| Friday, 12th September 2025, 8:19 am

സഞ്ജുവിന് തിളങ്ങാനാവില്ല, അവനെ പുറത്താക്കി ശ്രേയസിനെ ടീമിലെത്തിക്കാനാണ് നീക്കം: ക്രിസ് ശ്രീകാന്ത്

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ സഞ്ജു സാംസണിനെ ടീമില്‍ ഉള്‍പ്പെടുത്തിയത് ശ്രേയസ് അയ്യരിന് ടീമിലേക്ക് വഴിയൊരുക്കാനാണെന്ന് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. അഞ്ചാം നമ്പറില്‍ സഞ്ജുവിന് അധികം തിളങ്ങാനായിട്ടില്ലെന്നും അത് താരത്തിന്റെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു.

‘സഞ്ജുവിനെ അഞ്ചാം നമ്പറില്‍ ഇറക്കുന്നത് ശ്രേയസ് അയ്യരിനെ ടീമില്‍ തിരിച്ചെത്തിക്കാനാണ് എന്നാണ് എനിക്ക് തോന്നുന്നത്. അവന്‍ അഞ്ചാം നമ്പറില്‍ അധികം ബാറ്റ് ചെയ്തിട്ടില്ല, അവിടെ കളിക്കേണ്ട ഒരു താരവുമല്ല സഞ്ജു.

ഞാന്‍ അവന്റെ പുതിയ പൊസിഷനില്‍ ഒട്ടും സന്തോഷവാനല്ല. ഇത് ചിലപ്പോള്‍ അവന് ലഭിക്കുന്ന അവസാന അവസരമാകാം. അടുത്ത മത്സരങ്ങളില്‍ സ്‌കോര്‍ ചെയ്യാനായില്ലെങ്കില്‍ സഞ്ജുവിന് പകരക്കാരനായി ശ്രേയസ് ടീമിലെത്തും,’ ശ്രീകാന്ത് പറഞ്ഞു.

സഞ്ജുവിനെ മധ്യനിരയില്‍ ഇറക്കി ഫിനിഷറായി കളിപ്പിക്കാനാണോ ഇന്ത്യ ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. അതിനായി ടീമില്‍ ഹര്‍ദിക് പാണ്ഡ്യയും ശിവം ദുബെയുമുണ്ട്. ഈ സ്ഥാനത്ത് അവന്‍ മികച്ച പ്രകടനം നടത്തുമോയെന്നത് ഒരു ചോദ്യ ചിഹ്നമാണ്. ജിതേഷിന് പകരം സഞ്ജുവിനെ ടീമില്‍ കൊണ്ടുവന്നത് ഏഷ്യാ കപ്പില്‍ കുഴപ്പമില്ലെന്നും എന്നാല്‍ ടി – 20 ലോകകപ്പില്‍ എന്ത് സംഭിക്കുമെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

യു.എ.ഇക്കെതിരായ മത്സരത്തില്‍ സഞ്ജു സാംസണ്‍ മധ്യനിരയിലാണ് ടീമില്‍ എത്തിയത്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി ടോപ് ഓര്‍ഡറിലാണ് താരം കളിക്കുന്നത്. ഇവിടെ മികച്ച പ്രകടനങ്ങള്‍ നടത്താനും മലയാളി താരത്തിന് സാധിച്ചു.

ഈ ഏഷ്യാ കപ്പില്‍ ശുഭ്മന്‍ ഗില്‍ ടീമില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് സഞ്ജുവിന് ഓപ്പണിങ്ങില്‍ നിന്ന് മധ്യനിരയിലേക്ക് ഇറങ്ങേണ്ടി വന്നത്. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ താരത്തിന് ബാറ്റിങ്ങില്‍ അവസരം ലഭിച്ചിരുന്നില്ല.

എന്നാല്‍, ഫീല്‍ഡിങ്ങില്‍ വിക്കറ്റ് കീപ്പറായി എത്തി മികച്ച പ്രകടനം നടത്തിയിരുന്നു. മത്സരത്തില്‍ താരം രണ്ട് ക്യാച്ചുകള്‍ എടുത്തിരുന്നു. ഒരു റണ്‍ ഔട്ട് ഇനീഷ്യേറ്റ് ചെയ്തിരുന്നെങ്കിലും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് അപ്പീല്‍ പിന്‍വലിച്ചു.

Content Highlight: Kris Srikanth says Indian Cricket team trying to make way for Shreyas Iyer by making Sanju Samson to bat no.5

We use cookies to give you the best possible experience. Learn more