കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. 2026ലെ സീസണില്‍ ഇതുവരെ ഒരു വിജയം പോലും നേടാന്‍ സാധിക്കാത്തതില്‍ ക്യാപ്റ്റനെന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും രഹാനെ പരാജയപ്പെട്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മാത്രമല്ല രഹാനെയ്ക്ക് ഒന്നോ രണ്ടോ അവസരങ്ങള്‍ കൊടുത്ത് മാറ്റങ്ങളൊന്നും ഇല്ലെങ്കില്‍ സുനില്‍ നരയ്‌നെ ക്യാപ്റ്റനാക്കണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ രഹാനെയെ ക്യാപ്റ്റനാക്കിയത് തന്നെ തെറ്റായ നീക്കമായിരുന്നുവെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ
‘ഞാനാണെങ്കില്‍ അജിന്‍ക്യ രഹാനെയ്ക്ക് ഒന്നോ രണ്ടോ അവസരങ്ങള്‍ കൂടി നല്‍കി നോക്കും. ഒന്നും മാറിയില്ലെങ്കില്‍, സീസണിന്റെ മധ്യത്തില്‍ ഞാന്‍ അദ്ദേഹത്തെ ഒഴിവാക്കി സുനില്‍ നരയ്‌നെ ക്യാപ്റ്റനാക്കും. ആവശ്യമെങ്കില്‍ മാത്രം രഹാനെ ബാറ്റിങ്ങിന് ഇറങ്ങണം.
അല്ലെങ്കില്‍ അദ്ദേഹത്തെ ടീമിന്റെ ക്യാപ്റ്റനായി മാത്രം അനുവദിക്കുക. മധ്യത്തില്‍ ബാറ്റ് ചെയ്യരുത്. അദ്ദേഹത്തെ ക്യാപ്റ്റനാക്കിയത് തന്നെ തെറ്റായ നീക്കമായിരുന്നു. പക്ഷേ ഇപ്പോള്‍ അദ്ദേഹത്തെ പുറത്താക്കാനുള്ള ശക്തമായ നീക്കം നടത്താന്‍ അവര്‍ക്ക് ധൈര്യമുണ്ടോ?,’ ശ്രീകാന്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.
സീസണില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒരു വിജയം പോലും സ്വന്തമാക്കാന്‍ സാധിക്കാതെ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ക്യാപ്റ്റന്‍ അജിന്‍ക്യാ രഹാനെയുടെ നേതൃത്വത്തില്‍ കൊല്‍ക്കത്തയുടെ മോശം പ്രകടനത്തെ പലരും വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ്. നിലവില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒരു അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ 152 റണ്‍സാണ് രഹാനെയുടെ പക്കലുള്ളത്.
അതേസമയം ഇന്ന് നടക്കുന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ ഏറ്റുമുട്ടും.