| Monday, 8th June 2026, 11:48 am

അവനെ തഴഞ്ഞതിന്റെ ലോജിക് മനസിലാവുന്നില്ല: ശ്രീകാന്ത്

ഫസീഹ പി.സി.

ഇന്ത്യന്‍ ടി – 20 ടീമിന്റെ വൈസ് ക്യാപ്റ്റന്‍സിയില്‍ നിന്ന് ഓള്‍ റൗണ്ടര്‍ അക്സര്‍ പട്ടേലിനെ ഒഴിവാക്കിയതിന് വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. ടി – 20 ലോകകപ്പുയര്‍ത്തിയ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന അക്സറിനെ ആ സ്ഥാനത്ത് നിന്ന് നീക്കി തിലക് വര്‍മയെ കൊണ്ടുവന്നതിന്റെ യുക്തിയെന്താണ് എന്ന് മനസിലാവുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

തിലക് ഐ.പി.എല്ലില്‍ ഒരു ടീമിനെ പോലും നയിച്ചിട്ടില്ലെന്ന് മാത്രമല്ല, താരത്തിന് അത്ര മികച്ച സീസണായിരുന്നില്ലെന്നും എന്നാല്‍ അക്സര്‍ ദല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ശ്രീകാന്ത്.

ക്രിസ് ശ്രീകാന്ത്. Photo: lndian Sports Netwrk/x.com

‘ടി -20 ലോകകപ്പ് നേടിയ ടീമിലെ വൈസ് ക്യാപ്റ്റനായിരുന്നു അക്‌സര്‍ പട്ടേല്‍. അവനിപ്പോഴും ടീമിലുണ്ട്. എന്നിട്ടും അവനെ തഴഞ്ഞ് തിലക് വര്‍മയെ വൈസ് ക്യാപ്റ്റനാക്കിയത് എന്ത് അടിസ്ഥാനത്തിലാണ്? ഈ തീരുമാനത്തിന് പിന്നിലെ യുക്തി എനിക്ക് മനസിലാകുന്നില്ല. ഐ.പി.എല്ലില്‍ ഒരു ടീമിനെപ്പോലും നയിച്ചിട്ടില്ലാത്ത ആളാണ് തിലക്. എന്നാല്‍ അക്‌സര്‍ പട്ടേല്‍ ദല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കുന്നുണ്ട്.

ഈ ഐ.പി.എല്ലില്‍ തിലക് അസാമാന്യമായ പ്രകടനമൊന്നും കാഴ്ചവെച്ചിട്ടില്ല. കുറച്ചു മികച്ച ഇന്നിങ്‌സുകള്‍ കളിച്ചിരുന്നു. എന്നാല്‍, സ്ഥിരത പുലര്‍ത്തിയിരുന്നില്ല. അങ്ങനെയൊരാളെ പെട്ടെന്ന് വൈസ് ക്യാപ്റ്റനാക്കിയത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്,’ ശ്രീകാന്ത് പറഞ്ഞു.

അക്‌സർ പട്ടേലും തിലക് വർമയും.

കഴിഞ്ഞ ദിവസം ഇന്ത്യ അയര്‍ലാന്‍ഡ് – ഇംഗ്ലണ്ട് പരമ്പരകള്‍ക്കും 2026 ഏഷ്യന്‍ ഗെയിംസിനുമുള്ള ഇന്ത്യന്‍ ടി – 20 ടീമിനെ പ്രഖ്യാപിച്ചിരുന്നു. സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റന്‍സിയില്‍ നിന്ന് മാറ്റി ശ്രേയസ് അയ്യര്‍ക്ക് നായകസ്ഥാനം കൈമാറിയിട്ടുണ്ട്. ഒപ്പം വൈസ് ക്യാപ്റ്റന്‍സിയിലും മാറ്റം വരുത്തുകയായിരുന്നു.

അയര്‍ലാന്‍ഡ് പരമ്പരക്കും ഇംഗ്ലണ്ട് പരമ്പരക്കുമുള്ള ടി – 20 ഇന്ത്യന്‍ സ്‌ക്വാഡ്

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, വൈഭവ് സൂര്യവംശി, രവി ബിഷ്ണോയി, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്.

ഏഷ്യന്‍ ഗെയിംസിനുള്ള ടി – 20 ഇന്ത്യന്‍ സ്‌ക്വാഡ്

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി.

Content Highlight: Kris Srikkanth criticises Indian management to remove Axar Patel from vice captaincy in T20I team

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more