റെ സ്ഥാനത്ത് എത്തും, പ്രതിഭകള്‍ പുറത്തിരിക്കുന്നുണ്ടെന്ന കാര്യം സഞ്ജു മറക്കരുത്. സഞ്ജു മോശം ഫോം തുടരുകയാണെങ്കില്‍ യശസ്വി ജെയ്‌സ്വാള്‍ ആ സ്ഥാനത്ത് ഇടംപിടിക്കുമെന്ന് എനിക്കുറപ്പിച്ച് പറയാനാവും,’ ശ്രീകാന്ത് പറഞ്ഞു.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ 26 റണ്‍സും ചെപ്പോക്കില്‍ നടന്ന രണ്ടാം മത്സരത്തില്‍ അഞ്ച് റണ്‍സുമാണ് താരത്തിന് നേടാന്‍ സാധിച്ചത്. എന്നാല്‍ സഞ്ജു തിരിച്ചുവരുമെന്ന് കരുതിയ മൂന്നാം മത്സരത്തില്‍ മൂന്ന് റണ്‍സും, നാലാം മത്സരത്തില്‍ ഒരു റണ്‍സുമാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ക്ക് നേടാന്‍ സാധിച്ചത്.

കഴിവ് തെളിയിക്കാന്‍ സഞ്ജുവിന് ലഭിച്ച അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ 16 റണ്‍സിനാണ് സഞ്ജു കളം വിട്ടത്. ആദ്യ മൂന്ന് മത്സരത്തിലും ജോഫ്രാ ആര്‍ച്ചറിന്റെ ഷോട്ട് ബോളില്‍ പുറത്തായ സഞ്ജു ശേഷിച്ച രണ്ട് മത്സരങ്ങളിലും അതേ രീതിയില്‍ പുറത്താകേണ്ടി വന്നിരുന്നു.

Content Highlight: Kris Srikkanth Criticize Sanju Samson

We use cookies to give you the best possible experience. Learn more