| Saturday, 27th June 2026, 6:43 pm

ഇന്ത്യയ്ക്ക് ലഭിച്ച ശക്തമായ ഒരു മുന്നറിയിപ്പാണ് ഈ തോല്‍വി; രൂക്ഷ വിമര്‍ശനവുമായി ക്രിസ് ശ്രീകാന്ത്

ശ്രീരാഗ് പാറക്കല്‍

അയര്‍ലാന്‍ഡിനെതിരായ ചരിത്ര തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ താരം ക്രിസ് ശ്രീകാന്ത്. ഇന്ത്യയ്ക്ക് ഇത് തീര്‍ത്തും നാണക്കേടുണ്ടാക്കിയ തോല്‍വിയാണെന്നും ശക്തമായ ടീം ഉണ്ടായിട്ടും അയര്‍ലാന്‍ഡിനെതിരെ ഇന്ത്യയ്ക്ക് എങ്ങനെ പരാജയപ്പെടാന്‍ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു.

അഹങ്കാരത്തോടെയാണ് ഇന്ത്യ കളിച്ചതെന്നും ഇംഗ്ലണ്ടിനെതിരായ വലിയ പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യയ്ക്ക് ലഭിച്ച ശക്തമായ ഒരു മുന്നറിയിപ്പാണ് ഈ തോല്‍വിയെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

‘ഇന്ത്യയ്ക്ക് ഇത് തീര്‍ത്തും നാണക്കേടുണ്ടാക്കിയ തോല്‍വിയാണ്. ബുംറയും ഹര്‍ദിക് പാണ്ഡ്യയും ഒഴികെ ഏകദേശം പൂര്‍ണശക്തിയുള്ള ടീമുമായിട്ടും അയര്‍ലാന്‍ഡിനോട് ഇന്ത്യയ്ക്ക് എങ്ങനെ തോല്‍ക്കാനാകും? അയര്‍ലാന്‍ഡിന്റെ സ്പിന്നര്‍മാര്‍ ഇന്ത്യയെ തകര്‍ത്തത് ശരിക്കും അമ്പരപ്പിക്കുന്നതാണ്.

ഈ മത്സരം ജയിക്കുമെന്ന അമിത ആത്മവിശ്വാസത്തോടെയും അഹങ്കാരത്തോടെയുമാണ് ഇന്ത്യ കളിച്ചതെന്ന് തോന്നി. അവരുടെ മനോഭാവം അതായിരുന്നു. ഇംഗ്ലണ്ടിനെതിരായ വലിയ പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യയ്ക്ക് ലഭിച്ച ശക്തമായ ഒരു മുന്നറിയിപ്പാണ് ഈ തോല്‍വി,’ ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

ഇന്ത്യയ്‌ക്കെതിരായ ആദ്യ ടി-20 മത്സരത്തില്‍ തകര്‍പ്പന്‍ വിജയമാണ് അയര്‍ലാന്‍ഡ് സ്വന്തമാക്കിയത്. സ്റ്റോര്‍മോണ്ടില്‍ നടന്ന മത്സരത്തില്‍ 34 റണ്‍സിനായിരുന്നു അയര്‍ലാന്‍ഡിന്റെ വിജയം. ചരിത്രത്തിലാദ്യമായാണ് ഇന്ത്യ അയര്‍ലാന്‍ഡിനെതിരെ പരാജയപ്പെടുന്നത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അയര്‍ലാന്‍ഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 18.5 ഓവറില്‍ 148 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

അയര്‍ലാന്‍ഡിന് വേണ്ടി മാത്യു ഹംഫ്രെയ്സ് 38 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് സ്വന്തമാക്കി. ഇന്ത്യന്‍ വംശജനായ ജെയ് മോന്ദ്ര രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ലിയാം മക്കാര്‍ത്തി, ഗാരെത് ഡിലാനി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ടീമിനായി ബാറ്റിങ് പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ ലോര്‍ക്കന്‍ ടക്കറാണ്. 36 പന്തില്‍ 50 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. താരത്തിന് പുറമെ മധ്യനിര താരം ഗാരെത് ഡിലാനി 32 പന്തില്‍ 49 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ജോര്‍ജ് ഡോക്രല്‍ 19 റണ്‍സും നേടി മികവ് പുലര്‍ത്തി.

അതേസമയം ഇന്ത്യയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് അഭിഷേക് ശര്‍മ മടങ്ങിയത്. 20 പന്തില്‍ രണ്ട് സിക്സും ഏഴ് ഫോറും ഉള്‍പ്പെടെ 50 റണ്‍സായിരുന്നു താരം നേടിയത്. 250 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റും അഭി സ്വന്തമാക്കിയിരുന്നു. താരത്തിന് പുറമെ ശിവം ദുബെ 14 പന്തില്‍ 25 റണ്‍സും തിലക് വര്‍മ 19 റണ്‍സും നേടി.

Content Highlight: Kris Srikkanth Criticize Indian Team After Defeat Against Ireland

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more