| Saturday, 9th August 2025, 10:00 pm

ഇതിഹാസമാണ് എന്നതുകൊണ്ട് മാത്രം ചെന്നൈ സൂപ്പര്‍ കിങ്‌സിന് അവനെ ടീമിലെടുക്കാനാകില്ല; ശ്രീകാന്ത് പറയുന്നത്

സ്പോര്‍ട്സ് ഡെസ്‌ക്

ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ആര്‍. അശ്വിന്റെ സ്ഥാനത്തെ കുറിച്ച് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. അശ്വിന്‍ സൂപ്പര്‍ കിങ്‌സിനോട് വിടപറയുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇന്ത്യയുടെ ലോകകപ്പ് ഹീറോ താരത്തെ കുറിച്ച് സംസാരിക്കുന്നത്.

അശ്വിന്‍ ടീം വിടുന്നതിനെ ശ്രീകാന്ത് എതിര്‍ക്കുന്നില്ല. ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ വികാരങ്ങള്‍ക്ക് സ്ഥാനമില്ല എന്നായിരുന്നു ശ്രീകാന്ത് പറഞ്ഞത്. തന്റെ യൂട്യൂബ് ചാനലായ ചീക്കി ചീക്കയിലാണ് ശ്രീകാന്ത് അശ്വിനെ കുറിച്ചും ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ താരത്തിന്റെ ഭാവിയെ കുറിച്ചും സംസാരിച്ചത്.

‘ഐ.പി.എല്‍ 2025ല്‍ അശ്വിന്റെ പ്രകടനം മികച്ചയാതിരുന്നില്ല. ഇതിന് മുമ്പ് 2018ലാണ് (യഥാര്‍ത്ഥത്തില്‍ 2015ല്‍) അശ്വിന്‍ അവസാനമായി ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിച്ചത്. അന്നും അവനെ വേണ്ട പോലെ കളിപ്പിച്ചിരുന്നില്ല. ഇക്കഴിഞ്ഞ സീസണില്‍ പോലും അവന്‍ കളിക്കാത്ത മത്സരങ്ങളുണ്ടായിരുന്നു.

ഇത് ഫ്രാഞ്ചൈസി ക്രിക്കറ്റാണെന്ന് എല്ലാവരും മനസിലാക്കണം. എല്ലാവരും അവന്റെ റെക്കോഡുകളെ പ്രശംസിക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷം അവന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി മികച്ച പ്രകടനം നടത്തിയിട്ടില്ല എന്നത് തന്നെയാണ് വസ്തുത,’ ശ്രീകാന്ത് പറഞ്ഞു.

‘അവര്‍ക്ക് മികച്ച ബൗളേഴ്‌സിനെ ആവശ്യമാണ്. കിരീടം നേടാന്‍ സാധിക്കുന്ന ഒരു ടീമിനെയാണ് അവര്‍ പടുത്തുയര്‍ത്താന്‍ ശ്രമിക്കുന്നത്. 2015ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് അശ്വിനോട് വിടപറഞ്ഞപ്പോള്‍ ഇത് ഒരുപോലെ സന്തോഷവും ദുഃഖവും നല്‍കുന്നതാണെന്ന് ആരും തന്നെ പറഞ്ഞിരുന്നില്ല.

അദ്ദേഹം ഒരു ഇതിഹാസമാണ് എന്നതുകൊണ്ട് മാത്രം നിങ്ങള്‍ക്ക് അശ്വിനെ ടീമില്‍ നിലനിര്‍ത്താന്‍ സാധിക്കില്ല. എല്ലാ ടീമുകളും ഇത്തരത്തില്‍ ബുദ്ധിമുട്ടേറിയ തീരുമാനങ്ങളെടുക്കുന്നുണ്ട്. ഇത് ഫ്രാഞ്ചൈസി ക്രിക്കറ്റാണ്. സച്ചിന്‍, ധോണി, കോഹ്‌ലി എന്നിവരെപ്പോലെയുള്ള താരങ്ങളാണ് ഇവിടെ ബഹുമാനിക്കപ്പെടുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, തന്നെ റിലീസ് ചെയ്യാന്‍ അശ്വിന്‍ ടീമിനോടാവശ്യപ്പെട്ടതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പുതിയ സീസണില്‍ ടീമിന്റെ പദ്ധതികളില്‍ നിന്നും തന്നെ ഒഴിവാക്കാന്‍ താരം സി.എസ്.കെ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഐ.പി.എല്‍ 2025 മെഗാ താരലേലത്തിന് മുന്നോടിയായി രാജസ്ഥാന്‍ റോയല്‍സ് കൈവിട്ടുകളഞ്ഞ തങ്ങളുടെ അണ്ണാത്തെയെ ചെന്നൈ സൂപ്പര്‍ കിങ്സ് തിരികെ ചെപ്പോക്കിലെത്തിച്ചിരുന്നു. 9.75 കോടി രൂപയ്ക്കാണ് സൂപ്പര്‍ കിങ്സ് അശ്വിനെ തിരികെ ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ ഒമ്പത് മത്സരങ്ങളില്‍ താരം കളത്തിലിറങ്ങി.

2026 സീസണില്‍ ടീം അശ്വിനെ ട്രേഡ് ചെയ്യുമോ അതോ ലേലത്തില്‍ വിടുമോ എന്ന് കാര്യത്തില്‍ തീര്‍ച്ചയില്ല. മറ്റൊരു ഫ്രാഞ്ചൈസിയിലേക്ക് മാറുമ്പോള്‍ സി.എസ്.കെ അക്കാദമി ഓപ്പറേഷന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് തുടരുന്നത് ഉചിതമല്ല എന്നുള്ളത് കൊണ്ടാണ് താരം ഈ സ്ഥാനം ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്.

Content Highlight: Kris Srikkanth about R Ashwin and Chennai Super Kings

We use cookies to give you the best possible experience. Learn more