ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ടി-20 പരമ്പരയ്ക്കാണ് ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പ്. സെപ്റ്റംബര്‍ 13നാണ് ആദ്യ മത്സരം അരങ്ങേറുന്നത്. രണ്ടാം മത്സരം സെപ്റ്റംബര്‍ 15നും അവസാന മത്സരം 17നുമാണ് നടക്കുക. മൂന്ന് മത്സരങ്ങളും അരങ്ങേറുന്നത് അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ്. മത്സരത്തിന് മുന്നോടിയായി ഇന്ത്യ തങ്ങളുടെ 15 അംഗ സ്‌ക്വാഡും പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാല്‍ മത്സരത്തിനായി ഇന്ത്യ തെരഞ്ഞെടുത്ത സ്‌ക്വാഡിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. അയര്‍ലന്‍ഡിനോടും ഇംഗ്ലണ്ടിനോടും പരമ്പരകള്‍ തോറ്റതിന് പിന്നാലെ സെലക്ടര്‍മാര്‍ ഒരു റിസ്‌കും എടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചെന്നും അതുകൊണ്ടാണ് അഫ്ഗാനിസ്ഥാനെതിരെ പൂര്‍ണ ശക്തിയുള്ള ടീമിനെ തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത് തെറ്റായ തീരുമാനമാണെന്നും അഫ്ഗാനിസ്ഥാനെപ്പോലുള്ള ടീമുകള്‍ക്കെതിരെയാണ് യുവതാരങ്ങളെ പരീക്ഷിക്കേണ്ടതെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
ക്രിസ് ശ്രീകാന്ത്
‘അയര്‍ലാന്‍ഡിനോടും ഇംഗ്ലണ്ടിനോടും പരമ്പരകള്‍ തോറ്റതിന് പിന്നാലെ സെലക്ടര്‍മാര്‍ ഒരു റിസ്‌കും എടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ്. അതുകൊണ്ടാണ് അഫ്ഗാനിസ്ഥാനെതിരെ പൂര്‍ണ ശക്തിയുള്ള ടീമിനെ തെരഞ്ഞെടുത്തത്.
അവര്‍ എല്ലാം ശക്തമായി തന്നെ പരീക്ഷിക്കുകയാണ്. എന്നാല്‍ ഇത് തെറ്റായ തീരുമാനമാണ്. അഫ്ഗാനിസ്ഥാനെപ്പോലുള്ള ടീമുകള്‍ക്കെതിരെയാണ് യുവതാരങ്ങളെ പരീക്ഷിക്കേണ്ടത്. അതിന് പകരം തോല്‍വിയെ ഭയന്നാണ് പൂര്‍ണ ശക്തിയുള്ള ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്,’ മുന്‍ ക്യാപ്റ്റന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
ലോകകപ്പിന് ശേഷം ശ്രേയസ് അയ്യരുടെ കീഴില്‍ അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ക്കെതിരെയുള്ള പരമ്പരകള്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. എന്നാല്‍ സിംബാബ്‌വേയ്‌ക്കെതിരെയുള്ള മൂന്നാം പരമ്പരയില്‍ ഇന്ത്യ വിജയം സ്വന്തമാക്കി. എന്നാല്‍ അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യന്‍ ടീമില്‍ ജസ്പ്രീത് ബുംറയും ലോകകപ്പ് ഹീറോ സഞ്ജു സാംസണ്‍ തുടങ്ങിയ വമ്പന്‍ താര നിരയാണുള്ളത്.
ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍) ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ.
Content Highlight: Kris Srikkanth Criticize Indian Team And Selectors