സൂപ്പര്‍ പേസര്‍ ടി. നടരാജനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ നായകനും വേള്‍ഡ് കപ്പ് ഹീറോയുമായ ക്രിസ് ശ്രീകാന്ത്. ദല്‍ഹി ക്യാപിറ്റല്‍സില്‍ നിന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദിലേക്ക് ട്രേഡിലൂടെ നടരാജന്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് ശ്രീകാന്തിന്റെ ഈ പ്രസ്താവന.
ലെഗ് സ്പിന്നര്‍ സീഷന്‍ അന്‍സാരിയെ ദല്‍ഹിക്ക് നല്‍കിയാണ് എസ്.ആര്‍.എച്ച് നടരാജനെ സ്വന്തമാക്കിയത്.
തന്റെ യൂട്യൂബ് ചാനലായ ചീക്കി ചീക്കയില്‍ സംസാരിക്കവേയാണ് ശ്രീകാന്ത് നടരാജന്റെ കരിയറിനെ വിലയിരുത്തിക്കൊണ്ട് സംസാരിച്ചത്.
ക്രിസ് ശ്രീകാന്ത്.
‘നടരാജനെ സംബന്ധിച്ച് ഇത് വളരെ മികച്ച കാര്യമാണ്. കാരണം, വര്‍ഷത്തില്‍ ആകമാനം 40 ദിവസം മാത്രമാണ് അയാള്‍ ക്രിക്കറ്റ് കളിക്കുന്നത്. രഞ്ജി ട്രോഫിയില്‍ കളിക്കാതിരുന്നിട്ടും ഐ.പി.എല്ലില്‍ അവര്‍ അയാള്‍ക്ക് നല്ല തുക നല്‍കുന്നുണ്ട്.
കഴിഞ്ഞ രണ്ട് വര്‍ഷമായി നടരാജന്റെ പ്രകടന ഗ്രാഫ് മെല്ലെ താഴോട്ട് വരികയാണ്. പ്രഫുല്‍ ഹിംഗെ, സാകിബ് ഹുസൈന്‍ എന്നിവര്‍ ടീമിലുള്ളപ്പോള്‍ എസ്.ആര്‍.എച്ച് എന്തുകൊണ്ടാണ് നടരാജനെ തിരിച്ചെടുത്തതെന്ന് എനിക്ക് മനസ്സിലാകുന്നില്ല,’ അദ്ദേഹം പറഞ്ഞു.
ടി. നടരാജന്‍
ദല്‍ഹി ക്യാപിറ്റല്‍സിലേക്ക് സീഷന്‍ അന്‍സാരിയെ നല്‍കിയ ട്രേഡ് തീരുമാനത്തെയും ശ്രീകാന്ത് വിമര്‍ശിച്ചു.
‘ഈ നീക്കം കാരണം, സണ്‍റൈസേഴ്‌സ് ഒരുപക്ഷേ ജയദേവ് ഉനദ്കട്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരെ ഒഴിവാക്കിയേക്കാം. പകരം രണ്ട് ചെറുപ്പക്കാരെ എടുത്ത് അവര്‍ ഭാവിയിലേക്ക് പദ്ധതികളുണ്ടാക്കിയേക്കും.
എന്നാല്‍ സീഷന്‍ അന്‍സാരി ദല്‍ഹി ക്യാപ്പിറ്റല്‍സിലേക്ക് പോകുന്നത് നല്ലൊരു തീരുമാനമല്ല. അവിടെ ചെറിയ ഗ്രൗണ്ടായതുകൊണ്ട് അയാള്‍ക്ക് നന്നായി അടികിട്ടും. അതുപോലെ, മാരകമായ യോര്‍ക്കറുകള്‍ എറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ ഹൈദരാബാദിലെ ഫ്‌ളാറ്റ് പിച്ചില്‍ നടരാജനും നന്നായി തല്ലുവാങ്ങും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2020 മുതല്‍ 2024 വരെ സണ്‍റൈസേഴ്‌സിനായി കളിച്ച് ‘ഡെത്ത് ഓവര്‍ സ്പെഷ്യലിസ്റ്റ്’ എന്ന പേരെടുത്ത താരമാണ് നടരാജന്‍. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഫോമും ഫിറ്റ്നസും നഷ്ടപ്പെട്ട താരം ദല്‍ഹി ക്യാപിറ്റല്‍സിനായി കളിച്ച 12 മത്സരങ്ങളില്‍ നിന്ന് അഞ്ച് വിക്കറ്റുകള്‍ മാത്രമാണ് നേടിയത്.
10 വര്‍ഷത്തെ ഐ.പി.എല്‍ കരിയറില്‍ 73 മത്സരങ്ങളുടെ പരിചയസമ്പത്ത് അദ്ദേഹത്തിനുണ്ട്.
ദല്‍ഹി ക്യാപിറ്റല്‍സ് 10.75 കോടി രൂപയ്ക്ക് സ്വന്തമാക്കിയ നടരാജന്റെ മൂല്യം ഈ ട്രേഡിലൂടെ 5 കോടി രൂപയായി കുറഞ്ഞു.
ദല്‍ഹിയിലേക്ക് തട്ടകം മാറിയ ലെഗ് സ്പിന്നര്‍ അന്‍സാരിക്ക് ഐ.പി.എല്‍ 2026 സീസണില്‍ ഒരു മത്സരത്തിലും കളിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ അതിനുമുമ്പത്തെ തന്റെ കന്നി ഐ.പി.എല്‍ സീസണില്‍ പച്ച് മത്സരങ്ങളില്‍ നിന്ന് ആറ് വിക്കറ്റുകള്‍ താരം നേടിയിരുന്നു.
കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് പ്ലേഓഫിലെത്തുകയും എലിമിനേറ്ററില്‍ രാജസ്ഥാന്‍ റോയല്‍സിനോട് തോറ്റ് പുറത്താകുകയും ചെയ്തിരുന്നു. എന്നാല്‍ ദല്‍ഹി ക്യാപിറ്റല്‍സിന് തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ആദ്യ നാലില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല.
Content Highlight: Kris Srikkant slams T Natarajan