സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ പരാജയപ്പെട്ടതില്‍ രാജസ്ഥാന്‍ ബൗളര്‍മാരെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. തുഷാര്‍ ദേശ്പാണ്ഡെ, സന്ദീപ് ശര്‍മ, രവി ബിഷ്‌ണോയ് എന്നിവര്‍ റണ്‍സ് വഴങ്ങിയതോടെ രാജസ്ഥാന്‍ നേരത്തെ തന്നെ പരാജയപ്പെട്ടെന്ന് ശ്രീകാന്ത് പറഞ്ഞു. മാത്രമല്ല ഒട്ടനവധി അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച രവീന്ദ്ര ജഡേജക്ക് ഒരു ഓവര്‍ പോലും നല്‍കാത്തതിനെയും മുന്‍ താരം വിമര്‍ശിച്ചു.
‘തുഷാര്‍ ദേശ്പാണ്ഡെ, സന്ദീപ് ശര്‍മ, രവി ബിഷ്‌ണോയ് എന്നിവര്‍ ചേര്‍ന്ന് 11 ഓവറുകള്‍ എറിഞ്ഞ് 142 റണ്‍സ് നല്‍കി. മത്സരം അവിടെ അവസാനിച്ചിരുന്നു. സന്ദീപ് ശര്‍മ എവിടെ പന്തെറിഞ്ഞാലും ഹൈദരാബാദ് അദ്ദേഹത്തെ അടിച്ചുതകര്‍ത്തു, ദേശ്പാണ്ഡെ പൂര്‍ണമായും പരാജയപ്പെട്ടു.
പെട്ടെന്ന്, ആര്‍.ആറും അവരുടെ ബൗളിങ് കോമ്പിനേഷനെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങണം. അവര്‍ ഇങ്ങനെ പന്തെറിഞ്ഞാല്‍ അവര്‍ ഉറപ്പായും തകരും. രവി ബിഷ്‌ണോയിയെ അവര്‍ ഇത്രയധികം വിശ്വസിച്ചതില്‍ ഞാന്‍ അത്ഭുതപ്പെട്ടു, പക്ഷേ എത്രയോ അധികം അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടുള്ള രവീന്ദ്ര ജഡേജയ്ക്ക് ഒരു ഓവര്‍ പോലും നല്‍കിയില്ല. ഈ മത്സരത്തില്‍ അവര്‍ അമിത ആത്മവിശ്വാസത്തോടെയാണ് കളിച്ചത്,’ ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ വമ്പന്‍ വിജയമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയത്. ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടായ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 57 റണ്‍സിനാണ് ഹൈദരാബാദ് വിജയം സ്വന്തമാക്കിയത്.
മത്സരത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് ഉയര്‍ത്തിയ 217 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്നതിനിടയില്‍ 159 റണ്‍സിന് ഓള്‍ ഔട്ട് ആകുകയായിരുന്നു രാജസ്ഥാന്‍.
ഹൈദരാബാദിന്റെ യുവ പേസര്‍മാരായ പ്രഫുല്‍ ഹിംഗെയുടെയും സാക്കിബ് ഹുസൈന്റെയും ഫോര്‍ഫറിന്റെ മികവിലാണ് രാജസ്ഥാന്‍ തകര്‍ന്നടിഞ്ഞത്.