ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടി – 20യില്‍ യുവതാരം വൈഭവ് സൂര്യവംശി അരങ്ങേറിയിരുന്നു. മലയാളി താരം സഞ്ജു സാംസണിനെ ഒഴിവാക്കിയായിരുന്നു താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയത്.
ഇപ്പോള്‍ ഇതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. സഞ്ജുവിനെ ടീമില്‍ നിന്ന് ഒഴിവാക്കാന്‍ പാടില്ലായിരുന്നുവെന്നും തിലക് വര്‍മയെയാണ് മാറ്റേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റം ശരിയായ തീരുമാനനമെങ്കിലും സഞ്ജുവിനോട് കാണിച്ചത് നീതികേടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിലകിന് അമിതമായി അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്നും താരത്തെ ഒഴിവാക്കാന്‍ മാനേജ്‌മെന്റിന് ധൈര്യമില്ലെന്നും ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലില്‍ കൂട്ടിച്ചേര്‍ത്തു.
‘സഞ്ജു സാംസണെ ടീമില്‍ നിന്ന് ഒഴിവാക്കാന്‍ പാടില്ലായിരുന്നു. പകരം തിലക് വര്‍മയെയാണ് ഒഴിവാക്കേണ്ടിയിരുന്നത്. ഈ മത്സരത്തില്‍ തിലക് റണ്‍സ് നേടിയിട്ടുണ്ടെങ്കിലും, അവനെ ഒഴിവാക്കി സഞ്ജുവിനെ ടീമില്‍ നിലനിര്‍ത്തണമായിരുന്നു. സഞ്ജുവിനെ ഒഴിവാക്കിയത് തീര്‍ത്തും അനീതിയായിപ്പോയി.
സൂര്യവംശിയെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയത് ശരിയായ തീരുമാനമാണ്, അവന് അരങ്ങേറ്റം നല്‍കേണ്ടതായിരുന്നു. എന്നാല്‍ സഞ്ജുവിനെ ഒഴിവാക്കിയത് നിര്‍ഭാഗ്യകരമാണ്. അവനോട് കാണിച്ചത് നീതികേടാണ്. സൂര്യവംശി മികച്ച പ്രകടനം പുറത്തെടുക്കുന്നത് കൊണ്ട് അവന് ടീമില്‍ സ്ഥാനത്തിന് അര്‍ഹതയുണ്ട്.
തിലകിനെയായിരുന്നു ഒഴിവാക്കേണ്ടിയിരുന്നത്. അവന് അമിതമായ അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. ഒരു സമ്മര്‍ദ്ദവുമില്ലാതെയാണ് അവന്‍ കളിക്കുന്നത്. ഈ മത്സരത്തില്‍ റണ്‍സ് നേടിയതുകൊണ്ട് അവര്‍ അവനെ ഒരു ‘ഫിനിഷര്‍’ എന്ന് മുദ്രകുത്തും. തിലകിനെയാണ് ഒഴിവാക്കേണ്ടിയിരുന്നത്, പക്ഷേ അത് ചെയ്യാനുള്ള ധൈര്യം ടീം മാനേജ്മെന്റിനില്ല,’ ശ്രീകാന്ത് പറഞ്ഞു.
ടി – 20 ലോകകപ്പിന് ശേഷം നടന്ന മൂന്ന് മത്സരങ്ങളില്‍ തിളങ്ങാന്‍ സാധിക്കാതിരുന്നതോടെയാണ് സഞ്ജുവിന് ടീമിലെ സ്ഥാനം നഷ്ടമായത്. പകരമെത്തിയ വൈഭവ് പത്ത് പന്തില്‍ 14 റണ്‍സുമായി പുറത്തായിരുന്നു. മത്സരത്തില്‍ 11 പന്തില്‍ 24 റണ്‍സുമായി തിലക് പുറത്താവാതെ നിന്നു.
Content Highlight: Kris Srikanth says Tilak Varma should have dropped instead of Sanju Samson