| Sunday, 11th October 2026, 2:38 pm

ഇവരില്‍ ആരെങ്കിലും ഇന്ത്യക്കായി ഒരു മത്സരം ഒറ്റയ്ക്ക് ജയിപ്പിച്ചിട്ടുണ്ടോ? തുറന്നടിച്ച് ക്രിസ് ശ്രീകാന്ത്

ശ്രീരാഗ് പാറക്കല്‍

ഇന്ത്യന്‍ ടീം ഓള്‍ റൗണ്ടര്‍മാര്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. ഹര്‍ദിക് പാണ്ഡ്യയെ മാത്രമാണ് ഞാന്‍ യഥാര്‍ത്ഥ ഓള്‍റൗണ്ടറായി കണക്കാക്കുന്നതെന്നും ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, നമന്‍ ധീര്‍ തുടങ്ങിയവര്‍ പൂര്‍ണമായ ഓള്‍റൗണ്ടര്‍മാരല്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ത്യന്‍ ടി-20 ടീമില്‍ ബാറ്റര്‍മാരുടെയും സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരുടെയും എണ്ണം കുറഞ്ഞുവരികയാണ്. പകരം ഓള്‍റൗണ്ടര്‍മാര്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. സത്യത്തില്‍, പകുതി ഓള്‍റൗണ്ടര്‍മാരാണെന്ന് പറയാം!

ഹര്‍ദിക് പാണ്ഡ്യയെ മാത്രമാണ് ഞാന്‍ യഥാര്‍ത്ഥ ഓള്‍റൗണ്ടറായി കണക്കാക്കുന്നത്. ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, നമന്‍ ധീര്‍ തുടങ്ങിയവര്‍ പൂര്‍ണമായ ഓള്‍റൗണ്ടര്‍മാരല്ല. ഇവരില്‍ ആരെങ്കിലും ഇന്ത്യക്കായി ഒരു മത്സരം ഒറ്റയ്ക്ക് ജയിപ്പിച്ചിട്ടുണ്ടോ? ഇവരിലുള്ള ടീം മാനേജ്മെന്റിന്റെ വിശ്വാസം അതിരുകടക്കുകയാണ്.

ഇവര്‍ക്ക് പകരം സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാരെയോ ബൗളര്‍മാരെയോ ടീമില്‍ ഉള്‍പ്പെടുത്താന്‍ കഴിയും. എന്നാല്‍ മികച്ച ഓള്‍റൗണ്ടര്‍മാരെന്ന് വിശേഷിപ്പിക്കപ്പെടുന്ന താരങ്ങളോടുള്ള അമിതമായ താല്‍പര്യം മാനേജ്മെന്റ് ഉപേക്ഷിക്കുന്നില്ല.

ഈ താരങ്ങളുടെ പ്രധാന ചുമതല നാല് ഓവര്‍ ബൗള്‍ ചെയ്യുക എന്നതാണ്. എന്നാല്‍ ആ നാല് ഓവറില്‍ തന്നെ 40 റണ്‍സിലധികം വഴങ്ങുന്ന സാഹചര്യം പതിവാകുന്നു,’ ശ്രീകാന്ത് യൂട്യൂബ് ചാനലില്‍ പറഞ്ഞു.

അതേസമയം ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള അഞ്ച് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ മൂന്നാം മത്സരം നടക്കാനിരിക്കുകയാണ്. ഇന്‍ഡോറിലെ ഹോള്‍കര്‍ സ്റ്റേഡിയത്തിലാണ് ഇരുവരും കൊമ്പ് കോര്‍ക്കുന്നത്. നിലവില്‍ ഇരുവരും 1-1 എന്ന നിലയിലാണ്.

Content Highlight: Kris Srikkanth Criticize Indian Team

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more