| Wednesday, 22nd April 2026, 12:46 am

സച്ചിനെ പോലെ അവനും ക്രിക്കറ്റ് ദൈവമാവും: പ്രസ്താവനയുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍

Sudev A

ഇന്ത്യന്‍ യുവ ക്രിക്കറ്റ് വിസ്മയം വൈഭവ് സൂര്യവംശിയെ ടീമിലെടുക്കണമെന്ന് ബി.സി.സി.ഐയോട് ആവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ക്രിസ് ശ്രീകാന്ത്. വൈഭവിനെ ഉടനെ തന്നെ ടീമിലെടുക്കണമെന്നാണ് അജിത് അഗാര്‍ക്കറുടെ നേത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയോട് ശ്രീകാന്ത് ആവശ്യപ്പെട്ടത്. സച്ചിന്‍ ടെണ്ടുല്‍ക്കറെ പോലെ ക്രിക്കറ്റിന്റെ ദൈവമായി വൈഭവ് മാറുമെന്നും മുന്‍ ഇന്ത്യന്‍ താരം വ്യക്തമാക്കി. ദി വീക്കിന്റെ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.

‘സൂര്യവംശി അല്ലാതെ മറ്റാരെങ്കിലും ഇത്തരം ഷോട്ടുകള്‍ കളിക്കുന്നത് സങ്കല്‍പ്പിച്ചു നോക്കൂ. ആ കുട്ടി വളരെ മികച്ചവനാണ്. അജിത്, നിങ്ങള്‍ ഉടനെ തന്നെ അവനെ ടീമിലെടുക്കണം. അടുത്ത പരമ്പരയില്‍ അവന്‍ കളിക്കണം. ഇന്ത്യക്കായി മത്സരങ്ങള്‍ വിജയിപ്പിക്കാന്‍ അവന് കഴിയും. ബൗളര്‍ ആരാണെന്നത് അവന് ഒരു പ്രശ്‌നമല്ല. ബുംറയെ ആദ്യ പന്തില്‍ തന്നെ അവന്‍ സിക്‌സര്‍ നേടി. വൈഭവ് ഒരു അത്ഭുതമാണ്. 1989 കാലഘട്ടത്തില്‍ ഞാന്‍ ക്യാപ്റ്റനായിരുന്നപ്പോള്‍ ഒരു അത്ഭുത പ്രതിഭയുണ്ടായിരുന്നു. 16 വയസുള്ള സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആയിരുന്നു അത്. അദ്ദേഹം ഇന്ന് ക്രിക്കറ്റിന്റെ ദൈവമാണ്. അതുപോലെ ഈ കുട്ടി ക്രിക്കറ്റിന്റെ ദൈവമാവാന്‍ സാധ്യതയുണ്ട്’, ക്രിസ് ശ്രീകാന്ത് പറഞ്ഞു.

ഐ.പി.എല്ലില്‍ ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി മിന്നും പ്രകടനമാണ് വൈഭവ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ആറ് മത്സരങ്ങളില്‍ നിന്നും 246 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. രണ്ട് ഫിഫ്റ്റിയും താരം സ്വന്തമാക്കിയിട്ടുണ്ട്. നിലവിലെ പ്രകടനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ വൈകാതെ വൈഭവ് ഇന്ത്യന്‍ ടീമിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഐ.പി.എല്ലിന് ശേഷം നടക്കാനിരിക്കുന്ന അയര്‍ലാന്‍ഡിനെതിരായ ടി-20 പരമ്പരയില്‍ ഇന്ത്യയ്ക്ക് വേണ്ടി വൈഭവ് സൂര്യവംശി അരങ്ങേറ്റം നടത്തിയേക്കുമെന്ന റിപ്പോര്‍ട്ടും നിലനില്‍ക്കുന്നുണ്ട്. ഐ.പി.എല്ലിന് ശേഷം പ്രധാന കളിക്കാര്‍ക്ക് വിശ്രമം നല്‍കി സെലക്ടര്‍മാര്‍ ഒരു യുവ ടീമിനെ പരമ്പരയ്ക്ക് അയയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഷഫാലി വര്‍മ എന്നിവരെ മറികടന്ന് ദേശീയ ടീമില്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും സൂര്യവംശി മാറും.

അതേസമയം ഇന്ത്യന്‍ ടി-20 ടീമില്‍ ബി.സി.സി.ഐ വമ്പന്‍ മാറ്റങ്ങള്‍ നടത്താനാണ് ഒരുങ്ങുന്നത്. ടി-20യില്‍ 30-35 താരങ്ങള്‍ അടങ്ങുന്ന സംഘത്തെ തെരഞ്ഞെടുക്കുന്നതിനായി ബി.സി.സിഐ പുതിയ പദ്ധതിയിടുന്നുവെന്നാണ് റിപ്പോര്‍ട്ട്. രണ്ട് ടീമുകളായാണ് ഈ സംഘം കളിക്കുക. ഒരേസമയം ഒന്നിലധികം മത്സരങ്ങള്‍ വരുന്നത് കൊണ്ടാണ് ബി.സി.സി.ഐ ഈ നീക്കം നടത്തുന്നത്. ഏഷ്യന്‍ ഗെയിംസും വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി-20 പരമ്പരയും ഇന്ത്യക്ക് ഒരേസമയമാണ് വരുന്നത്. അതുകൊണ്ട് തന്നെ രണ്ട് ടീമുകളെ കളത്തിലിറക്കാനാണ് ഇന്ത്യയുടെ നീക്കം.

Content Highlight: Kris Srikanth Talks About Vaibav suryavanshi talent

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more