| Sunday, 26th July 2026, 4:53 pm

അവന് നല്‍കുന്ന പിന്തുണ എന്തുകൊണ്ടാണ് സഞ്ജുവിന് ലഭിക്കാത്തത്: ചോദ്യവുമായി മുന്‍ താരം

സുദേവ് എ

ഇന്ത്യന്‍ ടി-20 ടീമില്‍ നിന്നും മലയാളി താരം സഞ്ജു സാംസണിനെ ഒഴിവാക്കിയതിനെ ചോദ്യം ചെയ്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. ലോകകപ്പിലെ പ്ലയെര്‍ ഓഫ് ദി ടൂര്‍ണമെന്റ് ആയിട്ടും എന്തുകൊണ്ടാണ് സഞ്ജുവിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാത്തതെന്നാണ് ശ്രീകാന്ത് ചോദിക്കുന്നത്.

മോശം ഫോമില്‍ കളിച്ചുകൊണ്ടിരിക്കുന്ന അഭിഷേക് ശര്‍മയ്ക്ക് നിരവധി അവസരങ്ങള്‍ നല്‍കുന്നതിനെയും മുന്‍ ഇന്ത്യന്‍ താരം ചോദ്യം ചെയ്തു. അഭിഷേകിന് നല്‍കുന്ന പിന്തുണ എന്തുകൊണ്ട് സഞ്ജുവിന് നല്‍കുന്നില്ലെന്നും ശ്രീകാന്ത് ചോദിച്ചു. തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ലോകകപ്പിന് ശേഷം അഭിഷേകിന്റെ ഇന്റര്‍നാഷണല്‍ പ്രകടനം അത്ര മികച്ചതായിരുന്നില്ല. അദ്ദേഹം കുറച്ച് ഇന്നിങ്‌സുകൾ മാത്രമാണ് മികച്ച രീതിയിൽ കളിച്ചത്. മറുവശത്ത് സാംസണ്‍ ലോകകപ്പിലെ ഏറ്റവും മികച്ച താരമായിരുന്നു. അപ്പോള്‍ എന്തുകൊണ്ടാണ് സഞ്ജുവിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാത്തത്? എന്നാല്‍ അഭിഷേകിന് തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിക്കുകയും ചെയ്തു. അഭിഷേകിന് കൂടുതല്‍ അവസരം നല്‍കുന്നുണ്ടെങ്കില്‍ സഞ്ജുവിനും പിന്തുണ നല്‍കാത്തത് എന്തുകൊണ്ടാണ്? ഒരാള്‍ക്ക് ഒരു മാനദണ്ഡവും മറ്റൊരാള്‍ക്ക് വേറൊരു മാനദണ്ഡവും നല്‍കുന്നത് എന്തുകൊണ്ടാണ്?,’ ക്രിസ് ശ്രീകാന്ത് പറഞ്ഞു.

നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന സിംബാബ്‌വേക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും നിരാശപ്പെടുത്തുന്ന പ്രകടനമാണ് അഭിഷേക് പുറത്തെടുത്തത്. ആദ്യ മത്സരത്തില്‍ എട്ട് പന്തില്‍ ഒരു റണ്‍സും രണ്ടാം മത്സരത്തില്‍ എട്ട് പന്തില്‍ എട്ട് റണ്‍സും നേടിയാണ് താരം മടങ്ങിയത്.

മറുഭാഗത്ത് സഞ്ജു സാംസണ്‍ ഈ പരമ്പരയുടെ ഭാഗമല്ല. അയര്‍ലാന്‍ഡിനെതിരെയും ഇംഗ്ലണ്ടിനെതിരെയുമുള്ള പരമ്പരയിലെ മോശം പ്രകടനങ്ങള്‍ക്ക് പിന്നാലെയാണ് സഞ്ജുവിനെ ടീമില്‍ നിന്നും ഒഴിവാക്കിയത്. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയില്‍ ഒരു മത്സരത്തില്‍ മാത്രമായിരുന്നു സഞ്ജു ഇറങ്ങിയത്. സഞ്ജുവിന് പകരം യുവതാരം വൈഭവ് സൂര്യവംശിയായിരുന്നു ടീമില്‍ ഇടം നേടിയത്.

അതേസമയം സിംബാബ്‌വേക്കെതിരെയുള്ള ടി-20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 90 റണ്‍സിന് സിംബാബ്വേയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ പരമ്പര കൈപ്പിടിയിലാക്കിയത്.

ഹരാരെ സ്പോര്‍ട്സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വേ 129 റണ്‍സിന് പുറത്തായി.

Content Highlight: Kris Srikanth talks about Sanju Samson and Abhishek Sharma performance

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more