| Monday, 11th May 2026, 6:11 pm

അവനെ ടീമില്‍ നിന്നും ഒഴിവാക്കണം: നിര്‍ദേശവുമായി ക്രിസ് ശ്രീകാന്ത്

Sudev A

ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സും ദല്‍ഹി ക്യാപ്പിറ്റല്‍സുമാണ് നേര്‍ക്കുനേര്‍ എത്തുന്നത്. പഞ്ചാബിന്റെ രണ്ടാം തട്ടകമായ ധര്‍മശാലയില്‍ നടക്കുന്ന മത്സരത്തില്‍ വിജയിക്കാനായാല്‍ പഞ്ചാബിന് 15 പോയിന്റുമായി ഒന്നാം സ്ഥാനത്തേക്ക് മുന്നേറാന്‍ സാധിക്കും.

നിലവില്‍ 13 പോയിന്റോടെ നാലാം സ്ഥാനത്താണ് പഞ്ചാബ്. സീസണിന്റെ തുടക്കത്തില്‍ ഏഴ് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഒറ്റ മത്സരം പോലും പരാജയപ്പെടാതെയാണ് പഞ്ചാബ് കുതിച്ചത്. എന്നാല്‍ അവസാനത്തെ മൂന്ന് മത്സരങ്ങളിലും പഞ്ചാബ് തോല്‍വി ഏറ്റുവാങ്ങി.

മറുഭാഗത്ത് ക്യാപിറ്റല്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചിരിക്കുകയാണ്. കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് ദല്‍ഹി പരാജയപ്പെട്ടത്. നിലവില്‍ ക്യാപിറ്റല്‍സ് എട്ട് പോയിന്റുമായി എട്ടാം സ്ഥാനത്താണ്. 11 മത്സരങ്ങളില്‍ നാല് വിജയം മാത്രമാണ് ദല്‍ഹിക്ക് വിജയിക്കാനായത്.

ഏഴ് മത്സരങ്ങള്‍ ടീം പരാജയപ്പെടുകയും ചെയ്തു. ഇപ്പോള്‍ ഈ മത്സരത്തില്‍ മുന്നോടിയായി ദല്‍ഹിയുടെ മലയാളി താരം കരുണ്‍ നായരെ ടീമില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.

‘കരുണ്‍ നായരെ കളിപ്പിച്ചുകൊണ്ട് ദല്‍ഹി ഒരു ടെസ്റ്റ് ക്രിക്കറ്റും അത്തരത്തിലുള്ള താരങ്ങളെയുമാണ് സൃഷ്ടിക്കുന്നത്. ദൈവത്തോട് ഒരു അവസരം കൂടി നല്‍കണമെന്ന് അദ്ദേഹം അപേക്ഷിച്ചു. ദല്‍ഹി ഇത് അദ്ദേഹത്തിന് അനുവദിച്ചുകൊടുക്കുകയും ചെയ്തു. കരുണ്‍ നായര്‍ ഒരിക്കലും ചിത്രത്തില്‍ ഉണ്ടാവരുത്. ആദ്യം അദ്ദേഹത്തെ നിങ്ങളുടെ ടീം കോമ്പിനേഷനില്‍ നിന്നും ഒഴിവാക്കണം,’ ക്രിസ് ശ്രീകാന്ത് പറഞ്ഞു.

ഈ സീസണില്‍ ദല്‍ഹിക്ക് വേണ്ടി രണ്ട് മത്സരങ്ങളില്‍ മാത്രമാണ് കരുണിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്. രണ്ട് ഇന്നിങ്‌സില്‍ 18 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്.

പഞ്ചാബ് കിങ്‌സിനെതിരെയുള്ള മത്സരത്തില്‍ ഫീല്‍ഡിങ്ങിലും താരം പിഴവ് വരുത്തിയിരുന്നു. പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ രണ്ട് ക്യാച്ചുകളായിരുന്നു കരുണ്‍ കൈവിട്ട് കളഞ്ഞത്. ഈ വലിയ വീഴ്ചയിലൂടെ ദല്‍ഹിക്ക് വിജയവും നഷ്ടമായിരുന്നു. ഇരു ടീമുകളും ഈ സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ പഞ്ചാബ് റെക്കോഡ് വിജയമാണ് സ്വന്തമാക്കിയത്.

മത്സരത്തില്‍ കെ.എല്‍. രാഹുലിന്റെ സെഞ്ച്വറി കരുത്തില്‍ ദല്‍ഹി രണ്ട് വിക്കറ്റിന് 264 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് കിങ്സ് ഏഴ് പന്തുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

ടി-20 ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സക്‌സസ്ഫുള്‍ റണ്‍ ചെയ്‌സാണ് പഞ്ചാബ് നടത്തിയത്. തങ്ങളുടെ തന്നെ റെക്കോഡ് തിരുത്തിയെഴുതിയാണ് പഞ്ചാബ് വീണ്ടും ചരിത്രം സൃഷ്ടിച്ചത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ പഞ്ചാബ് 2024ല്‍ 262 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചിരുന്നു. ഈ ചെയ്‌സായിരുന്നു ഇതുവരെ ഈ നേട്ടത്തില്‍ മുന്നിലുണ്ടായിരുന്നത്. ഇതാണ് കിങ്സ് തന്നെ പഴങ്കഥയാക്കിയത്.

Content Highlight: Kris Srikanth Talks about Karun Nair Performance in IPL 2026

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more